Top

'ഒരു ഭരണകക്ഷി എംഎല്‍എയാണ് വേണ്ടത്'; തൃക്കാക്കരക്കാര്‍ക്ക് കേരളത്തില്‍ എവിടേയും രണ്ട് മണിക്കൂറില്‍ എത്താമെന്ന് എം സ്വരാജ്

3 May 2022 4:38 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരു ഭരണകക്ഷി എംഎല്‍എയാണ് വേണ്ടത്; തൃക്കാക്കരക്കാര്‍ക്ക് കേരളത്തില്‍ എവിടേയും രണ്ട് മണിക്കൂറില്‍ എത്താമെന്ന് എം സ്വരാജ്
X

കൊച്ചി: ഇടതു മുന്നണിയുടെ 100 നിയമസഭാ സീറ്റുകൾ എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ കഴിയുന്ന സ്ഥാനാർത്ഥിയെയാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുകയെന്ന് എം സ്വരാജ്. മണ്ഡലത്തിൽ ഒരു ഭരണപക്ഷ എംഎൽഎ വേണോ പ്രതിപക്ഷത്തുള്ള എംഎൽഎ വേണോ എന്ന ചോദ്യമാണ് തൃക്കാക്കരയിലെ ജനങ്ങൾക്ക് മുന്നിലുള്ളത്. വികസനത്തെ സ്വാ​ഗതം ചെയ്യുന്ന തൃക്കാക്കരയിലെ ജനങ്ങൾ ഈ സാഹചര്യത്തിൽ ഇടതുപക്ഷത്തിന് വോട്ടു ചെയ്യുമെന്നും സ്വരാജ് റിപ്പോർട്ടർ ടിവിയോട് പറഞ്ഞു.

'തൃക്കാക്കരയുടെ വികസനം പാഴാക്കിക്കളയാൻ ജനങ്ങൾ തയ്യാറാവില്ല'

തെരഞ്ഞെടുപ്പിനെ ഞങ്ങൾ രാഷ്ട്രീയ നയപരിപാടികളുടെ മാറ്റുരയ്ക്കലായാണ് കാണുന്നത്. തീർച്ചയായും ഇടതുപക്ഷം മുന്നോട്ട് വെക്കുന്നത് വികസനത്തിന്റെ രാഷ്ട്രീയമാണ്. കേരളം വികസനത്തിന്റെ പാതയിൽ അതിവേ​ഗം മുന്നോട്ട് പോവുകയാണ്. ആ ​ഗതിവേ​ഗത്തിനൊപ്പം തൃക്കാക്കരയും മുന്നേറണം. ഇടതുപക്ഷ പ്രതിനിധി മത്സരിക്കുമ്പോഴാണ് ഒരു ഭരണപക്ഷ എംഎൽഎ തൃക്കാക്കരയ്ക്കുണ്ടാവുക. അത് തൃക്കാക്കരയുടെ സമ​ഗ്രമായ വികസനത്തിന് സഹായിക്കും. അടുത്ത നാല് വർഷം കേരളത്തിലെ ഒരു ഭരണകക്ഷി എംഎൽഎ തൃക്കാക്കരയിലുണ്ടാവണം എന്നത് തൃക്കാക്കരയുടെ വികസന മുന്നേറ്റത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്. നാല് വർഷക്കാലം ഒരു പ്രതിപക്ഷ എംഎൽഎയെ തെരഞ്ഞെടുത്ത് കൊണ്ട് തൃക്കാക്കരയുടെ വികസനം പാഴാക്കിക്കളയാൻ ജനങ്ങൾ തയ്യാറാവില്ല എന്നുറപ്പാണ്.

