Top

'എക്കാലത്തേയും ഏറ്റവും വലിയ തകില്‍ വിദഗ്ദ്ധന്‍മാരിലൊരാള്‍'; കരുണാമൂര്‍ത്തിയുടെ വേര്‍പാട് തീരാനഷ്ടമെന്ന് എംഎ ബേബി

രംഗബോധമില്ലാത്ത കോമാളിയെ പോലെ മരണം ഈ യുവ സംഗീത പ്രതിഭയെ നമ്മിൽ നിന്നും അപഹരിച്ചത്- എംഎ ബേബി

15 Jun 2022 5:28 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എക്കാലത്തേയും ഏറ്റവും വലിയ തകില്‍ വിദഗ്ദ്ധന്‍മാരിലൊരാള്‍; കരുണാമൂര്‍ത്തിയുടെ വേര്‍പാട് തീരാനഷ്ടമെന്ന് എംഎ ബേബി
X

കൊല്ലം: വിഖ്യാത തകിൽ വിദ്വാൻ വൈക്കം കരുണാമൂർത്തിയുടെ മരണത്തിൽ ആദരമർപ്പിച്ച് എംഎ ബേബി. അതുല്യനായ തകിൽ വിദഗ്ദ്ധൻ കരുണാമൂർത്തിയുടെ അകാല മരണം സംഗീത ലോകത്തിനു തീരാ നഷ്ടമാണ്. എക്കാലത്തെയും ഏറ്റവും വലിയ തകിൽ വിദഗ്ദ്ധന്മാരിൽ ഒരാളായി അതിവേഗം അംഗീകാരം നേടിയെടുത്തു കൊണ്ടിരിക്കുന്നതിനിടയിലാണ് രംഗബോധമില്ലാത്ത കോമാളിയെ പോലെ മരണം ഈ സംഗീത പ്രതിഭയെ നമ്മിൽ നിന്നും അപഹരിച്ചതെന്ന് എംഎ ബേബി പറഞ്ഞു.

പ്രിയ കലാകാരന്റെ അകാല വേർപാട് കലാ സാംസ്കാരിക ലോകത്തിന് തീർത്താൽ തീരാത്ത നഷ്ടമാണെന്നും കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും എംഎ ബേബി കൂട്ടിചർത്തു. ഫേയ്സ്ബുക്ക് പോസ്റ്റിലാണ് എംഎ ബേബി വൈക്കം കരുണാമൂർത്തിക്ക് ആദരമറിയിച്ചത്.

എംഎ ബേബിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്,

അതുല്യനായ തകിൽ വിദഗ്ദ്ധൻ കരുണാമൂർത്തിയുടെ അകാല മരണം സംഗീത ലോകത്തിനു തീരാ നഷ്ടമാണ്.എക്കാലത്തെയും ഏറ്റവും വലിയ തകിൽ വിദഗ്ദ്ധന്മാരിൽ ഒരാളായി അതിവേഗം അംഗീകാരം നേടിയെടുത്തു കൊണ്ടിരിക്കുന്നതിനിടയിലാണ് രംഗബോധമില്ലാത്ത കോമാളിയെ പോലെ മരണം ഈ യുവ സംഗീത പ്രതിഭയെ നമ്മിൽ നിന്നും അപഹരിച്ചത്.മാൻഡൊലിൻ ശ്രീനിവാസന്റെയും ഗഞ്ചിറ വിദ്വാൻ ഹരിശങ്കറിന്റെയും അകാല മരണങ്ങളാണ് കരുണാമൂർത്തിയുടെ വേർപാട് ഓർമിപ്പിക്കുന്നത്. ഹരിപ്പാട് നാരായണ പണിക്കരിൽ നിന്ന് പത്താം വയസ്സിൽ തകിൽ പഠനം തുടങ്ങി. പതിമൂന്നാം വയസ്സിൽ അടിസ്ഥാന പഠനം പൂർത്തിയാക്കി.ഉപരി പഠനാർത്ഥം തഞ്ചാവൂർ ഗോവിന്ദ രാജിൻറെ ശിഷ്യത്വം സ്വീകരിച്ചു.തുടർന്ന് തമിഴ്‌നാട്ടിലെ തന്നെ ടി വെങ്കിടേശിൽ നിന്ന് കൂടുതൽ സങ്കീർണങ്ങളായ താള വൈവിധ്യങ്ങൾ അഭ്യസിച്ചു.തകിലിന്റെ പരമ ശിവനായ വളയപ്പെട്ടി സുബ്രഹ്‌മണ്യൻ കരുണാമൂർത്തിയെ ശിഷ്യനായി സ്വീകരിച്ചു പരിശീലനം നല്കാൻ തയാറായത് കരുണാമൂർത്തിയുടെ ഉയർച്ചയിൽ നിർണായക വഴിത്തിരിവ് ആയിരുന്നു. അതുല്യനായ മറ്റൊരു താള വിദഗ്ദ്ധൻ മണ്ണാർകുടി വാസുദേവനിൽ നിന്നും പഠനം തുടർന്ന കരുണാമൂർത്തി അദ്ദേഹവുമൊത്തു പരിപാടികൾ അവതരിപ്പിച്ചു പോന്നു. തന്റേതായ ഒരു വാദനശൈലി വികസിപ്പിച്ചെടുക്കുവാൻ നിരന്തര സാധകത്തിലൂടെയും പ്രയോഗത്തിലൂടെയും പരീക്ഷണങ്ങളിലൂടെയും കരുണാമൂർത്തിയ്ക്ക് കഴിഞ്ഞു .എ കെ സി നടരാജൻ ,കദ്രി ഗോപാൽ നാഥ് ,സേതുരാമൻ പൊന്നുസ്വാമി ,തിരുവിഴ ജയശങ്കർ ,വെട്ടിക്കവല ശശികുമാർ ,മട്ടന്നൂർ ശങ്കരൻകുട്ടി തുടങ്ങി ഒട്ടേറെ സംഗീത പ്രതിഭകളുമൊത്ത് കരുണാമൂർത്തി അവിസ്മരണീയമായ കച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട് .പ്രിയ കലാകാരന്റെ അകാല വേർപാട് കലാ സാംസ്കാരിക ലോകത്തിന് തീർത്താൽ തീരാത്ത നഷ്ടമാണ്. കുടുംബത്തിന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നു.

ഉദരസംബന്ധമായ അസുഖത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കരുണാമൂർത്തി. രാജ്യാന്തര തലത്തിലുൾപ്പെടെ നിരവധി വേദികളിൽ കലാപ്രകടനം നടത്തിയിരുന്നയാളാണ് കരുണാമൂർത്തി. തകിൽ കീർത്തനങ്ങൾ കൊണ്ട് ആസ്വാദക ഹൃദയം കീഴടക്കിയ പ്ര​ഗത്ഭനായിരുന്നു ഇദ്ദേഹം.

വൈക്കം ക്ഷേത്ര കലാപീഠം മുൻ അധ്യാപകനുമായിരുന്നു. കാഞ്ചി കാമകോടി പീഠം ആസ്ഥാൻ വിദ്വാൻ പദവി നേടിയിട്ടുണ്ട്. ഭാര്യ ശ്രീലത മൂർത്തി, മക്കൾ ആതിര മൂർത്തി, ആനന്ദ് മൂർത്തി, മരുമകൻ മനുശങ്കർ. നാളെയാണ് സംസ്കാരം.

STORY HIGHLIGHTS: MA Baby says Karunamoorthy's separation is a great loss

Next Story