'ശുദ്ധവിവരക്കേടിൻ്റെ ആൾരൂപം'; ഗവർണർ ആർഎസ്എസിന്റെ അടിമയാണെന്ന് എം സ്വരാജ്
26 Oct 2022 1:56 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഏകാധിപത്യ പ്രവണത കേരളം വെച്ചു പൊറുപ്പിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ്. ഗവർണർ കേരളത്തെ വെല്ലുവിളിക്കുകയാണ്. ജനാധിപത്യത്തോട് ബഹുമാനമില്ലാത്ത ഗവർണർ ആർഎസ്എസിന്റെ അടിമയാണ്. ശുദ്ധവിവരക്കേടിന്റെ ആൾ രൂപമായി ആരിഫ് മുഹമ്മദ് ഖാൻ മാറി കഴിഞ്ഞുവെന്നും എം സ്വരാജ് കൂത്തുപറമ്പിൽ പറഞ്ഞു.
ഗവർൺമെൻ്റിനായി പ്രവർത്തിക്കേണ്ട ഉദ്യോഗസ്ഥൻ മാത്രമാണ് ഗവർണറെന്നും മലയാളികളുടെ പ്രീതി നഷ്ടപ്പെട്ട ഗവർണർ രാജിവയ്ക്കുകയാണ് വേണ്ടതെന്നും സ്വരാജ് പറഞ്ഞു. 'അസഹിഷ്ണുതയുടെ ആൾരൂപമാണ് ഗവർണർ. ഇന്ത്യൻ രാഷ്ട്രീയത്തിലെ അവസരവാദത്തിന്റെ പേരാണ് ആരിഫ് മുഹമ്മദ് ഖാൻ.
തരംതാണ ഏകാധിപത്യ പ്രവണതയാണ് അദ്ദേഹത്തിനുളളത്. ഇതിനെതിരെ കേരളം ശക്തമായി തന്നെ പ്രതിഷേധിക്കും. കേരളത്തെ അപമാനിക്കുകയാണ് അദ്ദേഹത്തിന്റെ പ്രധാന തൊഴിൽ. ആരിഫ് മുഹമ്മദ് ഖാൻ്റെ പ്രീതി കൊണ്ടല്ല കെ എൻ ബാലഗോപാൽ കേരളത്തിൻ്റെ മന്ത്രി ആയത്' സ്വരാജ് പറഞ്ഞു.
തന്നേയും ഓഫീസിനേയും ധനമന്ത്രി കെ എൻ ബാലഗോപാൽ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് കത്തയച്ചതാണ് ഗവർണർ-സർക്കാർ വടംവലിയിലെ ഏറ്റവുമൊടുവിലെ സംഭവവികാസം. 'വൈസ് ചാൻസലർമാർക്ക് 100 സുരക്ഷാ ഭടന്മാർ വരെയുള്ള, യുപി പോലുള്ള സ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് കേരളത്തിലെ സർവ്വകലാശാലകളെ മനസിലാക്കാൻ പ്രയാസമായിരിക്കും' എന്ന് ഒരു പൊതുപരിപാടിക്കിടെ മന്ത്രി പറഞ്ഞതാണ് ഗവർണറെ ചൊടിപ്പിച്ചിരിക്കുന്നത്.
ധനമന്ത്രിയിലുള്ള പ്രീതി നഷ്ടമായെന്നും സ്ഥാനത്ത് നിന്നും മാറ്റണമെന്നും ആവശ്യപ്പെട്ടാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. സർവകലാശാല വൈസ് ചാൻസലർമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയതിന് പിന്നാലെയാണ് ഗവർണറുടെ അടുത്ത അസാധാരണ നടപടി. ഗവർണറുടെ കത്തിന് മുഖ്യമന്ത്രി മറുപടി നൽകി. ആരോപണത്തിന് ആധാരമായ ധനമന്ത്രിയുടെ പ്രസംഗം ഗവർണറെ അപമാനിക്കുന്നതല്ലെന്ന് മുഖ്യമന്ത്രി നൽകിയ മറുപടിയിൽ പറയുന്നു.
STORY HIGHLIGHTS: M Swaraj said that the governor arif mohammad khan is a slave of RSS