2019 ആവര്‍ത്തിക്കാതിരിക്കാന്‍ സിപിഐഎം; തെരഞ്ഞെടുപ്പ് ചുമതലകള്‍ വിഭജിച്ചു നല്കി
സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ മണ്ഡലം സെക്രട്ടറിമാരാകും. ആഗസ്റ്റ് 15 ന് ശേഷം നിയമസഭാ നിയോജക മണ്ഡല കമ്മിറ്റികള്‍ രൂപീകരിക്കാനും സിപിഐഎം തീരുമാനിച്ചു
14 Aug 2022 1:35 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: 2019 ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് ശേഷം അടുത്ത തെരഞ്ഞെടുപ്പിന് നേരത്തേ ഒരുങ്ങാന്‍ തീരുമാനിച്ച് സിപിഐഎം. പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി ചുമതലകള്‍ സിപിഐഎം വിഭജിച്ചു നല്കി. ജില്ലകളുടെ ചുമതല മന്ത്രിമാര്‍ക്കും ലോക്സഭാ മണ്ഡലങ്ങളുടെ ചുമതല സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കുമാണ് നല്‍കിയിട്ടുള്ളത്. ഏകോപന ചുമതല സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്കാണ്.
കേന്ദ്ര മന്ത്രിമാരെ കളത്തിലിറക്കി ബിജെപി നീക്കങ്ങള്‍ക്ക് ശക്തമായ പ്രതിരോധം തീര്‍ക്കാനാണ് സിപിഐഎമ്മിന്റെ നേരത്തേയുള്ള ഒരുക്കത്തിന്റെ മറ്റൊരു കാരണം. 2019 ആവര്‍ത്തിക്കരുതെന്ന കര്‍ശന നിര്‍ദേശമാണ് പാര്‍ട്ടി മുന്നോട്ട് വെച്ചിട്ടുള്ളത്. സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ മണ്ഡലം സെക്രട്ടറിമാരാകും. ആഗസ്റ്റ് 15 ന് ശേഷം നിയമസഭാ നിയോജക മണ്ഡല കമ്മിറ്റികള്‍ രൂപീകരിക്കാനും സിപിഐഎം തീരുമാനിച്ചു.
2019 ല്‍ സിപിഐഎമ്മിന്റെ പരമ്പരാഗത വോട്ട് ബാങ്കുകള്‍ പോലും പാര്‍ട്ടിയെ വിട്ട് പോയ സാഹചര്യത്തില്‍ ഇവരുടെ പൂര്‍ണ പിന്തുണ ഉറപ്പാക്കും. വിജയ സാധ്യത കണക്കിലെടുത്താകും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരുവനന്തപുരത്ത് പുതിയ ജില്ലാ സെക്രട്ടറി വേണമെന്ന ആവശ്യങ്ങള്‍ ഉയരുന്നുണ്ട്. ഇതിനായി 20ന് ജില്ലാ സെക്രട്ടറിയേറ്റും 21 ന് ജില്ലാ കമ്മിറ്റിയും ചേരും.
Story highlights: Loksabha Election duties were divided by CPIM
- TAGS:
- CPIM