Top

'മുസ്ലീമായതുകൊണ്ടല്ല, ധാര്‍മ്മികതയുടെ വശത്ത് നിന്നാണ് സംസാരിക്കുന്നത്'; തന്നെ സ്വവര്‍ഗരതി ആസ്വദിക്കുന്നയാളായി ചിത്രീകരിച്ചെന്ന് എംകെ മുനീര്‍

ലിംഗസമത്വം എന്ന ഒറ്റ വാക്ക് മാറ്റിയത് കൊണ്ട് യഥാര്‍ത്ഥ പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല എന്നും മുനീര്‍ പറഞ്ഞു

25 Aug 2022 7:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുസ്ലീമായതുകൊണ്ടല്ല, ധാര്‍മ്മികതയുടെ വശത്ത് നിന്നാണ് സംസാരിക്കുന്നത്; തന്നെ സ്വവര്‍ഗരതി ആസ്വദിക്കുന്നയാളായി ചിത്രീകരിച്ചെന്ന് എംകെ മുനീര്‍
X

കോഴിക്കോട്: ജെന്‍ഡര്‍ ന്യൂട്രല്‍ വിവാദത്തില്‍ പറഞ്ഞ കാര്യങ്ങളെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പരാതിയുമായി എം കെ മുനീര്‍ എംഎല്‍എ. സ്വവര്‍ഗ രതിയെ അനുകൂലിക്കുന്നയാളായി മാധ്യമങ്ങള്‍ ചിത്രീകരിച്ചു. എൻറെ സ്വത്വത്തെ തന്നെ അത് ബാധിച്ചു. പാഠ്യപദ്ധതിയില്‍ പരിഷ്‌കരണം വേണം. ലിംഗസമത്വം എന്ന ഒറ്റ വാക്ക് മാറ്റിയത് കൊണ്ട് യഥാര്‍ത്ഥ പ്രശ്‌നം പരിഹരിക്കപ്പെടുന്നില്ല എന്നും മുനീര്‍ പറഞ്ഞു.

'പറയുന്ന കാര്യങ്ങള്‍ വളച്ചൊടിക്കപ്പെടുന്നത് ജീവിതത്തെ ബാധിക്കുന്നു. പറഞ്ഞതിന് വിപരീതമാണ് വാര്‍ത്തയായി വരുന്നത്. സ്വവര്‍ഗരതി ആസ്വദിക്കുന്ന ഒരാളായാണ് മാധ്യമങ്ങള്‍ എന്നെ ചിത്രീകരിച്ചത്. അതില്‍ ശക്തമായ അമര്‍ഷം രേഖപ്പെടുത്തുന്നു. മാധ്യമങ്ങള്‍ ഉയര്‍ത്തുന്ന ആശയം മറ്റുള്ളവരുടെ തലയില്‍ അടിച്ചേല്‍പ്പിക്കരുത്. സ്ത്രീകളുടെയും കുട്ടികളുടെയും വകുപ്പ് കൈകാര്യം ചെയ്തയാളാണ് ഞാന്‍. ആ സമയം പോക്‌സോ കേസുകള്‍ക്കെതിരെ ശക്തമായ ഇടപെടല്‍ നടത്തിയിരുന്നു. ലോകത്ത് നടക്കുന്ന മുന്നേറ്റങ്ങളെ കുറിച്ച് ചിന്തിക്കണം എന്നാണ് ഞാന്‍ പ്രസംഗത്തിലൂടെ ഉദ്ദേശിച്ചത്.'

'ട്രോളുകളില്‍ എന്നെ ഹോമോ സെക്ഷ്വല്‍ ആയി ചിത്രീകരിക്കുന്നു. ഇവിടെ ട്രാന്‍സ് ജെന്‍ഡര്‍ പോളിസി കൊണ്ട് വന്നത് ഞാനാണ്, എല്‍ജിബിടിക്യുവിന് ഞാന്‍ എതിരല്ല. ഇത്രയും ചെയ്തതിന് സര്‍ക്കാരിനോട് നന്ദിയുണ്ട്.'

'ബോയ് ലൗ അസോസിയേഷനുകള്‍ ലോകത്ത് സജീവമാണ്. അതുകൊണ്ടാണ് ഞാൻ പോക്‌സോ കേസുകള്‍ അപ്രസക്തമാകുന്നു എന്ന് പറഞ്ഞത്.

അത് അതിന്റേതായ അര്‍ഥത്തിലല്ല മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നത്. എന്റെ സ്വത്വത്തെ പോലും ഇത്തരം വ്യാജ വാര്‍ത്തകള്‍ ബാധിച്ചു. വസ്ത്രം ഒരാളുടെ സ്വാതന്ത്ര്യത്തിന് അനുസരിച്ച് ധരിക്കാം. പക്ഷേ അടിച്ചേല്‍പ്പിക്കരുത്. ബാലുശ്ശേരി സ്‌കൂളില്‍ കുട്ടികള്‍ ചുരിദാറിലേക്ക് മാറിയത് അവര്‍ കംഫര്‍ട്ടബിളായത് കൊണ്ടാണ്.'

'പാഠ്യപദ്ധതി പരിഷ്‌കരണം ആവശ്യമാണ്. ലിംഗസമത്വം എന്ന ഒരു വാക്ക് മാറ്റിയത് കൊണ്ട് മാത്രം യഥാര്‍ത്ഥ പ്രശ്‌നം പരിഹരിക്കപ്പെടില്ല. ഇത്തരം നീക്കങ്ങള്‍ സര്‍ക്കാര്‍ അറിഞ്ഞു കൊണ്ടാവണമെന്നില്ല. പുരോഗതിയ്ക്ക് ഞാന്‍ എതിരല്ല, എന്നാല്‍ അരാജകത്വത്തിലേക്ക് പോകുമ്പോള്‍ അഭിപ്രായങ്ങള്‍ പറയും. അത് മുസ്ലീം ആയതുകൊണ്ടല്ല, ധാര്‍മികതയുടെ വശത്തു നിന്നാണ് ഞാന്‍ സംസാരിക്കുന്നത്', എം കെ മുനീര്‍ കൂട്ടിച്ചേർത്തു.

STORY HIGHLIGHTS: M K Muneer Alleges Media For Twisted His Statement

Next Story