Top

'താങ്കളുടെ നേതൃത്വത്തിലെ കോണ്‍ഗ്രസ് ആര്‍എസ്എസ് ചട്ടുകമാവരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു': പ്രതിപക്ഷ നേതാവിനോട് എംഎ ബേബി

''കേരളത്തിലെ ഉന്നതരാഷ്ട്രീയബോധത്തെക്കുറിച്ച് എന്തെങ്കിലും മതിപ്പ് ഉണ്ടെങ്കില്‍ ഇത്തരം ദുരന്തനാടകങ്ങള്‍ അവസാനിപ്പിക്കണം.''

12 Jun 2022 2:31 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

താങ്കളുടെ നേതൃത്വത്തിലെ കോണ്‍ഗ്രസ് ആര്‍എസ്എസ് ചട്ടുകമാവരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു: പ്രതിപക്ഷ നേതാവിനോട് എംഎ ബേബി
X

കേരളത്തിലെ കോണ്‍ഗ്രസ് ആര്‍എസ്എസിന്റെ ചട്ടുകം ആവരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനോട് അഭ്യര്‍ത്ഥിച്ച് തുറന്ന കത്തുമായി എംഎ ബേബി. ആര്‍എസ്എസിന്റെ കയ്യിലെ പാവയായ സ്ത്രീ പറയുന്ന കാര്യങ്ങള്‍ ഏറ്റുപിടിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാന്‍ അണികളെ കയറൂരി വിടുക എന്നതാണോ രാഷ്ട്രീയകടമയെന്നും എംഎ ബേബി ചോദിച്ചു. കേരളത്തിലെ ഉന്നതരാഷ്ട്രീയബോധത്തെക്കുറിച്ച് എന്തെങ്കിലും മതിപ്പ് ഉണ്ടെങ്കില്‍ ഇത്തരം ദുരന്തനാടകങ്ങള്‍ അവസാനിപ്പിക്കണമെന്നും ഒന്നാമത്തെ കടമ ആര്‍എസ്എസിനെതിരായ പോരാട്ടമാണെന്ന് തീരുമാനിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നെന്നും എംഎ ബേബി പറഞ്ഞു.

എംഎ ബേബിയുടെ തുറന്ന കത്ത്: പ്രിയപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശന്‍,

കോണ്‍ഗ്രസിന്റെ ഒരു നേതാവ് എന്ന നിലയില്‍ ഇന്ത്യന്‍ ജനാധിപത്യം ഇന്ന് നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് താങ്കള്‍ ബോധവാനാണ് എന്നാണ് ഞാന്‍ കരുതുന്നത്. ഈ കാലത്ത് കേരളത്തിലെ കോണ്‍ഗ്രസ് താങ്കളുടെ നേതൃത്വത്തില്‍ ആര്‍എസ്എസിന്റെ ചട്ടുകം ആവരുത് എന്ന് അഭ്യര്‍ത്ഥിക്കാനാണ് ഞാന്‍ നിങ്ങള്‍ക്ക് എഴുതുന്നത്. ആര്‍എസ്എസിന്റെ കയ്യിലെ പാവയായ ഒരു സ്ത്രീ പറയുന്ന കാര്യങ്ങള്‍ ഏറ്റുപിടിച്ച് കേരളത്തിലെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെ തെരുവില്‍ ആക്രമിക്കാന്‍ അണികളെ കയറൂരി വിടുക എന്നതാണോ ഇന്നത്തെ നിങ്ങളുടെ രാഷ്ട്രീയകടമ?