'തോൽക്കാൻ പോവുന്നവർക്ക് അധികം ആലോചിക്കേണ്ട കാര്യമില്ല'

ഉപതെരഞ്ഞെടുപ്പോടെ ഇടതു മുന്നണി കേരളത്തിൽ നൂറ് തികയ്ക്കും. വരുന്ന ജൂൺ 31ാം തിയതി നമുക്ക് കാണാൻ സാധിക്കും. കേരളത്തിലെ ജനങ്ങൾ വികസനത്തോടൊപ്പമാണ്. ഊഹാപോഹങ്ങൾക്ക് വിട്ടു കൊടുക്കാതെ തൃക്കാക്കര കേരളത്തിലെ ഇടതു മുന്നണി നൂറാമത്തെ സീറ്റാക്കി മാറ്റുന്ന തരത്തിൽ മികച്ച സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കും. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഈ മണ്ഡലം നൂറ് തികയ്ക്കാനുള്ളതാണ്. അതിന് സഹായകരമാവുന്ന തരത്തിൽ എല്ലാവർക്കും സ്വീകാര്യനായ ഒരു സ്ഥാനാർത്ഥിയെ ഞങ്ങൾ പ്രഖ്യാപിക്കും. തോൽക്കാൻ പോവുന്നവർക്ക് അധികം ആലോചിക്കേണ്ട കാര്യമില്ല. അതുകൊണ്ട് അവർക്ക് (കോൺ​ഗ്രസിന്) പെട്ടന്ന് തന്നെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാം.

'തൃക്കാക്കരയുടെ ആ പ്രത്യേകത സർക്കാരിനെ തുണയ്ക്കും'

ഉപതെരഞ്ഞെടുപ്പിൽ സിൽവർ ലെെൻ വിഷയവും മറ്റ് വിഷയങ്ങളും ചർച്ചയാവും. തൃക്കാക്കര മണ്ഡലത്തിനൊരു പ്രത്യേകത ഉണ്ട്. വൻകിട വികസന പദ്ധതികളുടെ ഏറ്റവും ആദ്യത്തെ ​ഗുണഭോക്താക്കൾ, അല്ലെങ്കിൽ ഏറ്റവും മികച്ച ​ഗുണഭോക്താക്കൾ ഈ മണ്ഡലത്തിലുള്ളവരാണ്. സിൽവർ ലൈൻ എടുക്കുകയാണെങ്കിൽ കാക്കനാടാണ് സ്റ്റേഷൻ. കേരളത്തിൽ സിൽവർ ലൈൻ കൊണ്ട് ഏറ്റവും വലിയ പ്രയോജനം ലഭിക്കാൻ പോവുന്നത് തൃക്കാക്കരക്കാർക്കാണ്. കാരണം കാസർകോട്ടേക്കായാലും തിരുവനന്തപുരത്തേക്കായും എങ്ങോട്ടേക്കായാലും രണ്ട് മണിക്കൂറിനുള്ളിൽ കേരളത്തിൽ എവിടെയും എത്തിച്ചേരാൻ കഴിയുന്ന ഒരേ ഒരു കൂട്ടരായി തൃക്കാക്കരക്കാർ മാറാൻ പോവുകയാണ്.

തൃക്കാക്കരയുടെ സഞ്ചാര സ്വപ്നങ്ങൾക്ക് ചിറക് നൽകുന്ന പദ്ധതിയാണ് സിൽവർ ലൈൻ. ​സംസ്ഥാനത്ത് ആദ്യമായി ​ഗെയിൽ പൈപ് ലൈൻ യാഥാർത്ഥ്യമായതിന്റെ ഭാ​ഗമായി ഇപ്പോൾ അനുവദിക്കപ്പെട്ട ​ഗാർഹിക കണക്ഷനുകൾ ആദ്യം ലഭിച്ച ​ഗുണഭോക്താക്കൾ തൃക്കാക്കരക്കാരാണ്. അപ്പോൾ ഈ സർക്കാരിനെ വലിയ പ്രതീക്ഷയോടെയാണ് തൃക്കാക്കരക്കാർ കാണുന്നത്. അവർ വികസനത്തോടൊപ്പം നിൽക്കും. വികസന കാര്യത്തിൽ രാഷ്ട്രീയം പ്രസക്തമല്ല. രാഷ്ട്രീയത്തിനതീതമായി വികസനത്തിന് ജനങ്ങൾ വോട്ട് ചെയ്യും.

Story highlight: M Swaraj about cpim's hopes in Thrikkakara byelection

Next Story