Top

ചെറുവത്തൂരിലെ ഷവർമ്മ കടയുടമയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

ചെറുവത്തൂരിലെ ഐഡിയൽ കൂൾബാർ ഉടമ കുഞ്ഞഹമ്മദിനെതിരെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്

9 May 2022 2:23 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചെറുവത്തൂരിലെ ഷവർമ്മ കടയുടമയ്ക്കെതിരെ ലുക്കൗട്ട് നോട്ടീസ്
X

കാസർകോട്: ഷവർമ്മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ കാസർകോട്ടെ കടയുടമയ്ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ചെറുവത്തൂരിലെ ഐഡിയൽ കൂൾബാർ ഉടമ കുഞ്ഞഹമ്മദിനെതിരെയാണ് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.

കുഞ്ഞഹമ്മദിന്റെ ഉടമസ്ഥതയിലുളള കൂൾബാറിൽനിന്ന് ഷവർമ കഴിച്ചാണ് പ്ലസ് വൺ വിദ്യാർഥിനി ദേവനന്ദ മരിച്ചത്. കൂടാതെ ഷവ‍‍‍‍ർമ കഴിച്ച 59 പേർ ആശുപത്രിയിലാവുകയും ചെയ്തു. കേസിൽ കൂൾബാർ മാനേജർ, മാനേജിങ് പാർട്ണർ, ഷവർമ ഉണ്ടാക്കിയ നേപ്പാൾ സ്വദേശി എന്നിവർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. മനപ്പൂർവമല്ലാത്ത നരഹത്യക്കുറ്റം ഉൾപ്പെടെ ചുമത്തിയാണ് ചന്തേര പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിന് ലൈസൻസ് ഇല്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ചെറുവത്തൂരിലെ കൂൾബാറിൽ നിന്നും കുട്ടികൾ കഴിച്ച ചിക്കൻ ഷവർമയിൽ രോഗകാരികളായ സാൽമൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യം കണ്ടെത്തിയിരുന്നു.

അതേസമയം 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി ഇന്ന് 226 പരിശോധനകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാത്ത 29 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 100 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 103 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 30 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.

ഈ മാസം 2 മുതൽ ഇന്നുവരെ കഴിഞ്ഞ 8 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 1930 പരിശോധനകളാണ് നടത്തിയത്. ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാത്ത 181 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 631 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 283 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 159 സാമ്പിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്.

Story highlights: Lookout notice against Shawarma shop owner in Cheruvathur

Next Story