വീണ്ടും 'ബമ്പര്‍' ട്വിസ്റ്റ്; അഞ്ചു കോടിയുടെ ഭാഗ്യവാന് താനാണെന്ന് ലോട്ടറി ഏജന്റ്
ഇത്തവണ 37 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചത്
23 Nov 2021 11:36 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പൂജാ ബമ്പര്‍ ഒന്നാം സമ്മാനമായ അഞ്ചു കോടി രൂപ നേടിയത് ലോട്ടറി ഏജന്റ് തന്നെ. കൂത്താട്ടുകുളം കിഴകൊമ്പ് മോളേപ്പറമ്പില്‍ ഏജന്റായ ജേക്കബ് കുര്യനെയാണ് അഞ്ചുകോടിയുടെ ഭാഗ്യം തേടിയെത്തിയത്. സമ്മാനാര്‍ഹമായ ടിക്കറ്റ് കൂത്താട്ടുകുളം കാനറാ ബാങ്കിന്റെ ശാഖയില്‍ ഏല്പിച്ചിട്ടുണ്ടെന്ന് ജേക്കബ് അറിയിച്ചു.
സിയാന്റെസ് ലക്കി സെന്റര്‍ ഉടമ മെര്ളിന് ഫ്രാന്‍സിസില്‍ നിന്നാണ് ജേക്കബ് കുര്യന് വില്‍പ്പനക്കായി ടിക്കറ്റ് വാങ്ങിയത്. RA 591801 എന്ന നമ്പര്‍ ടിക്കറ്റിനാണ് അഞ്ച് കോടി രൂപ അടിച്ചത്.
നറുക്കെടുപ്പ് ഫലം പുറത്തുവന്നതോടെ ഒന്നാം സമ്മാനം കൂത്താട്ടുകുളത്ത് വില്‍പ്പന നടത്തിയ ടിക്കറ്റിനാണെന്ന് കണ്ടെത്തിയിരുന്നു. പിന്നാലെ ടിക്കറ്റ് വിറ്റത് ജേക്കബിന്റെ കടയില്‍ നിന്നാണെന്നും വ്യക്തമായി. എന്നാല്‍ ഭാഗ്യവാനെ മാത്രം തിരിച്ചറിഞ്ഞിരുന്നില്ല. തുടര്‍ന്ന് രണ്ടു ദിവസങ്ങള്‍ക്ക് ശേഷം, ഭാഗ്യവാന് താനാണെന്ന് വ്യക്തമാക്കി ജേക്കബ് രംഗത്തെത്തുകയായിരുന്നു. തനിക്ക് പനിയുടെ ചില ലക്ഷണങ്ങളുണ്ടായിരുന്നു. അതുകൊണ്ട് വീട്ടില്‍ തന്നെയായിരുന്നെന്നും അതാണ് വിവരം പറയാന്‍ വൈകിയതെന്നും ജേക്കബ് പറഞ്ഞു.
ഇത്തവണ 37 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചത്. ഇത് മുഴുവനും വിറ്റുപോയതായി വകുപ്പ് അറിയിച്ചിരുന്നു.