Top

'മുൻ ഉപരാഷ്ട്രപതിയെക്കാൾ ബിജെപിക്ക് വിശ്വാസം കുപ്രസിദ്ധനായ പത്രപ്രവർത്തകനെ'; ഹമീദ് അന്‍സാരിക്കെതിരായ പ്രചരണത്തിനെതിരെ എം എ ബേബി

17 July 2022 6:40 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുൻ ഉപരാഷ്ട്രപതിയെക്കാൾ ബിജെപിക്ക് വിശ്വാസം കുപ്രസിദ്ധനായ പത്രപ്രവർത്തകനെ; ഹമീദ് അന്‍സാരിക്കെതിരായ പ്രചരണത്തിനെതിരെ എം എ ബേബി
X

കൊല്ലം: മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പാക് ചാരസംഘടനയായ ഐഎസ്ഐക്ക് വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയെന്ന സംഘപരിവാര്‍ പ്രചരണം അവസാനിപ്പിക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. തീവ്രവാദത്തെക്കുറിച്ച് 2010ൽ നടന്ന സമ്മേളനത്തിൽ പങ്കെടുത്ത ഒരു പാകിസ്ഥാനി പത്രപ്രവർത്തകൻ നടത്തിയ നിരുത്തരവാദപരമായ പ്രസ്താവനയുടെ അടിസ്ഥാനത്തിലാണ് ഈ അധാർമിക പ്രചാരണം. വിവാദങ്ങളുണ്ടാക്കാനായി നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുന്നതിന് കുപ്രസിദ്ധനായ ഈ പത്രപ്രവർത്തകനെയാണ് നമ്മുടെ മുൻ ഉപരാഷ്ട്രപതിയെക്കാൾ ബിജെപിക്ക് വിശ്വാസമെന്നും എം എ ബേബി കുറ്റപ്പെടുത്തി.

പോസ്റ്റിന്റെ പൂർണ്ണ രൂപം:

ഇന്ത്യയുടെ ഉപരാഷ്ട്രപതി ആയിരുന്ന ഹമീദ് അൻസാരിക്കുനേരെ ബിജെപി നടത്തുന്ന നീചപ്രചാരണം അവസാനിപ്പിക്കണം. തീവ്രവാദത്തെക്കുറിച്ച് 2010ൽ നടന്ന ഒരു സമ്മേളനത്തിൽ പങ്കെടുത്ത ഒരു പാകിസ്ഥാനി പത്രപ്രവർത്തകൻ നടത്തിയ നിരുത്തരവാദപരമായ പ്രസ്താവനയുടെ അടിസ്ഥാനത്തിൽ ആണ് ഈ അധാർമിക പ്രചാരണം. വിവാദങ്ങളുണ്ടാക്കാനായി നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തുന്നതിന് കുപ്രസിദ്ധനാണ് ഈ പത്രപ്രവർത്തകൻ. നമ്മുടെ മുൻ ഉപരാഷ്ട്രപതിയെക്കാൾ ബിജെപിക്ക് വിശ്വാസം ഈ പാക് പത്രപ്രവർത്തകനെയാണ്.

ദീർഘകാലം വിദേശകാര്യ സർവീസിൽ പ്രവർത്തിച്ച ഡോ. ഹമീദ് അൻസാരി ഐക്യരാഷ്ട്രസഭയിൽ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായിരുന്നു. അതിന് മുമ്പ് വിവിധ രാജ്യങ്ങളിൽ ഇന്ത്യയുടെ അംബാസഡറും. അതിദീർഘമായ തൻറെ പൊതുജീവിതത്തിൽ ഹമീദ് അൻസാരിയുടെ രാജ്യസ്നേഹം ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ല. പണ്ഡിതനും ചിന്തകനുമായ ഈ ദേശാഭിമാനിയുടെ പോലും രാജ്യത്തോടുള്ള കൂറ് ചോദ്യം ചെയ്യുന്ന ബിജെപിക്കാർക്ക് അവരുടെ ഇടുങ്ങിയ വർഗീയ വീക്ഷണത്തിനുള്ളിൽ നില്ക്കാത്ത എല്ലാവരെയും അധിക്ഷേപിക്കുക എന്നത് നിർവൃതി നല്കുന്നു. രാഷ്ട്രീയത്തിൽ വിമർശനവും ആശയപരമായ ആക്രമണം പോലും ആവാം. പക്ഷേ, രാജ്യത്തോട് കൂറുള്ളവർ ഈ എതിർപ്പുകളെ രാജ്യത്തിന്റെ അഭിമാനത്തിന് കീഴിൽ നിറുത്തും. രാജ്യത്തോട് അത്തരം കൂറുള്ള ഒരു കൂട്ടമല്ല ബി ജെ പി.

STORYHIGHLIGHTS: MA Baby against BJP propaganda against Hamid Ansari

Next Story