ഇരുപത് രൂപയ്ക്ക് ഊണ്, എടിഎം റേഷൻകട; വിഷുകൈനീട്ടവുമായി സർക്കാർ
ഒന്നാം പിണറായി സർക്കാരിന്റെ ഭക്ഷ്യക്കിറ്റ് വിതരണം ഏറെ ജനപ്രീതി നേടിയിരുന്നു. സ്മാർട്ട് റേഷൻ കടകൾവഴി സാധാരണക്കാർക്കുള്ള സേവനം കൂടുതൽ വിപുലപ്പെടുത്തുകയാണ് രണ്ടാം പിണറായി സർക്കാർ.
14 Feb 2022 3:23 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലും 20 രൂപയ്ക്ക് ഊണ് നൽകാൻ സർക്കാരിന്റെ സുഭിക്ഷാ ഹോട്ടലുകൾ. ഗ്രാമ പ്രദേശങ്ങളിലെ ആയിരം റേഷൻ കടകളിൽ പണം പിൻവലിക്കാനുള്ള എ.ടി.എം സൗകര്യം. രണ്ടാം പിണറായി സർക്കാരിന്റെ നൂറു ദിന പരിപാടിയിൽ ഉൾപ്പെടുത്തി ജനങ്ങൾക്ക് വിഷുക്കൈനീട്ടമായി ഭക്ഷ്യവകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളാണിത്.
ഒരു നേരത്തെ ഭക്ഷണം മിതമായ നിരക്കിൽ ലഭ്യമാക്കുന്ന പദ്ധതിയാണ് സുഭിക്ഷ ഹോട്ടൽ. പദ്ധതിയുടെ ഭാഗമായി ഹോട്ടലുകളിൽ നിന്ന് 20 രൂപ നിരക്കിലാണ് ഉച്ചയൂണ്. ഓരോ ഊണിനും നടത്തിപ്പുകാർക്കു സബ്സിഡിയായി 5 രൂപ നൽകാനാണ് സർക്കാർ തീരുമാനം. ഒന്നാം പിണറായി സർക്കാരിന്റെ ഭക്ഷ്യക്കിറ്റ് വിതരണം ഏറെ ജനപ്രീതി നേടിയിരുന്നു. എന്നാൽ സ്മാർട്ട് റേഷൻ കടകൾവഴി സാധാരണക്കാർക്കുള്ള സേവനം കൂടുതൽ വിപുലപ്പെടുത്തുകയാണ് രണ്ടാം പിണറായി സർക്കാർ.
നിലവിലെ റേഷൻ കാർഡിന് പകരം എ.ടി.എം കാർഡിലുള്ളതുപോലെ ചിപ്പ് ഘടിപ്പിച്ച് ബാങ്കുമായി ബന്ധപ്പെടുത്തുന്ന സ്മാർട്ട് കാർഡുകളാക്കും. എസ്.ബി.ഐ, ബാങ്ക് ഓഫ് ബറോഡ എന്നിവയുമായി സഹകരിച്ചാണ് എ.ടി.എം സേവനം നടപ്പിലാക്കുക. ഇതിനുവേണ്ട പരിശീലനം റേഷൻ കട ലൈസൻസികൾക്ക് നൽകും. കൂടാതെ ഓരോ ഇടപാടിന്റെയും കമ്മിഷൻ ലൈസൻസിയുടെ അക്കൗണ്ടിലെത്തും. ബാങ്കിംങ് സൈകര്യം കുറവായ ഗ്രാമ പ്രദേശങ്ങളിൽ ഇ- പോസ് മെഷീനിലൂടെ ബാങ്കിംഗ് ഇടപാട് നടത്തുന്നതിന്റെ ഭാഗമായാണ് തീരുമാനം.