Top

'വിവാദങ്ങളില്‍ കഴമ്പുള്ളതായി തോന്നുന്നില്ല'; ഇ പി ജയരാജനെതിരെയുള്ള സാമ്പത്തിക ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് എം എ ബേബി

അത്തരമൊരു ആരോപണത്തിന് യാതൊരു സാധ്യതയും കാണുന്നില്ലെന്ന് എം എ ബേബി

24 Dec 2022 12:05 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിവാദങ്ങളില്‍ കഴമ്പുള്ളതായി തോന്നുന്നില്ല; ഇ പി ജയരാജനെതിരെയുള്ള സാമ്പത്തിക ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് എം എ ബേബി
X

തിരുവനന്തപുരം: ഇ പി ജയരാജനെതിരെയുള്ള സാമ്പത്തിക ആരോപണത്തെക്കുറിച്ച് അറിയില്ലെന്ന് സിപിഐഎം പിബി അംഗം എം എ ബേബി. സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കാത്തതിനാല്‍ അത്തരത്തിലുള്ള ആരോപണങ്ങള്‍ അറിയില്ലെന്നും ചില ആളുകള്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് അറിവുള്ളതെന്നും എം എ ബേബി പ്രതികരിച്ചു.

നിലവിലെ വിവാദങ്ങളില്‍ കഴമ്പുള്ളതായി തോന്നുന്നില്ലെന്ന് എം എ ബേബി പറഞ്ഞു. താന്‍ തമിഴ്‌നാട്ടിലായിരുന്നു. അവിടുത്തെ പരിപാടിയില്‍ പങ്കെടുത്ത ശേഷം വന്നതാണ്. ചിലര്‍ വിളിച്ചുപറഞ്ഞതനുസരിച്ച് സംസ്ഥാന കമ്മിറ്റിയുമായി ബന്ധപ്പെട്ടു. വിവാദം നിങ്ങളെല്ലാവരും ചേര്‍ന്നുണ്ടാക്കിയതല്ലേയെന്നും തനിക്കറിയില്ലെന്നും എം എ ബേബി കൂട്ടിച്ചേര്‍ത്തു.

അത്തരമൊരു ആരോപണത്തിന് യാതൊരു സാധ്യതയും കാണുന്നില്ലെന്ന് സിപിഐഎം പി ബി അംഗം വ്യക്തമാക്കി. മാധ്യമങ്ങള്‍ തന്നെ തെറ്റ് തിരുത്തുമെന്നാണ് താന്‍ കരുതുന്നതെന്നും എം എ ബേബി പറഞ്ഞു.

ഇ പി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നായിരുന്നു ആരോപണം. വ്യാഴാഴ്ച നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഗുരുതര ആരോപണം ഉയര്‍ന്നത്. പരാതി എഴുതി നല്‍കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കെയര്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിയെ മറയാക്കി ഇപി ജയരാജന്‍ കോടികളുടെ അഴിമതി നടത്തിയെന്ന് പി ജയരാജന്‍ ആരോപിച്ചു.

കണ്ണൂരില്‍ ജയരാജന്റെ വീടിന് സമീപത്തുള്ള വിലാസത്തിലാണ് കണ്ണൂര്‍ ആയുര്‍വേദ ലിമിറ്റഡ് എന്ന കമ്പനി 2014ല്‍ സ്ഥാപിതമായത്. ഇപി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടര്‍മാരായ കമ്പനിയാണ് റിസോര്‍ട്ടിന്റെ നടത്തിപ്പുകാര്‍ എന്നാണ് ആരോപണം. ഏറ്റവും ആധികാരികതയോടെയാണ് ആരോപണം ഉന്നയിക്കുന്നതെന്നും പി ജയരാജന്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ അന്വേഷണം വേണമെന്നും നടപടിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന കമ്മിറ്റിയില്‍ ഇ പി ജയരാജന്‍ പങ്കെടുത്തിരുന്നില്ല. സംസ്ഥാന കമ്മിറ്റിയിലെ ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞ സംസ്ഥാന സെക്രട്ടറി ആരോപണം രേഖാമൂലമുള്ള പരാതിയായി നല്‍കിയാല്‍ അന്വേഷിക്കുമെന്ന് വ്യക്തമാക്കി.

Story highlights:

Next Story