ജിത്തുവിനായി ലുക്ക് ഔട്ട് നോട്ടീസ്; ഫോണും സ്വിച്ച് ഓഫ്
അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു
30 Dec 2021 10:45 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

വടക്കന്‍ പറവൂരില്‍ നിന്നും കാണാതായ ജിത്തുവിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. കുട്ടിയെ കുറിച്ച് ഏതെങ്കിലും വിവരം ലഭിക്കുന്നവര്‍ നോര്‍ത്ത് പറവൂര്‍ പൊലീസില്‍ അറിയിക്കണം. ജിത്തുവിനെ കാണാതായി രണ്ട് ദിവസം പിന്നിട്ട ശേഷമാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഇതുവരേയും ജിത്തുവിനെകുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. മരണപ്പെട്ട സഹോദരി വിസ്മയയുടെ ഫോണാണ് ജിത്തുവിന്റെ കൈയ്യിലുള്ളത്. ചൊവ്വാഴ്ച്ച വൈകിട്ട് ആറ് മണിയോട് കൂടി എടവനക്കാട് നിന്നും ഈ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കിട്ടിയിരുന്നു. എന്നാല്‍ പിന്നീട് ഫോണ്‍ ഓഫായിരുന്നു.
ജിത്തു എറണാകുളം ജില്ല വിട്ടുപോയതായാണ് പൊലീസ് നിഗമനം. അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച്ചയാണ് പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍ ശിവാനന്ദന്റെ വീട്ടില്‍ മകള്‍ വിസ്മയയെ പൂര്‍ണമായും കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. സഹോദരി ജിത്തുവിനെ കാണാതേയുമായി. ശിവാനന്ദനും ഭാര്യയും പുറത്ത് പോയ സമയത്താണ് അപകടം ഉണ്ടായത്. കൊലപാതകത്തില്‍ മൂന്നാമത് ഒരാളുടെ സാന്നിദ്ധ്യമുണ്ടോയെന്നതും പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല.
വീട്ടില്‍നിന്ന് പുക ഉയരുന്നത് കണ്ട അയല്‍വാസികളാണ് പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിച്ചത്. പൊലീസ് എത്തുമ്പോള്‍ വീടിന്റെ ഗേറ്റ് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. മുന്‍വശത്തെ വാതില്‍ തുറന്നു കിടക്കുകയായിരുന്നു. വീടിന്റെ രണ്ട് മുറികള്‍ പൂര്‍ണമായി കത്തിയിരുന്നു. അതില്‍ ഒന്നില്‍ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിലുണ്ടായിരുന്ന മാലയില്‍ നിന്ന് മരിച്ചത് മൂത്ത് മകള്‍ വിസ്മയയാണെന്ന് മാതാപിതാക്കള്‍ തിരിച്ചറിഞ്ഞെങ്കിലും കൂടുതല്‍ പരിശോധന ആവശ്യമാണെന്നതിനാല്‍ പൊലീസ് ഈ നിഗമനം സ്ഥിരീകരിച്ചിരുന്നില്ല. വിസ്മയയുടെ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായിട്ടില്ല. ഇതു കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. മൃതദേഹം കണ്ടെടുത്ത മുറിയുടെ വാതിലിന്റെ കട്ടിളയില്‍ കണ്ടെത്തിയ രക്തപ്പാടുകളും സംഭവസ്ഥലത്തെ മണ്ണെണ്ണയുടെ ഗന്ധവും ദുരൂഹതയിലേക്ക് വിരല്‍ചൂണ്ടുന്നതാണെന്നാണ് പൊലീസിന്റെ നിഗമനം. ജിത്തു കഴിഞ്ഞ കുറച്ചുനാളുകളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഒരാഴ്ച മുന്‍പ് ശിവാനന്ദനെ വീട്ടില്‍ പൂട്ടിയിട്ടശേഷം ജിത്തു വീട്ടില്‍നിന്ന് ഇറങ്ങിപ്പോയതായി പറയപ്പെടുന്നു. വിസ്മയ ബിബിഎയും ജിത്തു ബിഎസ്സിയും പൂര്‍ത്തിയാക്കിയവരാണ്.