ലോകായുക്ത വിമര്‍ശനം; ജലീലിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് വഴിവച്ചേക്കും, രാഷ്ട്രീയ വാക്പോര് തുടരുന്നു
വിധിക്കെതിരായ പരസ്യപ്രസ്താവന ഒരുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്നാണ് വിലയിരുത്തല്‍.
31 Jan 2022 1:50 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലോകായുക്തക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് എത്തിയ കെടി ജലീല്‍ എംഎല്‍എയുടെ നിലപാട് നടപടി ക്ഷണിച്ച് വരുത്തിയേക്കും. ലോകായുക്താ ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ കെടി ജലീല്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ രാഷ്ട്രീയ പോര് തുടരുന്നതിനിടെയാണ് എംഎല്‍എയുടെ പ്രതികരണം നിയമ നടപടികള്‍ ക്ഷണിച്ചുവരുത്തുന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. കോടതിയലക്ഷ്യത്തിന് നടപടിയെടുക്കാവുന്ന കുറ്റമാണ് വിധിയെ വിമര്‍ശിച്ചതിലൂടെ കെ ടി ജലീല്‍ എംഎല്‍എ ചെയ്തിരിക്കുന്നത് എന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.
വിധിക്കെതിരായ പരസ്യപ്രസ്താവന ഒരുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെന്നാണ് വിലയിരുത്തല്‍. വിഷയത്തില്‍ ലോകായുക്തയ്ക്ക് സ്വമേധയാ കേസെടുക്കാനും അധികാരമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ, ലോകയുക്തക്കെതിരെ ഉള്ള ജലീലിന്റെ ആരോപണങ്ങളില്‍ കൂടുതല്‍ രാഷ്ട്രീയ ചര്‍ച്ചകളും ഉടലെടുക്കുകയാണ്. ജലീല്‍ ഉന്നയിച്ച ആരോപണങ്ങള്‍ സിപിഐഎം ഏറ്റെടുക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
ലോകായുക്താ ജസ്റ്റിസ് സിറിയക് ജോസഫിനെതിരെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ മുന്‍മന്ത്രി കെടി ജലീലും, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും തമ്മിലാണ് രൂക്ഷമായ വാക്പോര് ഉടലെടുത്തത്. ലോകയുക്തയെ അധിക്ഷേപിച്ചു കെടി ജലീല്‍ രംഗത്തു വന്നത് ഭരണഘടന സ്ഥാപനങ്ങളെ സിപിഐഎം വെല്ലുവിളിക്കുന്നത്തിന്റെ ഉദാഹരണമാണെന്നാണ് കെ സുരേന്ദ്രന്റെ വിമര്‍ശനം. മുഖ്യമന്ത്രിക്കും സംസ്ഥാനസര്‍ക്കാരിനും വേണ്ടിയുള്ള വക്കാലത്താണ് ജലീല്‍ ഏറ്റെടുത്തിരിക്കുന്നത്. ലോകായുക്തയുടെ പ്രാധാന്യം അടയാളപ്പെടുത്തിയ സംഭവമായിരുന്നു കെ ടി ജലീലിന്റെ രാജിയെന്നും സുരേന്ദ്രന് ചൂണ്ടിക്കാട്ടി. കുഞ്ഞാലിക്കുട്ടിയെ സംരക്ഷിച്ചത് സിപിഐഎമാണെന്ന് കെ സുരേന്ദ്രന് കുറ്റപ്പെടുത്തി.
എന്നാല്‍ സിറിയക് ജോസഫിനെ മനുഷ്യാവകാശ കമ്മീഷന് അംഗമായി നിയമിക്കുന്നത്തില് ബിജെപി നേതാക്കളുടെ വിയോജനകുറിപ്പ് പുറത്ത് വിട്ടുകൊണ്ടായിരുന്നു കെടി ജലീല്‍ തന്റെ ആരോപണങ്ങളെ ന്യായീകരിച്ചത്. 2013ല്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് അംഗമായി സിറിയക് ജോസഫിനെ നിയമിക്കുന്നതില്‍ അന്ന് ലോക്സഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന സുഷമ സ്വരാജും രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന അരുണ്‍ ജെയ്റ്റിലിയും എഴുതിയ വിയോജന കുറിപ്പ് ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു.
