Top

'അന്ന് കണ്ണന്താനം 'ജീസസ് ക്രൈസ്റ്റ് ദി സൂപ്പര്‍ സ്റ്റാര്‍' നിരോധിച്ചു'; വെല്ലുവിളിച്ച് കോടതി അനുമതി നേടി നാടകം സ്‌കൂളിലെത്തിച്ച് മേരി റോയ്

''നമ്മുടെ ഇടയില്‍ ജീവിച്ചിരുന്ന കാതലുള്ള ഒരു ധിക്കാരിയാണ് ഇന്ന് നമ്മെ വിട്ടു പിരിഞ്ഞത്. ''

1 Sep 2022 10:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അന്ന് കണ്ണന്താനം ജീസസ് ക്രൈസ്റ്റ് ദി സൂപ്പര്‍ സ്റ്റാര്‍ നിരോധിച്ചു; വെല്ലുവിളിച്ച് കോടതി അനുമതി നേടി നാടകം സ്‌കൂളിലെത്തിച്ച് മേരി റോയ്
X

മേരി റോയിയുടെ സ്‌കൂളിലെ 'ജീസസ് ക്രൈസ്റ്റ് ദി സൂപ്പര്‍ സ്റ്റാര്‍' എന്ന നാടകത്തിന് ഏര്‍പ്പെടുത്തിയ നിരോധനം, അവര്‍ കോടതി ഉത്തരവോടെ മറികടന്ന സംഭവം വിവരിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി.

നാടകത്തിന്റെ പേരില്‍ അക്കാലത്ത് ക്രിസ്ത്യന്‍ വര്‍ഗീയവാദികള്‍ വലിയ കോലാഹലം ഉണ്ടാക്കി. തുടര്‍ന്ന് അന്ന് കോട്ടയം കളക്ടര്‍ ആയിരുന്ന അല്‍ഫോന്‍സ് കണ്ണന്താനം സ്‌കൂള്‍ നാടകം നിരോധിച്ചു. ഇത് മേരി റോയ് ഒരു കോടതി വിധിയുടെ അനുവാദത്തോടെ സ്‌കൂളില്‍ നടത്തുക തന്നെ ചെയ്‌തെന്ന് എംഎ ബേബി പറഞ്ഞു.

കേരളസമൂഹത്തില്‍ സ്ത്രീകള്‍ക്ക് തുല്യ ഇടത്തിനായി ജീവിച്ച പോരാളിയായിരുന്നു മേരി റോയ് എന്നും എംഎ ബേബി പറഞ്ഞു. നമ്മുടെ ഇടയില്‍ ജീവിച്ചിരുന്ന കാതലുള്ള ഒരു ധിക്കാരിയാണ് ഇന്ന് വിട്ടു പിരിഞ്ഞത്. മേരി റോയിയുടെ നിര്യാണത്തില്‍ മകള്‍ അരുന്ധതി റോയിക്കും മറ്റ് കുടുംബാംഗങ്ങളോടും അനുശോചനം അറിയിക്കുന്നെന്നും എംഎ ബേബി പറഞ്ഞു.

എംഎ ബേബി പറഞ്ഞത്: കേരളസമൂഹത്തില്‍ സ്ത്രീകള്‍ക്ക് തുല്യ ഇടത്തിനായി ജീവിച്ച പോരാളിയായിരുന്നു മേരി റോയ്. തിരുവിതാംകൂര്‍ ക്രിസ്ത്യന്‍ പിന്തുടര്‍ച്ചാവകാശനിയമം പിന്തുടര്‍ന്നു വന്നിരുന്ന സുറിയാനി ക്രിസ്ത്യാനി സ്ത്രീകള്‍ക്ക് പിതാവിന്റെ സ്വത്തില്‍ അവകാശം ഇല്ല എന്ന സമ്പ്രദായത്തെ ചോദ്യം ചെയ്യുക മൂലം കേരളത്തിലെ പുരുഷാധിപത്യത്തിന്റെ ഒരു നെടുംതൂണിനെയാണ് മേരി റോയ് വെല്ലുവിളിച്ചത്.

1952ലെ ഇന്ത്യാ ആക്ടില്‍ ഈ തിരുവിതാംകൂര്‍ പിന്തുടര്‍ച്ചാവകാശനിയമം ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാല്‍ ആണ്‍പെണ്‍ മക്കള്‍ക്ക് തുല്യ സ്വത്തവകാശം ചട്ടപ്പെടുത്തുന്ന ഇന്ത്യന്‍ പിന്തുടര്‍ച്ചിവകാശനിയമം ആണ് തിരുവിതാംകൂറിലെ സുറിയാനി ക്രിസ്ത്യാനികള്‍ക്കും ബാധകം എന്നായിരുന്നു സുപ്രീം കോടതിയുടെ നിര്‍ണായകമായ വിധി. 1952ലെ ഇന്ത്യാ ആക്ടില്‍ പട്ടികപ്പെടുത്തിയിട്ടില്ലാത്ത നാട്ടുരാജ്യനിയമങ്ങള്‍ നിലനില്‍ക്കുന്നില്ല എന്ന സാങ്കേതികപ്രശ്‌നത്തില്‍ ഊന്നിയായിരുന്നു ഈ വിധി.

കോട്ടയത്ത് മേരി റോയ് ആരംഭിച്ച കോര്‍പ്പസ് ക്രിസ്റ്റി എന്ന വിദ്യാലയം പിന്നീട് പള്ളിക്കൂടം എന്ന് പേരുമാറ്റി തുടര്‍ന്നു. കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ സാഹസികമായ ഒരു പരീക്ഷണം ആയിരുന്നു ഇത്.

ജീസസ് ക്രൈസ്റ്റ് ദി സൂപ്പര്‍ സ്റ്റാര്‍ എന്ന പേരില്‍ ഈ സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച ഒരു നാടകത്തിന്റെ പേരില്‍ അക്കാലത്ത് ക്രിസ്ത്യന്‍ വര്‍ഗീയവാദികള്‍ വലിയ കോലാഹലം ഉണ്ടാക്കി. അന്ന് കോട്ടയം കളക്ടര്‍ ആയിരുന്ന അല്‍ഫോന്‍സ് കണ്ണന്താനം ഈ സ്‌കൂള്‍ നാടകം നിരോധിച്ചു. വെല്ലുവിളികള്‍ ഏറ്റെടുക്കുന്നതില്‍ ഒരിക്കലും മടിയില്ലാത്ത മേരി റോയ് ഒരു കോടതി വിധിയുടെ അനുവാദത്തോടെ ആ നാടകം സ്‌കൂളില്‍ നടത്തുക തന്നെ ചെയ്തു.

നമ്മുടെ ഇടയില്‍ ജീവിച്ചിരുന്ന കാതലുള്ള ഒരു ധിക്കാരിയാണ് ഇന്ന് നമ്മെ വിട്ടു പിരിഞ്ഞത്. മേരി റോയിയുടെ നിര്യാണത്തില്‍ മകള്‍ അരുന്ധതി റോയിക്കും മറ്റ് കുടുംബാംഗങ്ങളോടും എന്റെ അനുശോചനം അറിയിക്കുന്നു.



Next Story

Popular Stories