Top

എം.ബി രാജേഷ് ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; 'പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കും'

എല്ലാവരുടെയും സഹകരണവും പിന്തുണയും തുടര്‍ന്നും ഉണ്ടാകണമെന്നും എംബി രാജേഷ് അഭ്യര്‍ത്ഥിച്ചു.

6 Sep 2022 1:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എം.ബി രാജേഷ് ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും; പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കും
X

തിരുവനന്തപുരം: സ്പീക്കര്‍ പദവി രാജിവെച്ച എം.ബി രാജേഷ് ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പതിനൊന്ന് മണിക്ക് രാജ്ഭവനില്‍ വച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്ത എംവി ഗോവിന്ദന്‍ രാജിവെച്ച ഒഴിവിലാണ് നിയമസഭാ സ്പീക്കറായിരുന്ന രാജേഷിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയത്.

ഗോവിന്ദന്‍ മാസ്റ്റര്‍ കൈകാര്യം ചെയ്ത തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പുകള്‍ തന്നെയാണ് രാജേഷിന് നല്‍കുക. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ മന്ത്രിസഭയിലെ ആദ്യ അഴിച്ചുപണി കൂടിയാണിത്. പാര്‍ട്ടി താല്‍പ്പര്യവും ജനതാല്‍പ്പര്യവും ഉയര്‍ത്തി പിടിച്ചാണ് ഇതുവരെ പ്രവര്‍ത്തിച്ചതെന്നും പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കും. എല്ലാവരുടെയും സഹകരണവും പിന്തുണയും തുടര്‍ന്നും ഉണ്ടാകണമെന്നും എംബി രാജേഷ് അഭ്യര്‍ത്ഥിച്ചു.

വി ടി ബല്‍റാം തുടര്‍ച്ചയായി രണ്ടുതവണ ജയിച്ച തൃത്താല മണ്ഡലത്തില്‍ അദ്ദേഹത്തെ തോല്‍പ്പിച്ചാണ് ഇക്കുറി എംബി രാജേഷ് സഭയിലെത്തുന്നത്. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായും ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് എന്നീ നിലകളിലും എംബി രാജേഷ് പ്രവര്‍ത്തിച്ചു. 2009ലും 2014ലും പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ എംപി. നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ് രാജേഷ്.

എംബി രാജേഷിന് പകരം സ്പീക്കറായി തെരഞ്ഞെടുത്ത ഷംസീറിന്റെ സത്യപ്രതിജ്ഞയ്ക്കായി സെപ്തംബര്‍ 12ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരും. എം.ബി.രാജേഷ് രാജിവച്ചതോടെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് നിലവില്‍ സഭാനാഥന്റെ ഉത്തരവാദിത്വം നിര്‍വഹിക്കുക.

Story Highlights: M B Rajesh Swearing in as Minister today

Next Story