'ബക്കറ്റ് പൊക്കി' രണ്ടാം തുരങ്കത്തിലും ലോറി; കുതിരാനില്‍ ലൈറ്റുകള്‍ ഉള്‍പ്പെടെ വീണ്ടും തകര്‍ന്നു
4 April 2022 4:49 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കുതിരാന്‍: ലോറിയുടെ ഉയര്‍ത്തിവച്ച പിന്‍ഭാഗം (ബക്കറ്റ്) ഇടിച്ച് കുതിരാനിലെ രണ്ടാമത്തെ തുരങ്കത്തിലെ കേബിളുകള്‍ തകര്‍ന്നു. ഞായറാഴ്ച പുലര്‍ച്ചെ 1.35 നായിരുന്നു സംഭവം. തൃശൂര്‍ ഭാഗത്തേക്കുള്ള രണ്ടാമത്തെ തുരങ്കത്തിലെ ലൈറ്റ്, എക്സ് ഹോസ്റ്റ് ഫാനുകള്‍, ഡിജിറ്റല്‍ സൂചനാ ബോര്‍ഡ് എന്നിവയുടെ കേബിളുകളാണ് തകര്‍ന്നത്. പാറ പൊട്ടിച്ച കല്ലും മണ്ണും നീക്കം ചെയ്യുന്ന കമ്പനിയുടെ ലോറിയാണ് നാശനഷ്ടം ഉണ്ടാക്കിയത്.
മൂന്നര ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം. തുരങ്കത്തിലൂടെ കേബിളുകളുമായി നൂറു മീറ്ററോളം സഞ്ചരിച്ചതിനു ശേഷമാണ് പൊട്ടിയത്. തുരങ്കത്തിന്റെ മധ്യത്തിലുള്ള ട്രാക്കിലൂടെ വന്നതിനാല്‍ വലിയ നാശന്ഷടങ്ങള് ഉണ്ടായില്ല. സംഭവത്തില്‍ ലോറിയുടെ ഡ്രൈവര്‍ മഞ്ഞപ്ര പുതുക്കാട് സ്വദേശി അസീസിനെതിരെ പീച്ചി പോലീസ് കേസെടുത്തു.
ഒന്നാം തുരങ്കത്തിലും ജനുവരി 21 ന് സമാനമായ അപകടം നടന്നിരുന്നു. നൂറ്റിനാലോളം ലൈറ്റുകളാണ് അന്ന് തകര്‍ക്കപ്പെട്ടത്. പത്തുലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായി. രണ്ട് മാസത്തോളം ലൈറ്റുകളില്ലാത്ത ഭാഗത്ത് നിയന്ത്രണമേര്‍പ്പെടുത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
Content Highlight: lorry destroy lights and fans kuthiran tunnel
- TAGS:
- Kerala
- KUTHIRAN TUNNEL