Top

'ആര്‍ക്കൊക്കെയോ വേണ്ടി ബലിമൃഗമാവേണ്ടിവന്ന.....'; എം ശിവശങ്കറിന്റെ അനുഭവ കഥ പുസ്തക രൂപത്തില്‍

'അശ്വത്ഥാമാവ് വെറുമൊരു ആന' എന്ന പേരിലാണ് ശിവശങ്കറിന്‍റെ പുസ്തകം

3 Feb 2022 6:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആര്‍ക്കൊക്കെയോ വേണ്ടി ബലിമൃഗമാവേണ്ടിവന്ന.....; എം ശിവശങ്കറിന്റെ അനുഭവ കഥ പുസ്തക രൂപത്തില്‍
X

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ എം.ശിവശങ്കര്‍ ഐഎഎസിന്റെ ആത്മകഥ വരുന്നു. 'അശ്വത്ഥാമാവ് വെറുമൊരു ആന' എന്ന പേരിലാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായിരുന്ന ശിവശങ്കര്‍ പുസ്തകം പുറത്തിറക്കുന്നത്. ആര്‍ക്കൊക്കെയോ വേണ്ടി ബലിമൃഗമാവേണ്ടി വന്ന ശിവശങ്കറിന്റെ അനുഭവ കഥ എന്ന ടാഗ് ലൈനോടെയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. പുസ്തകം ശനിയാഴ്ച പുറത്തിറങ്ങും.

അധികാരത്തിന്റെ ഉന്നതിയിലിരുന്നിട്ടും പലവിധ അധികാര രുപങ്ങളാല്‍ വേട്ടയാടപ്പെട്ട ഒരു ഐഎഎസ് ഇദ്യോഗസ്ഥന്റെ അനുഭവ കഥ. യുഎഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി നടന്ന സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെടുത്തി. പിന്നെയും കുറേ കേസുകളില്‍ കുടുക്കി ജയിലില്‍ അടക്കപ്പെട്ട എം ശിവശങ്കര്‍ ആ നാള്‍വഴികളില്‍ സംഭവിച്ചത് എന്തെല്ലാമെന്ന് വെളിപ്പെടുത്തുന്നു എന്നാണ് പുസ്തകത്തെ കുറിച്ചുള്ള വിശദീകരണം. നടുക്കുന്ന സത്യങ്ങളാണ് പുസ്തകത്തില്‍ വെളിപ്പെടുത്തുന്നത് എന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ഡിസി ബുക്‌സാണ് പുസ്തകം പുറത്തിറക്കുന്നത്.

അടുത്തിടെയാണ് സസ്‌പെന്‍ഷന്‍ കഴിഞ്ഞ് തിരിച്ചെത്തിയ എം.ശിവശങ്കര്‍ സര്‍വീസില്‍ തിരിച്ചെത്തിയത്. സ്‌പോര്‍ട്‌സ് വകുപ്പില്‍ സെക്രട്ടറിയായാണ് നിയമനം. സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ അനുസരിച്ചാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്. സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ വഴിവിട്ടു നിയമിക്കാന്‍ ഇടപെട്ടത് സിവില്‍ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥ സമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണ് 2020 ജൂലൈ 16ന് ഒരു വര്‍ഷത്തേക്കു സസ്‌പെന്‍ഡ് ചെയ്തത്. ക്രിമിനല്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടത് കണക്കിലെടുത്താണ് രണ്ടാമത് സസ്‌പെന്‍ഡ് ചെയ്തത്.

Next Story