എം ലിജു കോണ്‍ഗ്രസ് രാജ്യസഭ സ്ഥാനാര്‍ത്ഥിയായേക്കും; രാഹുല്‍ ഗാന്ധി കാണാന്‍ സുധാകരനോടൊപ്പം ലിജുവും
16 March 2022 12:15 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: കേരളത്തിലെ രാജ്യസഭ തെരഞ്ഞെടുപ്പില്‍ എം ലിജു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും. കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന് ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചു. കെ സുധാകരനോടൊപ്പം എം ലിജുവും ഉണ്ടായിരുന്നു.
കേരളമടക്കം ആറ് സംസ്ഥാനങ്ങളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് മാര്‍ച്ച് 31 നാണ് നടക്കുന്നത്. കേരളത്തില്‍ നിന്നും മൂന്ന് എംപിമാരെയാണ് തെരഞ്ഞെടുക്കുക. 21 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. എകെ ആന്റണി (കോണ്‍ഗ്രസ്), സോമപ്രസാദ് (സിപിഐഎം), എംവി ശ്രേയസ് കുമാര്‍ (എല്‍ജെഡി) എന്നിവരുടെ ഒഴിവിലേക്കാണ് കേരളത്തില്‍ തെരഞ്ഞെടുപ്പ്.
കോണ്‍ഗ്രസിന് ജയിക്കാവുന്ന സീറ്റിലേക്കാണ് എം ലിജുവിനെ പരിഗണിക്കുന്നത്. രാജ്യസഭാ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞിരുന്നു.
എല്ലാത്തിനും നടപടിക്രമം ഉണ്ട്. എല്ലാ കാര്യങ്ങളും ആലോചിച്ചു തീരുമാനിക്കും.യുവജന പ്രാതിനിധ്യം കൂടി കണക്കിലെടുത്താവും തീരുമാനം. അന്തിമ പ്രഖ്യാപനം അഖിലേന്ത്യാ കോണ്‍ഗ്രസ്സ് അധ്യക്ഷയുടേതാവുമെന്നും വിഡി സതീശന് പറഞ്ഞിരുന്നു.
ഇടതുമുന്നണി നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എഎ റഹീം, സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അഡ്വ പി സന്തോഷ് എന്നിവരാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍.