Top

'പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ കൊടുക്കുന്നത് ഗവര്‍ണറുടെ കുടുംബത്തില്‍ നിന്നല്ല'; എം എം മണി

അദ്ദേഹം നിലപാടില്ലാത്ത വ്യക്തിയാണെന്നും എംഎം മണി പരിഹസിച്ചു.

17 Feb 2022 4:31 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ കൊടുക്കുന്നത് ഗവര്‍ണറുടെ കുടുംബത്തില്‍ നിന്നല്ല; എം എം മണി
X

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷപ്രതികരണവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ എംഎം മണി. ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിട്ടില്ലെങ്കില്‍ അദ്ദേഹത്തിന് അന്തസ് നഷ്ടമായേനെയെന്നും എംഎം മണി വിമര്‍ശിച്ചു. അദ്ദേഹം നിലപാടില്ലാത്ത വ്യക്തിയാണ്. ഗവര്‍ണറുടെ കുടുംബത്തില്‍ നിന്നല്ല പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ കൊടുക്കുന്നതെന്നും എംഎം മണി പറഞ്ഞു. നാലാംകിട നിലപാടാണ് ഗവര്‍ണര്‍ കാണിക്കുന്നത്. ആണുങ്ങള്‍ ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന് ഓര്‍മ്മ വേണമെന്നും എംഎം മണി ആരോപിച്ചു. ഒപ്പിടുക എന്നത് ഗവര്‍ണറുടെ ഭരണഘടനാപരമായ ബാധ്യതയാണെന്നും എംഎം മണി ചൂണ്ടിക്കാട്ടി.

അതേസമയം നയ പ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നിന്ന ഗവര്‍ണറെ മിനിറ്റുകള്‍ നീണ്ട നാടകീയതയ്ക്ക് ഒടുവില്‍ സര്‍ക്കാര്‍ അനുനയിപ്പിക്കുകയായിരുന്നു. പൊതുഭരണ സെക്രട്ടറി കെആര്‍ ജ്യോതിലാലിനെ മാറ്റി ശാരദാ മുരളീധരന് താല്‍ക്കാലിക ചുമതല നല്‍കിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ ഒപ്പിട്ടത്. ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ്.കര്‍ത്തയെ ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിച്ചതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വിവാദമുണ്ടാക്കിയെന്നാണ് .ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട്.

സര്‍ക്കാരും ഗവര്‍ണര്‍മാരും തമ്മില്‍ വിയോജിപ്പുകള്‍ സര്‍വ്വ സാധാരണമാണെങ്കിലും നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടാതെ മാറി നില്‍ക്കുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വ സംഭവങ്ങളിലൊന്നാണ്. നിയമസഭാ സമ്മേളനം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന പ്രതിസന്ധി മറികടക്കാന്‍ പിണറായി നേരിട്ടെത്തിയെങ്കിലും ആരിഫ് മുഹമ്മദ് ഖാന്‍ വഴങ്ങിയില്ല. കര്‍ത്തയുടെ നിയമനത്തില്‍ കെആര്‍ ജ്യോതിലാല്‍ എഴുതിയ വിയോജന കത്ത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന നിലപാടില്‍ ഗവര്‍ണര്‍ ഉറച്ചുനിന്നു.

ഇതോടെയാണ് ജ്യോതിലാലിനെ മാറ്റി ശാരദാ മുരളീധരന് താല്‍ക്കാലിക ചുമതല നല്‍കിയത്. തത്വത്തില്‍ സര്‍ക്കാര്‍ ഗവര്‍ണറുടെ പിടിവാശിക്ക് മുന്നില്‍ സര്‍ക്കാര്‍ വഴങ്ങുകയായിരുന്നുവെന്നാണ് സൂചനകള്‍. നേരത്തെ ഗവര്‍ണറുടെ നീക്കത്തില്‍ വിമര്‍ശനുമായി ഭരണഘടന വിദഗദ്ധന്‍ കാളീശ്വരം രാജ് രംഗത്തുവന്നിരുന്നു. കക്ഷി രാഷ്ട്രീയത്തിന് അതീതമായിട്ടുള്ള ഭരണഘടനാ ബാധ്യതയാണിത്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള നിസഹകരണം ഗവര്‍ണര്‍ തുടരുകയാണെങ്കില്‍, അദ്ദേഹത്തിന്റെ പ്രാഥമികമായ ദൗത്യത്തില്‍ നിന്നുള്ള പിന്മാറ്റമാണ്. അങ്ങനെ വന്നാല്‍ കോടതിക്ക് വരെ ഇടപേടേണ്ടി വന്നേക്കുമെന്നും കാളീശ്വരം രാജ് വ്യക്തമാക്കി.

STORY HIGHLIGHTS: M M Mani MLA Against Governor Arif Mohammed Khan

Next Story