Top

'സര്‍ക്കാരിനും വീണ ജോര്‍ജിനും സല്യൂട്ട്'; സുഹൃത്തിന്റെ മകള്‍ക്കുള്ള ചികിത്സാ സഹായത്തിന് നന്ദി പറഞ്ഞ് എം ജയചന്ദ്രന്‍

അസുഖത്തിന് ഒരു പരിഹാരം ഇന്‍സുലിന്‍ പമ്പ് ചെയ്യുകയാണെന്നും എന്നാല്‍ അതിന് ഏഴ് ലക്ഷവും മറ്റ് ചെലവുമായി മാസം ഇരുപതിനായിരം രൂപയോളം വേണ്ടി വരുമെന്നും ജയചന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു

17 Sep 2022 11:17 AM GMT
ഫിൽമി റിപ്പോർട്ടർ

സര്‍ക്കാരിനും വീണ ജോര്‍ജിനും സല്യൂട്ട്; സുഹൃത്തിന്റെ മകള്‍ക്കുള്ള ചികിത്സാ സഹായത്തിന് നന്ദി പറഞ്ഞ് എം ജയചന്ദ്രന്‍
X

തന്റെ സുഹൃത്തിന്റെ രോഗിയായ മകള്‍ക്ക് വേണ്ട ചികിത്സാ സഹായം വാഗ്ദാനം ചെയ്ത സര്‍ക്കാരിനും ആരോഗ്യ മന്ത്രി വീണ ജോര്‍ജിനും നന്ദി പറഞ്ഞ് സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍. സുഹൃത്ത് സുരേഷിന്റെ മകള്‍ നാലാം ക്ലാസുകാരിയായ പ്രമേഹ രോഗമുള്ള ശ്രീനന്ദയ്ക്ക് വേണ്ടിയാണ് മന്ത്രി ചികിത്സാ സഹായം ഉറപ്പ് നല്‍കിയത്. ഏത് നിമിഷവും മൂര്‍ഛിക്കുന്ന രോഗം മൂലം മാതാപിതാക്കളുടെ സാന്നിധ്യമില്ലാതെ സ്‌കൂളില്‍ പോകാന്‍ പോലും കഴിയാത്ത അവസ്ഥയാണ് ശ്രീനന്ദയ്ക്ക്. അസുഖത്തിന് ഒരു പരിഹാരം ഇന്‍സുലിന്‍ പമ്പ് ചെയ്യുകയാണെന്നും എന്നാല്‍ അതിന് ഏഴ് ലക്ഷവും മറ്റ് ചെലവുമായി മാസം ഇരുപതിനായിരം രൂപയോളം വേണ്ടി വരുമെന്നും ജയചന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

കുട്ടിയുടെ ചികിത്സാ ചെലവ് വഹിക്കാനുള്ള സാമ്പത്തിക ചുറ്റുപാടല്ല കുടുംബത്തിനുള്ളത്. ഇക്കാര്യം സുഹൃത്തും ഗാന രചിയിതാവുമായ ബി കെ ഹരിനാരായണനെ അറിയിപ്പോള്‍ അദ്ദേഹം ഇക്കാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും സര്‍ക്കാര്‍ ചില സഹായങ്ങള്‍ കുടുംബത്തിന് നല്‍കിയെന്നും ജയചന്ദ്രന്‍ അറിയിച്ചു. ശ്രീനന്ദയ്ക്ക് ആവശ്യമായ മരുന്നും മറ്റുകാര്യങ്ങളും നല്‍കും, എന്ത് സഹായത്തിനും ആര്‍ബിഎസ്‌കെ വോളണ്ടിയേഴ്‌സിനെ വിളിക്കാം, ലൊക്കാലിറ്റിയില്‍ ഒരു നഴ്‌സ് ഉണ്ടാകും, കുട്ടിയുടെ സ്‌കൂളില്‍ ടീച്ചേഴ്‌സിന് ഈ രോഗത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തും, ശാശ്വതമായ ചികിത്സാ പദ്ധതി എന്താണോ അത് കുട്ടിക്ക് ലഭ്യമാക്കും എന്നീ കാര്യങ്ങളിലാണ് ശ്രീനന്ദയുടെ കുടുംബത്തിന് മന്ത്രി ഉറപ്പ് നല്‍കിയിരിക്കുന്നത്.

