Top

'പോപ്പുലർ ഫ്രണ്ടിന്റെ മാതൃക ലോകത്തെ വിവിധ തീവ്രവാദ സംഘടനകളാണ്'; ഇത്തരം ഹിസാത്മക പ്രസ്ഥാനങ്ങളെ ഒന്നിച്ചു നേരിടണമെന്ന് എം ലുഖ്മാൻ

വിശുദ്ധ ഗ്രന്ഥങ്ങളിൽ നിന്ന് സന്ദർഭം വിവരിക്കാതെയും, വാക്കുകൾ അടർത്തിയെടുത്തും തെറ്റായി നിർമിക്കുന്ന ചില പദാവലികൾ ചേർത്താണ് ഐസിസ് അവരുടെ ആശയ ഭൂമികക്ക് ആവശ്യമായ മൂലധനം ഉണ്ടാക്കുന്നത്

19 Sep 2022 6:15 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പോപ്പുലർ ഫ്രണ്ടിന്റെ മാതൃക ലോകത്തെ വിവിധ തീവ്രവാദ സംഘടനകളാണ്; ഇത്തരം ഹിസാത്മക പ്രസ്ഥാനങ്ങളെ ഒന്നിച്ചു നേരിടണമെന്ന് എം ലുഖ്മാൻ
X

മലപ്പുറം: പോപ്പുലർ ഫ്രണ്ട് നേതാവ് അഫ്‌സല്‍ ഖാസിമി നടത്തിയ പ്രവാചക ജീവിതത്തെക്കുറിച്ചുളള പ്രസം​ഗത്തിനെതിരെ എം ലുഖ്മാന്‍ സഖാഫി. പോപ്പുലർ ഫ്രണ്ടിന്റെ മാതൃക ലോകത്തെ വിവിധ തീവ്രവാദ സംഘടനകളാണ്. ഇത്തരം ഹിംസാത്മക പ്രസ്ഥാനങ്ങൾക്കെതിരെ മുസ്‌ലിം സമുദായവും പൊതുസമൂഹവും ഒന്നിച്ചുചേർന്ന് നേരിടണമെന്നും ഇസ്‌റ അക്കാദമിക് ഡയറക്ടര്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയാണ് സാമൂഹിക നിരീക്ഷകനായ എം ലുഖ്മാന്റെ പ്രതികരണം.

പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് കോഴിക്കോട് നടന്ന ജനമഹാസമ്മേളനത്തിൽ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഫ്‌സല്‍ ഖാസിമി നടത്തിയ പ്രസംഗമാണ് വിമർശനത്തിനിടയാക്കിയത്. ലോക പ്രശസ്ത സുന്നി മുസ്‌ലിം പണ്ഡിതനായ ശൈഖ് മുഹമ്മദ് യാഖൂബിയുടെ 'ഇൻഖാദുൽ ഉമ്മ' എന്ന ​ഗ്രന്ഥത്തിൽ ഭീകരവാദ സംഘടനയായ ഐസിസ് എങ്ങനെയാണ് ഇസ്ലാമിക ടെക്സ്റ്റുകളെ ദുർവ്യാഖ്യാനം ചെയ്യുന്നത് എന്ന് വിശദീകരിച്ച് എഴുതിയിട്ടുണ്ട്. വിശുദ്ധ ഗ്രന്ഥങ്ങളിൽ നിന്ന് സന്ദർഭം വിവരിക്കാതെയും, വാക്കുകൾ അടർത്തിയെടുത്തും തെറ്റായി നിർമിക്കുന്ന ചില പദാവലികൾ ചേർത്താണ് ഐസിസ് അവരുടെ ആശയ ഭൂമികക്ക് ആവശ്യമായ മൂലധനം ഉണ്ടാക്കുന്നതെന്ന് അതിൽ വിശദീകരിക്കുന്നുണ്ടെന്ന് എം ലുഖ്മാൻ കുറിപ്പിൽ പറഞ്ഞു.

