Top

എസ്എഫ്‌ഐ നടപടി ഒരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്ന് എംഎ ബേബി; ഓഫീസ് തകര്‍ത്തതുകൊണ്ട് ഒരു പരിഹാരവും കാണാനാവില്ലെന്ന് ശ്രേയാംസ് കുമാര്‍

24 Jun 2022 2:30 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എസ്എഫ്‌ഐ നടപടി ഒരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്ന് എംഎ ബേബി; ഓഫീസ് തകര്‍ത്തതുകൊണ്ട് ഒരു പരിഹാരവും കാണാനാവില്ലെന്ന് ശ്രേയാംസ് കുമാര്‍
X

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച എസ്എഫ്‌ഐ നടപടി ഒരു കാരണവശാലും ന്യായീകരിക്കാനാവില്ലെന്ന് സിപിഐഎം നേതാവ് എംഎ ബേബി. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ രാഷ്ട്രീയ അസംബന്ധമാണ്. ഇത് മനസ്സിലാക്കാനുള്ള സാംസ്‌കാരിക സാക്ഷരത കേരളത്തിലെ ജനങ്ങള്‍ക്കുണ്ട് എന്നും ബേബി പറഞ്ഞു.

എസ്എഫ്‌ഐ ആക്രമണം ഒരുവിധം ന്യായീകരിക്കാനാവില്ലെന്ന് എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. പ്രതിഷേധങ്ങളും സമരങ്ങളും നടത്താനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെങ്കിലും അത് നിയമം കൈയ്യിലെടുത്തുകൊണ്ടാവരുത് എന്നും അദ്ദേഹം പറഞ്ഞു.

എംപിയുടെ ഓഫീസ് അടിച്ചുതകര്‍ത്തതുകൊണ്ട് ഒരു പ്രശ്‌നത്തിനും പരിഹാരം കാണാനാവില്ല. ഇത്തരം അക്രമസമരങ്ങള്‍ കേരളത്തിലെ സമരചരിത്രത്തിന് നേരെ അപവാദമാണ്. ഇ സംഭവത്തില്‍ അടിയന്തിരമായി കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.

ബഫര്‍സോണ്‍ വിഷയത്തില്‍ വയനാട്ടിലെ പ്രാദേശിക സമൂഹങ്ങളുടെയും അവരുടെ ജീവനോപാദികളുടെയും ദുസ്ഥിതി ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് താന്‍ കത്തയച്ചിരുന്നതായി വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിക്കും ഇക്കാര്യത്തില്‍ കത്തയച്ചതായും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'പരിസ്ഥിതിലോല മേഖലയുടെ കുറഞ്ഞ വീതി സംബന്ധിച്ച വ്യവസ്ഥ ഇളവുചെയ്യണമെന്ന് കേന്ദ്ര ഉന്നതാധികാര സമിതിയോടും പരിസ്ഥിതി മന്ത്രാലയത്തോടും ആവശ്യപ്പെട്ട് ദു:സ്ഥിതി നേരിടുന്നവരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാറിനും കേന്ദ്ര സര്‍ക്കാരിനും കഴിയും. ഇവരുടെ ശിപാര്‍ശയാണ് സുപ്രീം കോടതി പരിഗണിക്കുക. ജനങ്ങളുടെ ന്യായമായ വികസനാവശ്യങ്ങളും പരിസ്ഥിതി സംരക്ഷണ ലക്ഷ്യങ്ങളും സന്തുലിതമായി പരിപാലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്.', രാഹുല്‍ ഗാന്ധിയുടെ കത്തിങ്ങനെയാണ്.

തന്റെ ഓഫീസിന് നേരെ നടന്ന എസ്എഫ്‌ഐ ആക്രമണത്തെ കുറിച്ച് രാഹുല്‍ ഗാന്ധി പ്രതികരിച്ചിട്ടില്ല. അതേ സമയം ആക്രമണത്തിന് ശേഷമാണ് പ്രധാനമന്ത്രിക്കയച്ച കത്ത് പുറത്തുവിട്ടതെന്ന് ശ്രദ്ധേയമാണ്.

ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എംപി ഇടപെടുന്നില്ലാരോപിച്ച് എസ്എഫ്ഐ നടത്തിയ മാര്‍ച്ച് അക്രമസാക്തമാവുകയായിരുന്നു. രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് ഇരച്ചു കയറിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സാധനങ്ങളെല്ലാം അടിച്ചു തകര്‍ത്തു. ഓഫീസ് സ്റ്റാഫായ അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സിപിഐഎം ജില്ലാ സെക്രട്ടറിയാണ് എംപിയുടെ ഓഫീസ് അടിച്ചു തകര്‍ക്കുന്നതിന് വേണ്ടി എസ്എഫ്ഐ പ്രവര്‍ത്തകരെ അയച്ചതെന്ന് ഡിസിസി അദ്ധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്‍ ആരോപിച്ചു. അതേ സമയം വിഷയം പഠിക്കട്ടെയെന്നാണ് സിപിഐഎം ജില്ലാ സെക്രട്ടറി പിപി ഗഗാറിന്‍ പ്രതികരിച്ചു.

Story Highlights: MA BABY AND MV SREYAMSKUMAR AGAINST SFI ATTACK

Next Story