എം ജയചന്ദ്രന്റെ കുറിപ്പ്

സുരേഷ് എന്റെ സുഹൃത്താണ്. സുരേഷിന്റെ മകളാണ് ശ്രീനന്ദ. പാലക്കാട് താരേക്കാട് മോയിന്‍സ് സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്, എട്ടു വയസ്സ്‌കാരിയായ ശ്രീനന്ദ. 4 വയസ്സ് മുതല്‍ ടൈപ്പ് 1 ഡയബറ്റിക് രോഗി ആണ് ഈ കുഞ്ഞു മകള്‍. ( പ്രമേഹരോഗികള്‍ക്ക് / ഈ രോഗത്തെ കുറിച്ച് മനസിലാക്കിയവര്‍ക്ക് അറിയാം ഇതിന്റെ വിഷമാവസ്ഥ ). ശ്രീനന്ദയുടെ ഷുഗര്‍ ലെവല്‍ ചിലപ്പോള്‍ 620 നൊക്കെ മുകളിലേക്ക് പോകും. ചിലപ്പോള്‍ താഴ്ന്ന് 27 ലേക്കും ( ഹൈപോ) എത്തും. ക്ലാസിലിരുക്കുന്ന സമയത്താണ് പലപ്പൊഴും ഇത് സംഭവിക്കാറ്. ഹൈപ്പോ സ്റ്റേജിലെത്തിയാല്‍ കുട്ടി മുഖമൊക്കെ കോടി നിലത്തു വീഴും .ഉടന്‍ ടീച്ചര്‍മാര്‍ വീട്ടിലേക്ക് വിളിക്കും. അച്ഛനോ അമ്മയോ ഓട്ടോയെടുത്ത് ചെല്ലും. ഗ്ലൂക്കോസ് പൊടി കലക്കി കൊടുക്കും. പിന്നെ മണിക്കൂര്‍ നേരം കുട്ടി തളര്‍ന്ന് കിടക്കും. അതിനുശേഷമേ ഉണരൂ. അപ്പോള്‍ ഷുഗര്‍ ലെവല്‍ കൂടാന്‍ തുടങ്ങും. ഇത് പലപ്പോഴും ഒരു പതിവാണ്. അതുകൊണ്ട് മാതാപിതാക്കള്‍ ചുറ്റുവട്ടത്തു തന്നെ കാണും എപ്പോഴും. ഒരു വിളി പ്രതീക്ഷിച്ച് . വാടക വീട്ടിലാണ് സുരേഷും കുടുംബവും താമസം. ഇങ്ങനൊരുവസ്ഥയില്‍ ദൂരസ്ഥലത്ത് ജോലിക്ക് പോവാനാവാത്തതിനാല്‍ അടുത്ത് തന്നെയുള്ള ഒരു വീട്ടില്‍ സ്വകാര്യ വാഹന ഡ്രൈവറായി നില്‍ക്കുകയാണ് സുരേഷ് . കുഞ്ഞിന്റെ അമ്മയാണങ്കില്‍ സദാ നേരം അവളെ പരിചരിച്ചുകൊണ്ട് ജോലിക്ക് പോകാനാവാതെ കഴിയുന്നു.

ശ്രീനന്ദയ്ക്ക് ദിവസവും നാല് നേരം ഇന്‍സുലിന്‍ കൊടുക്കണം ( ഹ്യുമലോഗും, ലാന്റ്‌സ് ഉം ) , നിത്യേന രാവിലെ ഏഴുമണി തൊട്ട് പുലര്‍ച്ചെ രണ്ട് മണി വരെ 8 നേരങ്ങളിലായി ഷുഗര്‍ ചെക്ക് ചെയ്യണം. ചികിത്സാ ചെലവ് തന്നെ ഭീമമായ ഒരു തുക വരും. സര്‍ക്കാരിന്റെ മധുരമിഠായി പദ്ധതിയില്‍ നിന്ന് കുട്ടിക്ക് രണ്ട് മാസം കൂടുമ്പോള്‍ ഇന്‍സുലിന്‍ ലഭിക്കുന്നുണ്ട്. പക്ഷെ രോഗത്തിന്റെ അവസ്ഥ കാരണം അതു പോരാതെ വരുന്നു. തുച്ഛമായ തന്റെ ശമ്പളം വച്ച് സുരേഷിന് ഒന്നും ചെയ്യാനാവുന്നില്ല. ഈ അസുഖത്തിന് ശാശ്വത പരിഹാരമായി വിദഗ്ധര്‍ നിര്‍ദ്ദേശിച്ചത് ഇന്‍സുലിന്‍ പമ്പ് ഘടിപ്പിക്കലാണത്രെ. അതിന് 7 ലക്ഷം രൂപവരും. മാത്രമല്ല അതിന്റെ മെയ്ന്റനന്‍സ് കോസ്റ്റ് പ്രതിമാസം പതിനയ്യായിരമോ ഇരുപതിനായിരമോ രൂപ വരുമത്രെ. സുരേഷിനെ കൊണ്ട് ഇതൊന്നും ചിന്തിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. എനിക്ക് ആകാവുന്ന വിധത്തിലൊക്കെ സുരേഷിന് സഹായങ്ങള്‍ ചെയ്യാറുണ്ട്. സുഹൃത്തുക്കളോട് പറയാറുമുണ്ട്.

