'അത് അമിത് ഷായുടെ ദിവാ സ്വപ്നം മാത്രം'; എംഎ ബേബിയുടെ മറുപടി
കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ചു നിന്നിട്ടും അതിനെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അതിജീവിച്ചതാണെന്നും ബേബി.
4 Sep 2022 9:49 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംസ്ഥാനത്ത് താമര വിടരുമെന്നത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ദിവാ സ്വപ്നം മാത്രമാണെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. കേരളത്തിലെ ആകെയുള്ള ഒരു മണ്ഡലത്തിലെ താമര കൊഴിഞ്ഞു പോയത് അമിത് ഷാ അറിഞ്ഞില്ലേയെന്നും എംഎ ബേബി ചോദിച്ചു.
കമ്യൂണിസം ലോകത്ത് നിന്നും തകര്‍ന്നു എന്നത് ദിവാസ്വപ്നം മാത്രമാണ്. കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ചു നിന്നിട്ടും അതിനെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അതിജീവിച്ചതാണെന്നും ബേബി പറഞ്ഞു. ബിജെപി വളരുന്നത് എംഎല്‍എമാരെ പണം നല്കി വാങ്ങി കൂട്ടിയാണെന്നും എംഎ ബേബി കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ താമര വിരിയുന്ന ദിവസം വിദൂരമല്ലെന്നാണ് അമിത് ഷാ പറഞ്ഞത്. കഴക്കൂട്ടത്ത് ഇന്നലെ പട്ടികജാതി മോര്‍ച്ചയുടെ പട്ടികജാതി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
രാജ്യത്ത് കോണ്‍ഗ്രസ് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. ലോകത്ത് നിന്ന് കമ്യൂണിസവും അപ്രത്യക്ഷമാകുന്നു. ഇന്ത്യയില്‍ ഇനി ഭാവിയുള്ളത് ബിജെപിക്ക് മാത്രമാണ്. കഴിഞ്ഞ എട്ട് വര്‍ഷമായി മോദി സര്‍ക്കാര്‍ ദരിദ്രര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. രാഷ്ട്രപതിയെ തെരഞ്ഞെടുക്കാന്‍ ആദ്യമായി അവസരം കിട്ടിയപ്പോള്‍ മോദി സര്‍ക്കാര്‍ തെരഞ്ഞെടുത്തത് പട്ടിക ജാതിക്കാരനായ ആളെയാണെന്നും അമിത് ഷാ പറഞ്ഞിരുന്നു.