Top

'പിന്നില്‍ സുധാകരന്റെയും സതീശന്റെയും ഫാന്‍സ്'; സൈബര്‍ ക്രിമിനല്‍ സംഘം കോണ്‍ഗ്രസിന്റെ പോഷക സംഘടനയെ പോലെയെന്ന് എം സ്വരാജ്

27 May 2022 8:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പിന്നില്‍ സുധാകരന്റെയും സതീശന്റെയും ഫാന്‍സ്; സൈബര്‍ ക്രിമിനല്‍ സംഘം കോണ്‍ഗ്രസിന്റെ പോഷക സംഘടനയെ പോലെയെന്ന് എം സ്വരാജ്
X

തൃക്കാക്കര: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റെ പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജ്. എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ ക്രിമിനല്‍ സംഘത്തെ കോണ്‍ഗ്രസ് പോഷകസംഘടനയെന്നപോലെയാണ് പ്രോത്സാഹിപ്പിക്കുന്നതെന്ന് എം സ്വരാജ് ആരോപിച്ചു. രാഷ്ട്രീയ എതിരാളികളെ അധിക്ഷേപിക്കാനും വ്യക്തിഹത്യ ചെയ്യാനും എല്ലാ പിന്തുണയും കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്നു. വ്യാജ പ്രചാരണത്തില്‍ പിടിയിലായ പാലക്കാട് മുന്‍ മണ്ഡലം പ്രസിഡന്റ ഷുക്കൂര്‍, നേതൃത്വത്തിന്റെ ആജ്ഞ അനുസരിക്കുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. വിവിധ ഭാഗങ്ങിളില്‍ നിന്നുള്ള ക്രിമിനല്‍ സ്വഭാവമുള്ള ഇവര്‍ക്കെതിരെ നടപടിയെടുത്താല്‍ കെപിസിസി സ്വയം നടപടിക്ക് വിധേയമാകേണ്ടി വരുമെന്നും എം സ്വരാജ് കുറ്റപ്പെടുത്തി. കെപിസിസി ഭാരവാഹി ജോസി സെബാസ്റ്റിയനും മുന്‍ നിയമസഭാ സാമാജികന്‍ സജീന്ദ്രനും സംഭവത്തെ ന്യായീകരിച്ചാണ് രംഗത്ത് വന്നത് അദ്ദേഹം പറഞ്ഞു.

ഒരു മന്ത്രിയുടെ ഭാര്യ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ചിത്രത്തില്‍ അവരുടെ ചിത്രം മാറ്റി ഒരു കേസില്‍ അകപ്പെട്ട സ്ത്രീയുടെ ചിത്രം മോര്‍ഫ് ചെയ്ത് വച്ചു. അത് ചെയ്്തത് ഒരു ഡിസിസി പ്രസിഡന്റായിരുന്നു. ആ പ്രവണത തുടരുകയാണ്. വിഎം സുധീരനെതിരെയും മുല്ലപ്പള്ളി രാമചന്ദ്രനെതിരെയും കേണ്‍ഗ്രസ് സൈബര്‍ ക്രിമിനലുകള്‍ ആക്രമണം നടത്തിയിരുന്നു. എകെജിയെ അധിക്ഷേപിച്ചപ്പോള്‍ അത് തെറ്റാണെന്ന് ചൂണ്ടികാണിച്ചതായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ ചെയ്തത്. വി എം സുധീരന്‍ വികാരാധീതനായാണ് കോണ്‍ഗ്രസ് സൈബര്‍ ആക്രമണത്തെക്കുറിച്ച് പറഞ്ഞത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെയും പ്രതിപക്ഷനേതാവ് വി ഡി സതീശന്റെയും ഫാന്‍സ് അസോസിയേഷനാണ് ഇത്തരം ഹീന കൃത്യങ്ങള്‍ ചെയ്യുന്നതെന്നും എം സ്വരാജ് പറഞ്ഞു.

എറണാകുളം കേന്ദ്രീകരിച്ചാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്. ഇത് പൊലീസിന്റെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. വ്യാജ വീഡിയോ പ്രചാരണത്തില്‍ പൊലീസ് കൃത്യമായ അന്വേഷണം നടത്തിയെന്നും എം സ്വരാജ് പറഞ്ഞു. സിപിഐഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുന്നവര്‍ക്കെതിരെ കോണ്‍ഗ്രസ് ഉയര്‍ത്തുന്ന ഭീഷണിയാണ് ഇത്തരം സംഭവങ്ങളെന്നും എം സ്വരാജ് ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ ഇത്തരം വ്യക്തിഹത്യ നടത്തുന്നത് ജനാധപത്യത്തോടുള്ള വെല്ലുവിളിയാണ്. സിപിഐഎം രാഷ്ട്രീയത്തെ മൂല്യവത്താക്കാന്‍ ശ്രമിക്കുമെന്നും എം സ്വരാജ് പറഞ്ഞു.

അതേസമയം, വ്യാജ വീഡിയോ പ്രചാരണത്തില്‍ അറസ്റ്റിലായ ഷുക്കൂറിനെ കൂടാതെ സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് പേര്‍ നിരീക്ഷണത്തിലാണെന്ന് കമ്മീഷ്ണര്‍ അറിയിച്ചു. ജോ ജോസഫിന്റെ പേരില്‍ സോഷ്യല്‍മീഡിയയിലൂടെ അശ്ലീലവീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ ഇന്നലെ മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശിവദാസനെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ച് പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

STORY HIGHLIGHTS: M Swaraj lashed out at the Congress leadership for spreading fake videos in the name of Jo Joseph

Next Story

Popular Stories