ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ചുഴലികാറ്റായേക്കും; അറബിക്കടലില്‍ 24 മണിക്കൂറിനുള്ളില്‍ ന്യുനമര്‍ദ്ദ സാധ്യത
അറബിക്കടലിലെ ന്യൂനമര്‍ദ്ദവും ബംഗാള്‍ ഉള്‍ക്കടലിലെ ചുഴലിക്കാറ്റും നിലവില്‍ കേരളത്തിന് ഭീഷണിയല്ലെന്ന് കാലാവസ്ഥാ വകുപ്പ്
1 Dec 2021 4:59 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട് മഴ തുടരുന്നതിനിടെ വരുന്ന രണ്ട് ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയെന്ന് മുന്നയിപ്പ്. കേരളത്തില്‍ അടുത്ത രണ്ടു ദിവസവും ഒറ്റപ്പെട്ട ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ആന്‍ഡമാന്‍ കടലില്‍ സ്ഥിതി ചെയ്യുന്ന ന്യുനമര്‍ദ്ദം നാളെയോടെ (ഡിസംബര്‍ 2) തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലെത്തി തീവ്രന്യുനമര്‍ദ്ദമായും തുടര്‍ന്നുള്ള 24 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപിച്ച് മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ വച്ചു 'ജവാദ് 'ചുഴലിക്കാറ്റായി മാറാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു. തുടര്‍ന്ന് പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശക്തി പ്രാപിക്കുന്ന ചുഴലിക്കാറ്റ് ഡിസംബര്‍ നാലിന് രാവിലെയോടെ വടക്കന്‍ ആന്ധ്രാപ്രദേശ് ഒഡിഷ തീരത്ത് കരയില്‍ പ്രവേശിക്കാനാണ് സാധ്യത. മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ മഹാരാഷ്ട്ര തീരത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യുനമര്‍ദ്ദം രൂപപ്പെട്ടേക്കാമെന്നും അറിയിപ്പുണ്ട്.
അതേസമയം, അറബിക്കടലിലെ ന്യുനമര്‍ദ്ദവും ബംഗാള്‍ ഉള്‍ക്കടലിലെ ചുഴലിക്കാറ്റും നിലവില്‍ കേരളത്തിന് ഭീഷണിയല്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.