സുരേഷിനെക്കുറിച്ച് പ്രിയപ്പെട്ട ഹരിയോട് (ബികെ ഹരിനാരായണന്‍) പറഞ്ഞിരുന്നു. ഹരി അത് ആരോഗ്യമന്ത്രി വീണാജോര്‍ജിനെ അറിയിച്ചു. മന്ത്രി സുരേഷിന്റെ കുടുംബത്തെ വിളിച്ച് താഴെ പറയുന്ന കാര്യങ്ങളില്‍ ഉറപ്പ് കൊടുത്തിട്ടുണ്ട്.

* ശ്രീനന്ദക്ക് വേണ്ട ഇന്‍സുലിനും അനുബന്ധ മരുന്നുകളും രണ്ടുമാസം എന്ന കണക്കില്ലാതെ ആവശ്യാനുസരണം ലഭ്യമാക്കും. അത് തൃശ്ശൂരില്‍ പോയി വാങ്ങേണ്ടതില്ല പാലക്കാട് നിന്ന് തന്നെ ലഭിക്കും

*മരുന്ന് എപ്പോള്‍ തീര്‍ന്നാലും/ എന്ത് സഹായത്തിനും ആര്‍ബിഎസ്‌കെ വളണ്ടിയേഴ്‌സിനെ വിളിക്കാം. ഒരു നഴ്‌സ്, ലൊക്കാലിറ്റിയില്‍ തന്നെ ഉണ്ടാകും

* രക്ഷിതാക്കള്‍ പറഞ്ഞ പ്രകാരം കുട്ടിയുടെ സ്‌കൂളില്‍ ടീച്ചേഴ്‌സിന് ഈ രോഗത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തും ( ഹൈപ്പോ കണ്ടീഷന്‍ വരുമ്പോള്‍ പെട്ടെന്ന് അലര്‍ട്ട് ആവാനായി)

* രണ്ടാഴ്ച കുട്ടിയുടെ കണ്ടീഷന്‍ മോണിറ്റര്‍ ചെയ്ത് ഡോക്യുമെന്റ് ചെയ്യും .അതിനെ അടിസ്ഥാനപ്പെടുത്തി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്‌സിലെ വിദഗ്ധരുമായി ചര്‍ച്ചചെയ്ത് , ശാശ്വതമായ ചികിത്സാ പദ്ധതി എന്താണോ ( ഇന്‍സുലിന്‍ പമ്പാണങ്കില്‍ അത് ) അത് കുട്ടിക്ക് ലഭ്യമാക്കും

ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്നുള്ള വേഗത്തിലുള്ള നടപടിയില്‍ എനിക്ക് ഏറെ സന്തോഷം തോന്നുന്നു .ശ്രീനന്ദയെപ്പോലുള്ള നിരവധി കുഞ്ഞുങ്ങളുണ്ട് . ഇതുപോലെ അസുഖമുള്ളവര്‍ .അവര്‍ക്കെല്ലാം സര്‍ക്കാരിന്റെ സഹായം ഉണ്ടാവട്ടെ. വലിയൊരു സല്യൂട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്/ ഡോക്ടര്‍മാര്‍ക്ക് / ആരോഗ്യവകുപ്പിന്/ സര്‍ക്കാരിന്.

Story Highlights; M Jayachandran thanks to Veena George and the government for the medical help for his friend's daughter

Next Story