'ആര്‍എസ്എസ് കള്ളം കേട്ട് പൊലീസിന്റെ തല്ലുവാങ്ങിക്കൂട്ടി യൂത്ത് കോണ്‍ഗ്രസുകാര്‍'; കോണ്‍ഗ്രസിന് മരണവെപ്രാളമെന്നും സ്വരാജ്
മുഖം രക്ഷിക്കാന്‍ തട്ടിപ്പുകാരിയുടെ വാക്കുകേട്ട് റോഡിലിറങ്ങുകയാണ് കോണ്‍ഗ്രസുകാരെന്നും സ്വരാജ്
23 Jun 2022 4:23 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ആര്‍എസ്എസിന്റെ കള്ളക്കഥകള്‍ കേട്ട് സമരത്തിനിറങ്ങി യൂത്തു കോണ്‍ഗ്രസുകാര്‍ പൊലീസിന്റെ തല്ലുവാങ്ങിക്കൂട്ടുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്.
കോണ്‍ഗ്രസിനിപ്പോള്‍ മരണവെപ്രാളമാണ്. രാഷ്ട്രീയമായി ഇല്ലാതാകുമെന്ന അവസ്ഥയാണ് രാജ്യത്താകെ. അതിന്റെ കളിയാണ് ഇപ്പോഴത്തെ പരാക്രമങ്ങള്‍. മുഖം രക്ഷിക്കാന്‍ തട്ടിപ്പുകാരിയുടെ വാക്കുകേട്ട് റോഡിലിറങ്ങുകയാണ് കോണ്‍ഗ്രസുകാരെന്നും സ്വരാജ് കാഞ്ഞങ്ങാട് പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാ കേന്ദ്ര ഏജന്‍സികളും കേരളത്തില്‍ നിരങ്ങിയതാണ്. എല്‍ഡിഎഫിന്റെ യൂണിറ്റ് കമ്മിറ്റി ഭാരവാഹിയുടെ രോമത്തില്‍ തൊടാന്‍ പോലും അന്ന് അവര്‍ക്ക് സാധിച്ചില്ല. കേന്ദ്ര രാഷ്ട്രീയകക്ഷിക്കും അവരുടെ ഉദ്യോഗസ്ഥവൃന്ദത്തിനും വേണ്ടിയാണ് രാജ്യത്തെ എല്ലാ സ്വര്ണക്കള്ളക്കടത്തുമെന്നും സ്വരാജ് പറഞ്ഞു.
തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കള്ളക്കടത്തുകാരിയെ വിലയ്ക്കെടുത്ത് മാസശമ്പളത്തില്‍ ആരോപണമുന്നയിപ്പിക്കുകയാണ് ആര്‍എസ്എസ്. ഇതിന്റെ ഭാഗമായാണ് കേരളത്തെ തന്നെ വില കൊടുത്തു വാങ്ങാന്‍ ശേഷിയുള്ള യുഎഇ ഭരണാധികാരിക്ക് മുഖ്യമന്ത്രി കൈക്കൂലി കൊടുത്തെന്ന് പറയുന്നതെന്നും എം സ്വരാജ് പറഞ്ഞു.