Top

'എം സ്വരാജെ, മുറി വീഡിയോ ഇറക്കരുത്'; വി ഡി സതീശനേക്കുറിച്ച് അസത്യപ്രചരണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

മുഖ്യമന്ത്രിയുടെ 'സൗഭാഗ്യനിമിഷം' പരാമര്‍ശത്തില്‍ ആരംഭിച്ച ഭരണ-പ്രതിപക്ഷ വാക് പോര് തുടരുന്നു.

13 May 2022 3:08 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എം സ്വരാജെ, മുറി വീഡിയോ ഇറക്കരുത്; വി ഡി സതീശനേക്കുറിച്ച് അസത്യപ്രചരണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍
X

തൃക്കാക്കര: മുഖ്യമന്ത്രിയുടെ 'സൗഭാഗ്യനിമിഷം' പരാമര്‍ശത്തില്‍ ആരംഭിച്ച ഭരണ-പ്രതിപക്ഷ വാക് പോര് തുടരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് 'കൈയില്‍ കിട്ടിയ അവസരമാണ്' എന്ന് പ്രസംഗിക്കുന്ന വീഡിയോ പങ്കുവെച്ച എം സ്വരാജിനെതിരെ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി. പിണറായിയുടെ ക്രൂരത മറയ്ക്കാന്‍ മുറി വീഡിയോ ഇറക്കി അസത്യം പ്രചരിപ്പിക്കരുതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചു.

'എം സ്വരാജെ, മനുഷ്യത്വം ഇല്ലാതെ സംസാരിക്കാന്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവിന്റെ പേര് പിണറായി വിജയന്‍ എന്നല്ല. വി ഡി സതീശന്‍ എന്നാണ്,' രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. സതീശന്റെ പ്രസംഗശകലത്തിന്റെ അല്‍പം കൂടി ദൈര്‍ഘ്യം കൂടിയ വീഡിയോയും യൂത്ത് കോണ്‍ഗ്രസ് നേതാവ് ഒപ്പം പങ്കുവെച്ചു.

വി ഡി സതീശന്‍ പറഞ്ഞത്

'കഴിഞ്ഞ ഒരു വര്‍ഷമായി ഈ സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന പിണറായി സര്‍ക്കാരിനെ, തൃക്കാക്കരയിലെ പ്രബുദ്ധരായ ജനങ്ങളുടെ മനസാക്ഷിയുടെ കോടതിയില്‍ വിചാരണ ചെയ്യുന്ന സുദിനമാണ് മെയ് 31 എന്ന് ഞാന്‍ നിങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു. അധികാരം അഹങ്കാരമായി കൊണ്ടു നടക്കുന്ന ഈ ഭരണകൂടത്തെ തുടര്‍ഭരണം കിട്ടിയപ്പോള്‍ വിനയാന്വിതരായി ജനവിധി സ്വീകരിക്കേണ്ടവര്‍ അഹങ്കാരത്തിന്റേയും ധാര്‍ഷ്ട്യത്തിന്റേയും വഴികളിലൂടെ പോകുമ്പോള്‍ അവര്‍ക്ക് താക്കീത് നല്‍കാന്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ പ്രബുദ്ധരായ തൃക്കാക്കരയിലെ ജനങ്ങളുടെ കൈയ്യില്‍ കിട്ടിയ അവസരമാണ് ഈ ഉപതെരഞ്ഞെടുപ്പ്.'


തൃക്കാക്കരയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തിലെ വാക്കുകള്‍ വിവാദമായിരുന്നു. പ്രസംഗത്തിനിടെ മുഖ്യമന്ത്രി. 'പറ്റിയ അബദ്ധം തിരുത്താന്‍ തൃക്കാക്കരയ്ക്ക് സൗഭാഗ്യനിമിഷം. 99, നിറഞ്ഞ 100ലേക്ക് എത്തിക്കാനുള്ള അവസരം' എന്ന് പറയുകയുണ്ടായി. പി ടിയുടെ മരണത്തെ അവസരമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. യുഡിഎഫ് നേതാക്കള്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ ആയുധമാക്കുന്നതിനിടെ മറുപടിയുമായി സിപിഐഎം രംഗത്തെത്തി. 'ജനങ്ങളുടെ കൈയില്‍ കിട്ടിയ അവസരമാണ് ഈ തെരഞ്ഞെടുപ്പ്' എന്ന് വി ഡി സതീശന്‍ പ്രസംഗിക്കുന്ന ദൃശ്യങ്ങള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം സ്വരാജും പി രാജീവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

Story Highlights: m swaraj shared edited version of v d satheesans speech says Rahul Mamkootathil

Next Story

Popular Stories