Top

'എംടിയെ അധിക്ഷേപിക്കുകയാണ് ചെയ്തത്'; വിയോജിപ്പ് ആദരവോടെ വേണമെന്ന് എം മുകുന്ദന്‍

ഗുരുസ്ഥാനീയനായ ഒരാള്‍ ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞപ്പോള്‍ എന്തുകൊണ്ട് അപ്രകാരം പറഞ്ഞുവെന്ന് ചിന്തിക്കേണ്ടതായിരുന്നു

10 Sep 2022 7:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എംടിയെ അധിക്ഷേപിക്കുകയാണ് ചെയ്തത്; വിയോജിപ്പ് ആദരവോടെ വേണമെന്ന് എം മുകുന്ദന്‍
X

മാഹി: പുതിയകാല സാഹിത്യത്തേയും സിനിമകളേയും കുറിച്ച് അഭിപ്രായപ്രകടനം നടത്തിയ സാഹിത്യകാരനും സംവിധായകനുമായ എംടി വാസുദേവന്‍ നായരോടുളള വിയോജിപ്പ് ആദരവോടെ പ്രകടിപ്പിക്കണമായിരുന്നുവെന്ന് എഴുത്തുകാരന്‍ എം മുകുന്ദന്‍. ഇന്നത്തെ തലമുറയിലെ എഴുത്തുകള്‍ ആകര്‍ഷണീയമല്ല, ഇത് വായനക്കാരെ അകറ്റുകയാണെന്നായിരുന്നു എംടിയുടെ വിമര്‍ശനം. വായനയെ നിശ്ചലമാക്കുന്നതിന് കാരണം കൃതികളിലെ ഭാഷയാണ്. എഴുത്തുകാര്‍ പുതിയവ സൃഷ്ടിക്കണമെന്നും എം ടി വാസുദേവന്‍ നായര്‍ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഗുരുസ്ഥാനീയനായ ഒരാള്‍ ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞപ്പോള്‍ എന്തുകൊണ്ട് അപ്രകാരം പറഞ്ഞുവെന്ന് ചിന്തിക്കേണ്ടതായിരുന്നു. എന്നാല്‍ അത് ചെയ്യാതെ അദ്ദേഹത്തെ അധിക്ഷേപിക്കുകയാണ് ഉണ്ടായതെന്നും എം മുകുന്ദന്‍ പ്രതികരിച്ചു. തന്റെ 80-ാം ജന്മദിനവുമായി ബന്ധപ്പെട്ട് മാതൃഭൂമി പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുകുന്ദന്‍.

ഗുരുസ്ഥാനീയരായ വ്യക്തികളോടുളള വിയോജിപ്പ് പ്രകടിപ്പിക്കേണ്ടത് ആദരവോടെയാകണം. അത് അധിക്ഷേപമാകരുത്. നമ്മുടെ സോഷ്യല്‍ മീഡിയ നിലനില്‍ക്കുന്നത് തന്നെ ഇത്തരത്തിലാണെന്നും മുകുന്ദന്‍ വിമര്‍ശിച്ചു.

തന്റെ രചനകളിലുളളതെല്ലാം താന്‍ അനുഭവിച്ചറിഞ്ഞ കാര്യമല്ല. മദ്യപിച്ചു കഴിഞ്ഞാല്‍ ഒന്നും എഴുതാന്‍ സാധിക്കില്ല. അമിത മദ്യപാനം കാരണം പ്രതിഭാശാലികളായ പല എഴുത്തുകാരും നശിച്ചുപോയിട്ടുണ്ടെന്നും മുകുന്ദന്‍ പറഞ്ഞു. കഞ്ചാവിന്റേയും മയക്കുമരുന്നിന്റേയും ലോകത്ത് പ്രവേശിച്ചാല്‍ പിന്നെ മടങ്ങിവരാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'മദ്യവും മയക്കുമരുന്നും മറ്റും ഉപയോഗിക്കുന്ന കഥാപാത്രങ്ങളെ സൃഷ്ടിച്ചവരില്‍ മുമ്പന്‍ എം മുകുന്ദനാണ്, വ്യക്തി ജീവിതത്തില്‍ ഇവ ഉപയോഗിക്കുന്നുണ്ടോ' എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുകുന്ദന്‍.

പുതിയ മയ്യഴിയെക്കുറിച്ച് നോവലെഴുതണമെന്ന് പലരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മയ്യഴിപ്പുഴയുടെ തീരങ്ങളെ മറികടന്ന് മറ്റൊരു നോവല്‍ എഴുതുക പ്രയാസമാണെന്നും അഭിമുഖത്തില്‍ മുകുന്ദന്‍ പറഞ്ഞു. ഒരു എഴുത്തുകാരനെ പ്രചോദിപ്പിക്കുന്ന ഒന്നും തന്നെ പുതിയ മയ്യഴിയില്‍ ഇല്ല. ഇനി പുതിയ തലമുറ എഴുതട്ടെ എന്നും മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

STORY HIGHLIGHTS: M Mukundan says criticizers was insulted mt vasudevan nair

Next Story