Top

'നല്ല പഴംപൊരി, നല്ല ചായ, നല്ല പൊറോട്ട, നല്ല കാപ്പി; ചായ കാപ്പി, പഴംപൊരി പൊറോട്ട'; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് സ്വരാജ്

''ചരിത്രത്തില്‍ നിന്ന് ആദ്യമായി കേരളത്തില്‍ നിന്നൊരു പ്രധാനമന്ത്രി. ആളുകള്‍ കരുതി തരകേടില്ല. തത്കാലം രാഷ്ട്രീയമൊക്കെ മറക്കാം.''

11 March 2022 4:48 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നല്ല പഴംപൊരി, നല്ല ചായ, നല്ല പൊറോട്ട, നല്ല കാപ്പി; ചായ കാപ്പി, പഴംപൊരി പൊറോട്ട; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് സ്വരാജ്
X

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപിയെ പരിഹസിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ്. വയനാട്ടില്‍ എത്തുന്ന രാഹുല്‍ ഗാന്ധി ഹോട്ടലുകള്‍ സന്ദര്‍ശിക്കുന്നതിനെക്കുറിച്ചും ഇത് സംബന്ധിച്ച മാധ്യമറിപ്പോര്‍ട്ടുകളെയുമാണ് സ്വരാജ് പരിഹസിക്കുന്നത്. എസ്എഫ്‌ഐ തൃശൂര്‍ ജില്ലാ സമ്മേളന ചടങ്ങില്‍ വച്ചാണ് സ്വരാജിന്റെ പരിഹാസം.

എം സ്വരാജ് പറഞ്ഞത്: ''മലയാള മനോരമ പത്രത്തിന്റെ തലക്കെട്ടിലെ അക്ഷരങ്ങളുടെ ഏറ്റവും വലിയ വലുപ്പം, അത് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ നിശ്ചയിച്ച ദിവസമായിരുന്നു. രാഗാ യുഗം എന്നായിരുന്നു തലക്കെട്ട്. പത്രം നിറഞ്ഞ് നിന്ന് അത്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകാന്‍ പോകുന്നുയെന്നാണ് പ്രചരിപ്പിച്ചത്. ചരിത്രത്തില്‍ നിന്ന് ആദ്യമായി കേരളത്തില്‍ നിന്നൊരു പ്രധാനമന്ത്രി. ആളുകള്‍ കരുതി തരകേടില്ല. തത്കാലം രാഷ്ട്രീയമൊക്കെ മറക്കാം.ആദ്യമായി ഒരു പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാന്‍ അവസരം കിട്ടിയിരിക്കുകയാണ്. അങ്ങനെയൊക്കെയാണ് അദ്ദേഹം അവിടെ വിജയിച്ചത്. പക്ഷെ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വോട്ട് ചെയ്തവര്‍ക്ക് മനസിലായി പ്രധാനമന്ത്രിയാകാന്‍ വേണ്ടിയല്ല അദ്ദേഹം വന്നത്. എംപിയാകാന്‍ വന്നതാണെന്ന്. ഏതായാലും ആ കാലം അങ്ങനെ കടന്നുപോയി.

''ശേഷം വര്‍ഷത്തില്‍ ഒരിക്കല്‍ അദ്ദേഹം വയനാട്ടില്‍ വരും. ആര്‍ക്കും ഒരു പരാതിയുമില്ല. മാധ്യമങ്ങള്‍ തൃപ്തരാണ്. വയനാട്ടില്‍ അദ്ദേഹം വരുന്ന വഴിക്ക് ഒരു ചായക്കടയില്‍ കയറും. ചായ കുടിക്കും. എന്നിട്ട് നല്ല ചായയാണെന്ന് പറയും. ഒരു പഴംപൊരി തിന്നും. എന്നിട്ട് നല്ല പഴംപൊരിയാണെന്ന് പറയും. നല്ല പഴംപൊരി, നല്ല ചായ. അടുത്ത തവണ വരുമ്പോള്‍ വെറൊരു കടയില്‍ കയറും. ഒരു കാപ്പി കുടിക്കും. നല്ല കാപ്പിയാണെന്ന് പറയും. ഒരു പൊറോട്ട തിന്നും. നല്ല പൊറോട്ടയാണെന്ന് പറയും. പിറ്റേ ദിവസം മനോരമ, നല്ല പൊറോട്ട നല്ല കാപ്പി, ചായ കാപ്പി, പഴംപൊരി പൊറോട്ട. ഇത് മാത്രമായിരിക്കും വന്നിട്ടുള്ള വാര്‍ത്ത. എന്തൊരു ചായ എന്തൊരു ചായ കുടി, എന്തൊരു പൊറോട്ട തീറ്റി. എന്തൊരു ജീന്‍സ്, എന്തൊരു ഷര്‍ട്ട്. ഇതായിരിക്കും വാര്‍ത്തകള്‍.''


Next Story