പോത്തീസിലെ ബില്ല് 'ലക്കി ബില്ലില്‍'; 10 ലക്ഷത്തിന്റെ ഒന്നാം സമ്മാനം തിരുവനന്തപുരം സ്വദേശിക്ക്
ലക്കി ബില്‍ ബമ്പര്‍ നറുക്കെടുപ്പ് വിജയിയെ ഒക്ടോബര്‍ ആദ്യ വാരം പ്രഖ്യാപിക്കും.
7 Sep 2022 9:56 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ ലക്കി ബില്‍ ആപ്പിലെ ആദ്യ പ്രതിമാസ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 10 ലക്ഷം രൂപ തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിയായ പി.സുനില്‍ കുമാറിന്. തിരുവനന്തപുരം പോത്തീസില്‍ നിന്ന് വാങ്ങിയ സാധനങ്ങളുടെ ബില്ലിലൂടെയാണ് സുനില്‍ കുമാറിനെ ഒന്നാം സമ്മാനം തേടിയെത്തിയത്.
രണ്ടാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്കും, മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്കുമാണ് ലഭിച്ചത്. വിജയികളുടെ വിവരങ്ങള്‍ ചുവടെ: പേര്, വീട്ട് പേര്, സ്ഥലപ്പേര്, ബില്ല് നല്കിയ സ്ഥാപനം എന്ന ക്രമത്തില്‍.
രണ്ടാം സമ്മാന വിജയികള്‍: രമണി, തച്ചോളി ഹൗസ്, വടകര, കോഴിക്കോട് (മൈ ജി വടകര), അഖില്‍ എസ്, എസ്. വി നിവാസ്, എടത്വ, ആലപ്പുഴ (വെഡ് ലാന്റ് വെഡിങ്സ് ഹരിപ്പാട്), ഷിബിന്‍ ശശിധരന്, പുലയനാര്‍ക്കോട്ട, തിരുവനന്തപുരം (സോച്ച്, തിരുവനന്തപുരം), ബിജുമോന്. എന്‍, ശ്രീ കൈലാസത്ത്, ബാലഗ്രാമം, ഇടുക്കി (വരക്കുകാലയില്‍ സ്റ്റീല്‍സ് & സാനിറ്ററിസ്, നെടുങ്കണ്ടം), അനില്‍പ്രസാദ് എസ്, പഞ്ചമം, ഒയൂര്‍, കൊല്ലം (ലുലു, കൊച്ചി )
മൂന്നാം സമ്മാന വിജയികള്‍: സുധാകരന് എം , രാമന്തളി , കണ്ണൂര്‍ (ലസ്റ്റര്‍ ഗോള്‍ഡ് പാലസ്, പയ്യന്നൂര്‍) , സുനില്‍ സി.കെ, ചെറിയമ്പറമ്പില്‍, ചെങ്ങമനാട്, ആലുവ (കല്യാണ്‍ ജൂവലേഴ്സ്, അങ്കമാലി), സായ്നാഥ് സി, എയര്‍ഫോഴ്സ് സ്റ്റേഷന്, ശംഖുമുഖം, തിരുവനന്തപുരം (രാമചന്ദ്രന്, തിരുവനന്തപുരം), സെല്വരാജന് കെ.പി, ബി.എസ്.എന്‍.എല്‍ ഭവന്, സൗത്ത് ബസാര്‍, കണ്ണൂര്‍ (ബ്രദേഴ്സ് ഗിഫ്റ്റ് സെന്റര്‍, കണ്ണൂര്‍ ), അനു സുജിത്ത്, ശ്രവണം, കൊടിയത്ത്, തൃശൂര്‍ ( അല്‍ അഹലി ബിസിനസ്സ് ട്രേഡ് ലിങ്ക്സ്, തൃശൂര്‍.
25 ലക്ഷം രൂപ സമ്മാനമായി നല്കുന്ന ലക്കി ബില്‍ ബമ്പര്‍ നറുക്കെടുപ്പ് വിജയിയെ ഒക്ടോബര്‍ ആദ്യ വാരം പ്രഖ്യാപിക്കും. സെപ്തബര്‍ 30 വരെ അപ്ലോഡ് ചെയ്യപ്പെടുന്ന ബില്ലുകളാണ് ബമ്പര്‍ സമ്മാനത്തിനായി പരിഗണിക്കുന്നത്. ഇതുവരെ 1,15,000 ത്തോളം ബില്ലുകളാണ് ലക്കി ബില്‍ മൊബൈല്‍ ആപ്പില്‍ അപ്ലോഡ് ചെയ്യപ്പെട്ടത്. പ്രതിദിന, പ്രതിവാര നറുക്കെടുപ്പിലായി ഇതുവരെ 750 ഓളം പേര് വിജയികളായി. പ്രതിദിന നറുക്കെടുപ്പില്‍ ഇതുവരെ വിജയികളായവര്‍ക്കുള്ള ഗിഫ്റ്റ് പാക്കറ്റുകള്‍ ഏതാനും ദിവസത്തിനുള്ളില്‍ തന്നെ വിജയികളായവരുടെ മേല്‍ വിലാസത്തതില്‍ ലഭിച്ച് തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിദിന നറുക്കെടുപ്പിലെ വിജയികള്‍ക്ക് കുടുംബശ്രീ, വനശ്രീ എന്നിവര്‍ നല്കുന്ന 1000 രൂപ വിലയുള്ള ഗിഫ്റ്റ് പാക്കറ്റാണ് സമ്മാനമായി ലഭിക്കുന്നത്.
പ്രതിവാര നറുക്കെടുപ്പില്‍ വിജയികളായവര്‍ക്ക് കെ.ടി.ഡി.സി പ്രീമിയം ഹോട്ടലുകളില്‍ രണ്ട് രാത്രിയും മൂന്ന് പകലും ഉള്‍പ്പെടുന്ന സൗജന്യ താമസ സൗകര്യമാണ് ലഭിക്കുന്നത്. വിജയികളായവര്‍ക്ക് മൊബൈല്‍ ആപ്പില്‍ ലഭിച്ച സന്ദേശത്തില്‍ ഉള്ള മൊബൈല്‍ നമ്പര്‍ വഴിയോ, ഇമെയില്‍ വഴിയോ താമസ സൗകര്യം ബുക്ക് ചെയ്യാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
- TAGS:
- Lucky Bill
- Kerala