2025ല്‍ ആര്‍എസ്എസ് സ്ഥാപനത്തിന്റെ നൂറാം വാര്‍ഷികമാണ്. ഹിന്ദു രാഷ്ട്രം എന്ന ആര്‍എസ്എസ് ലക്ഷ്യം നേടുന്നതില്‍ വലിയ ചുവടുവയ്പുകള്‍ അന്നേക്ക് നേടണം എന്നതില്‍ ഈ അര്‍ധ ഫാസിസ്റ്റ് മിലിഷ്യയ്ക്ക് താല്പര്യമുണ്ട്. അതിനുള്ള നടപടികള്‍ ഒന്നൊന്നായി അവര്‍ എടുത്തുവരുന്നു. ഇന്ത്യയുടെ ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും ആധാരശിലയായ മതനിരപേക്ഷ രാഷ്ട്രസങ്കല്പം റദ്ദു ചെയ്യുന്നതില്‍ അവര്‍ വളരെയേറെ മുന്നോട്ടുപോയി. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ ബാബറി മസ്ജിദ് പൊളിച്ചുകൊണ്ട് ഇന്ത്യയിലെ ജനങ്ങളെ അവര്‍ മതാടിസ്ഥാനത്തില്‍ വിഭജിച്ചു. തുടര്‍ന്ന് നടന്ന വര്‍ഗീയലഹളകളെയെല്ലാം ആര്‍എസ്എസ് അവരുടെ സങ്കുചിത രാഷ്ട്രീയവീക്ഷണം പരത്താനാണ് ഉപയോഗിച്ചത്. ഗുജറാത്തില്‍ നടത്തിയ ലഹള അടക്കമുള്ള കൂട്ടക്കൊലകള്‍ ഉപയോഗിച്ച് ബിജെപി ഇന്ത്യയിലെ ഭരണകക്ഷിയായി.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് അതിനെ ഒരു കേന്ദ്രഭരണപ്രദേശമായി തരംതാഴ്ത്തുക പൗരത്വാവകാശത്തില്‍ ന്യുനപക്ഷങ്ങള്‍ക്ക് നേരെ വിവേചനം കൊണ്ടുവരിക എന്നിവയില്‍ തുടങ്ങി നിത്യജീവിതത്തില്‍ മതന്യൂനപക്ഷത്തില്‍ പെടുന്നവരെയും മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരെയും ദലിത് പിന്നോക്ക വിഭാഗങ്ങളെയും തൊഴിലാളികളെയും വിദ്യാര്‍ത്ഥികളെയും ബുദ്ധിജീവികളെയും അരക്ഷിതരാക്കുന്നതില്‍ എത്തിനില്ക്കുകയാണ് ആര്‍എസ്എസുകാര്‍ നടത്തുന്ന ഭരണം. കൂടുതല്‍ പള്ളികള്‍ പൊളിച്ച് കൂടുതല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാക്കാന്‍ അവര്‍ പരിപാടികള്‍ ആസൂത്രണം ചെയ്തു വരുന്നു. ഏകീകൃത സിവില്‍ കോഡ് അടിച്ചേല്‍പ്പിച്ച് ന്യൂനപക്ഷമതാവകാശങ്ങളുടെയും ആദിവാസികളുടെയും മറ്റ് പാര്‍ശ്വവല്കൃതരുടെയും സാമൂഹ്യജീവിതം ക്രിമിനലൈസ് ചെയ്യാനും അവര്‍ ശ്രമിക്കുന്നു.

ഇന്ത്യയുടെ സാമ്പത്തിക നില, മന്‍മോഹന്‍ സിംഗ് പറഞ്ഞപോലെ ഓടുന്ന വണ്ടിയുടെ ടയറില്‍ വെടിവച്ചു പഞ്ചറാക്കിയത് മോദി ഭരണമാണ്. താങ്ങാനാവാത്ത വിലക്കയറ്റവും ഒരിക്കലുമില്ലാത്ത തൊഴിലില്ലായ്മയും രാജ്യത്തെ ശ്വാസം മുട്ടിക്കുമ്പോള്‍ ഇസ്ലാം മതപ്രവാചകനെ നിന്ദിച്ചു പ്രകോപനം ഉണ്ടാക്കി രാജ്യത്തെ അടിയന്തര പ്രശ്‌നം ഹിന്ദുമുസ്ലിം തര്‍ക്കം ആക്കാനുള്ള ഗൂഡപദ്ധതിയിലാണ് സംഘപരിവാര്‍. ഇത് എഴുതുമ്പോള്‍ ഉത്തരപ്രദേശില്‍ പ്രയാഗ്രാജില്‍ (അലഹബാദ്) ജെഎന്‍യുവിലെ ഒരു വിദ്യാര്‍ത്ഥിനി നേതാവിന്റെ വീട് ബുള്‍ഡോസര്‍ ഇറക്കി ഇടിച്ചു നിരത്തുകയാണ്.

പ്രവാചകനിന്ദയ്‌ക്കെതിരെ പ്രതികരിച്ചു എന്ന കുറ്റത്തിന് കേസും കോടതിയും വിചാരണയും ഇല്ലാതുള്ള ശിക്ഷ നടപ്പാക്കല്‍! നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യം ഈ വെല്ലുവിളി നേരിടുമ്പോള്‍ കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ പാര്‍ലമെന്റ് അംഗങ്ങളെ നല്കിയ കേരളത്തിലെ കോണ്‍ഗ്രസ് എന്താണ് ചെയ്യുന്നത്? ഇരുപതില്‍ പത്തൊമ്പത് എംപിമാരെ നിങ്ങളുടെ മുന്നണിക്ക് തന്നത് അര്‍ധഫാസിസ്റ്റ് വാഴ്ചയ്ക്ക് എതിരെ നിങ്ങള്‍ ഒരു ശക്തി ആവും എന്ന് തെറ്റിദ്ധരിച്ചാണ്. പക്ഷേ, നിങ്ങള്‍ ആര്‍എസ്എസുമായി ഗൂഢാലോചന നടത്തി അവരോടൊപ്പം തെരുവില്‍ അഴിഞ്ഞാട്ടം നടത്തുകയാണ്.

കേരളത്തിലെ ഉന്നതരാഷ്ട്രീയബോധത്തെക്കുറിച്ച് എന്തെങ്കിലും മതിപ്പ് ഉണ്ടെങ്കില്‍ ഇത്തരം ദുരന്തനാടകങ്ങള്‍ അവസാനിപ്പിക്കണമെന്നും ഒന്നാമത്തെ കടമ ആര്‍എസ്എസിനെതിരായ പോരാട്ടമാണെന്ന് തീരുമാനിക്കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

ആദരപൂര്‍വ്വം, എം എ ബേബി...


Next Story