'ഗോത്രജീവിതം ഇത്രയേറെ പകര്‍ത്തിവെച്ച മറ്റൊരു എഴുത്തുകാരന് ഇല്ല'; നാരായന്റെ വിടവ് നികത്താന്‍ യുവാക്കള്‍ വരണമെന്ന് എംഎ ബേബി
ഇന്ത്യന്‍ ഭാഷകളില്‍ ഒരു നോവല്‍ എഴുതിയ ആദ്യത്തെ ഗോത്ര സമുദായാംഗമാണ് നാരായനെന്ന് എംഎ ബേബി ഫേസ്ബുക്ക് പേജില്‍ കുറിച്ചു
16 Aug 2022 4:17 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊല്ലം: പ്രശസ്ത എഴുത്തുകാരന് നാരായന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് എംഎ ബേബി. ഇന്ത്യന്‍ ഭാഷകളില്‍ ഒരു നോവല്‍ എഴുതിയ ആദ്യത്തെ ഗോത്ര സമുദായാംഗമാണ് നാരായനെന്ന് എംഎ ബേബി ഫേസ്ബുക്ക് പേജില്‍ കുറിച്ചു. നാരായന് മുമ്പ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇംഗ്ലീഷ് എഴുത്തുകാര്‍ മാത്രമെ ഗോത്ര സമുദായത്തില്‍ നിന്ന് ഇങ്ങനെ ഒരു ആധുനിക ബൃഹദാഖ്യാനം നടത്തിയിട്ടുള്ളുവെന്നും അദ്ദഹം പറഞ്ഞു.
കേരളത്തിലെ ഗോത്ര സമൂഹമായ മലയരയന്മാരുടെ ജീവിതത്തെക്കുറിച്ച് അതേ ഗോത്രത്തില്‍ തന്നെ ഉള്ള ഒരാള്‍ എഴുതിയ നോവല്‍ ആണ് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച 'കൊച്ചരേത്തി'. കൊച്ചരേത്തി എന്ന നോവലിലൂടെ നാരായന് വച്ച ഈ വലിയ ചുവടുവയ്പ്, കൊളോണിയല്‍ കാലത്ത് ഇന്ദുലേഖ എന്ന നോവല്‍ മലയാളത്തില്‍ എഴുതിക്കൊണ്ട് ചന്തുമേനോന്‍ നടത്തിയ കാല്‍വയ്പിന് സമാനമാണെന്ന് എംഎ ബേബി ചൂണ്ടിക്കാട്ടി.
ഗോത്രജീവിതം ഇത്രയേറെ പകര്‍ത്തി വച്ച മറ്റൊരു എഴുത്തുകാരന് ഇല്ലെന്നും അദ്ദേഹത്തിന്റെ നിര്യാണം മലയാളഭാഷയ്ക്കും കേരളസമൂഹത്തിനും ഉണ്ടാക്കുന്ന വിടവ് നികത്താന്‍ പുതിയ തലമുറയില്‍ നിന്ന് എഴുത്തുകാര്‍ ഉണ്ടായി വരണമെന്നും എംഎ ബേബി ഫേസ് പോസ്റ്റിലൂടെ അറിയിച്ചു.
എറണാകുളം എളമക്കരയിലെ വസതിയില്‍ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു നാരായന്റെ അന്ത്യം. 82 വയസായിരുന്നു. കോവിഡ് ബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.
STORY HIGHLIGHTS: MA Baby condoles Narayan's demise