ഇസ്ലാമിക വൈജ്ഞാനിക ക്ലാസ്സിക്കൽ സയൻസിൽ നല്ല അവഗാഹമുള്ളവർക്കേ ഇത് മനസ്സിലാകൂ. സാധാരണക്കാരെ പലതരം ദുർവ്യാഖ്യാനങ്ങൾ നടത്തി സ്വാധീനിക്കുന്ന രീതിയാണ് തീവ്രവാദികളുടേതെന്നും എം ലുഖ്മാൻ ചൂണ്ടിക്കാട്ടി. കേരളത്തിൽ ഇതേ മെത്തഡോളജിയാണ് പോപ്പുലർ ഫ്രണ്ട് പയറ്റിക്കൊണ്ടിരിക്കുന്നത്. പ്രവാചകനുമായി ബന്ധപ്പെട്ട ഒരു സംഭവത്തെ തെറ്റായി നിർമിച്ച വിശദീകരണങ്ങൾ നൽകിയും, പാതി ഉപേക്ഷിച്ചും പോപ്പുലർ ഫ്രണ്ട് പ്രഭാഷകൻ കഴിഞ്ഞ ദിവസം കോഴിക്കോട് പ്രസംഗിച്ചത് യാദൃശ്ചികമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർ‌ത്തു.

അഫ്‌സല്‍ ഖാസിമിയുടെ വാദത്തിനെതിരെ നേരത്തെ എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂരും, എസ്എസ്എഫ് ദേശീയ പ്രസിഡന്റ് ഡോ മുഹമ്മ​ദ് ഫാറൂഖ് നഈമി കൊല്ലവും രം​ഗത്തെത്തിയിരുന്നു. പ്രവാചകന്റെ ജീവിതത്തിലെ സഹിഷ്ണുതയുടെ അധ്യായങ്ങളെ പോലും വളച്ചൊടിച്ച് അപകടകരമായി ഉദ്ധരിക്കുന്നവർ അദ്ദേഹത്തിന്റെ ചരിത്രത്തെയും വ്യക്തിത്വത്തെയും പരസ്യമായി ആക്ഷേപിക്കുകയാണ് ചെയ്യുന്നതെന്ന് മുഹമ്മദ് ഫാറൂഖ് നഈമി വിമർശിച്ചു.

കൊല്ലാൻ വന്നവന്റെ വാള് വീണ് കിട്ടിയപ്പോൾ മാപ്പു കൊടുത്ത പ്രവാചകനെ പ്രതികാരം പഠിപ്പിച്ച നബിയായി അവതരിപ്പിക്കുന്നവർ സ്വന്തം താത്പര്യത്തിനായി മതത്തെ ദുരുപുയോഗം ചെയ്യുകയാണ്. ഇസ്‌ലാമിനെയും സമുദായത്തെയും എതിർക്കുന്നവർക്കു വാള് കൊടുക്കുകയാണ് ഇവർ ചെയ്യുന്നതെന്നും മുഹമ്മദ് ഫാറൂഖ് നഈമി കൂട്ടിച്ചേർത്തു.

വൈകാരിതയും തീവ്രചിന്തയും ഇളക്കി വിടുന്ന പോപ്പുലർ ഫ്രണ്ടിൻ്റെ ഇമാമിന് ചരിത്രം മുഴുവൻ വേണ്ട. പ്രവാചകൻ തിരിച്ചടിക്കാൻ ശ്രമിച്ചു എന്നു തോന്നിപ്പിക്കുന്നയിടം വരെ എത്തിച്ച് അണികളിൽ പൊട്ടിത്തെറിക്കാനുള്ള വീര്യം ഉണ്ടാക്കിയാൽ മാത്രം മതി. ചരിത്രത്തിൽ ബാക്കിയുള്ള സഹിഷ്ണുതയുടെ കഥ ഇവർക്ക് വേണ്ടെന്നും എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂരും വിമർശിച്ചു.

STORY HIGHLIGHTS: M Luqman Alleged Model of the Popular Front is Various Terrorist Organizations in the World

Next Story