Top

'ശുദ്ധ അസംബന്ധം'; മന്ത്രിമാര്‍ മതം നോക്കി വീടുകയറിയാല്‍ ചുറ്റുമുള്ള വീട്ടുകാര്‍ എതിരാകില്ലേയെന്ന് എം സ്വരാജ്

16 May 2022 11:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശുദ്ധ അസംബന്ധം; മന്ത്രിമാര്‍ മതം നോക്കി വീടുകയറിയാല്‍ ചുറ്റുമുള്ള വീട്ടുകാര്‍ എതിരാകില്ലേയെന്ന് എം സ്വരാജ്
X

തൃക്കാക്കര: ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മന്ത്രിമാര്‍ ജാതി നോക്കി വീടുകളില്‍ കയറി വോട്ട് ചോദിക്കുകയാണെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണത്തില്‍ പ്രതികരണവുമായി എം സ്വരാജ്. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ശുദ്ധ അസംബന്ധമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. എല്ലാ വിഭാഗക്കാരും ഇടകലര്‍ന്നാണ് കേരളത്തില്‍ ജീവിക്കുന്നത്. തൃക്കാക്കരയിലും അങ്ങനെ തന്നെയാണ്. അങ്ങനെയുള്ള സമൂഹത്തില്‍ മതം നോക്കി വീടുകയറല്‍ അസാധ്യമാണ്. ഒരു മതക്കാരുടെ വീട്ടില്‍ മാത്രം മന്ത്രി സന്ദര്‍ശിച്ചാല്‍ ചുറ്റുമുള്ള വീട്ടുകാര്‍ എതിരാകില്ലേയെന്നും എം സ്വരാജ് ചോദിച്ചു. കാര്യങ്ങള്‍ നേരിട്ടറിയാന്‍ എല്‍ഡിഎഫ് മന്ത്രിമാരുടെ ഗൃഹ സന്ദര്‍ശന പരിപാടിയിലേക്ക് പ്രതിപക്ഷ നേതാവിനെ സ്വാഗതം ചെയ്യുകയാണെന്നും സിപിഐഎം നേതാവ് വ്യക്തമാക്കി.

എം സ്വരാജ് പറഞ്ഞത്

'പ്രതിപക്ഷ നേതാവാണ് ഇന്നലെ അങ്ങനെ പറഞ്ഞത്. ശുദ്ധ അസംബന്ധമാണ്. പരാജയഭീതി ഒരു മനുഷ്യനെ എത്രമാത്രം പരിഭ്രാന്തനാക്കും എന്നതിന്റെ തെളിവാണ്. കേരളത്തിലാകെ, പ്രത്യേകിച്ച് തൃക്കാക്കര നഗരസ്വഭാവമുള്ള ഒരു മണ്ഡലമാണ്. കേരളത്തിലും ഈ മണ്ഡലത്തിലും എല്ലാ ജാതിയിലും പെട്ടവര്‍ ഇടകലര്‍ന്ന് ജീവിക്കുന്നു. നമ്മുടെ സമൂഹം അങ്ങനെയാണ്. മതം നോക്കി വീട് കയറുന്നു എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. കേരളത്തില്‍ അസാധ്യമായൊരു കാര്യമാണത്. ആര്‍ക്കും സാധിക്കില്ല. നിങ്ങള്‍ ഒരു വീട്ടില്‍ കയറുന്നു. ആ വീട്ടില്‍ ചെലപ്പോള്‍ ഒരു മുസല്‍മാനായിരിക്കും. തൊട്ടടുത്ത വീട്ടില്‍ ഹൈന്ദവനുണ്ടാകും. അപ്പുറത്ത് ക്രൈസ്തവനുണ്ടാകും. ഒരു വീട്ടില്‍ കയറിയിട്ട് അടുത്ത വീട്ടില്‍ മന്ത്രി കയറിയില്ലെങ്കില്‍ ആ സമൂഹം മുഴുവന്‍ മന്ത്രിക്ക് എതിരാകുകയല്ലേ ചെയ്യുക? ആര്‍ക്കും ചിന്തിക്കാന്‍ കഴിയാത്ത കാര്യമാണത്. അദ്ദേഹത്തിന് അങ്ങനെ എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ എല്‍ഡിഎഫ് മന്ത്രിമാരുടെ ഗൃഹസന്ദര്‍ശന പരിപാടിയിലേക്ക് പ്രതിപക്ഷ നേതാവിനേക്കൂടി ക്ഷണിക്കുന്നു. അദ്ദേഹത്തിന് സ്വാഗതം. അദ്ദേഹത്തിന് ഞങ്ങളുടെ കൂടെ വരാം. എന്നിട്ട് എങ്ങനെയാണ് വീട് കയറുന്നതെന്ന് നോക്കി മനസിലാക്കി തെറ്റിദ്ധാരണകള്‍ ദുരീകരിക്കാം.'

മന്ത്രിമാര്‍ അവരവരുടെ ജാതി നോക്കിയാണ് വീടുകളില്‍ കയറി വോട്ട് ചോദിക്കുന്നതെന്നായിരുന്നു വി ഡി സതീശന്റെ പരാമര്‍ശം. മതേതര കേരളത്തിന് ഇത് അപമാനമാണ്. പ്രചരണത്തിനായി സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

STORY HIGHLIGHTS: M Swaraj said that VD Satheesan's statement that ministers will look at caste and ask for votes in the by-election campaign is wrong.


Next Story