സത്യസന്ധതയും, കാര്യക്ഷമതയും പൊതു ഔദ്യോഗിക പദവിയില്‍ സര്‍വ്വപ്രധാനമാണ്. നിര്‍ദ്ദിഷ്ട കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് അംഗത്തിന് ഇതുരണ്ടുമില്ല. അതിനാല്‍ തങ്ങള്‍ സിറിയക് ജോസഫിനെ അംഗമാകുന്നത്തില് വിയോജിക്കുന്നു എന്നുമാണ് പല സംഭവങ്ങളും ചൂണ്ടിക്കാട്ടി ബിജെപി നേതാക്കളുടെ വിയോജനകുറിപ്പ്.
എന്നാല്‍, ജ. സിറിയക് ജോസഫിനെ ലോകയുക്തയായി നിയമിക്കുന്ന സമയത്ത് ഈ ചോദ്യങ്ങള്‍ ഉണ്ടാകാതിരുന്നത് എന്തുകൊണ്ടെന്ന് കെ സുരേന്ദ്രന് ചോദിച്ചു. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ സംരക്ഷിച്ചത് പിണറായിയും സിപിഎമ്മുമാണെന്ന് സുരേന്ദ്രന് ആരോപിച്ചു. മന്ത്രി സ്ഥാനം പോയതിലുള്ള കൊതികേറുവും സ്ഥാനം തിരിച്ചു കിട്ടാത്തതിനുള്ള മനസ്താപവുമാണ് കെ ടി ജലീലിന് സുരേന്ദ്രന് പരിഹസിച്ചു.
ലോകായുക്തക്കെതിരായ കെ.ടി.ജലീലിന്റെ അതിരുവിട്ട വിമര്‍ശനം ജുഡീഷ്യറിയോടുള്ള ഭരണകൂടത്തിന്റെ പരസ്യമായ വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കുറ്റപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും കേസ് ലോകായുക്തക്ക് മുന്നിലിരിക്കുമ്പോഴാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്ന് ആ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചത്. അത് പാളിയപ്പോഴാണ് ലോകായുക്തയെ തന്നെ വ്യക്തിപരമായി ആക്രമിക്കാന്‍ സര്‍ക്കാര്‍ ഒരു ചാവേറിനെ ഇറക്കിയിരിക്കുന്നത് എന്നും ജലീലിനെ പരിഹസിച്ച് വിഡി സതീശന് പ്രതികരിച്ചു.
ലോകായുക്തയുടെ അടികൊണ്ട ആളാകുമ്പോള്‍ ചാവേറിന്റെ വീര്യം കൂടും. ഇനി മുതല്‍ ഏത് ഇടതു നേതാവിനെതിരെയും കോടതി വിധികളുണ്ടായാല്‍ ഇതേ രീതിയില്‍ കൈകാര്യം ചെയ്യുമെന്ന മുന്നറിയിപ്പ് കൂടിയാണ് ജലീല്‍ നല്‍കുന്നത്. അസഹിഷ്ണുതയുടെ കൂടാണ് പിണറായി സര്‍ക്കാര്‍. സില്‍വര്‍ ലൈനിനെ എതിര്‍ത്ത സംസ്ക്കാരിക പ്രവര്‍ത്തകരെ സൈബറിടങ്ങളില്‍ കൊല്ലാക്കൊല ചെയ്യുന്നവര്‍ പ്രതികരിക്കാന്‍ പരിമിതികളുള്ള ജുഡീഷ്യറിയെ നീതിബോധമില്ലാതെ ആക്രമിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരെ നടപടിയെടുത്താല്‍ കാണിച്ചുതരാമെന്ന ലോകായുക്തക്കുള്ള ഭീഷണിയാണിത്. ജലീലിന്റെ ജല്പനങ്ങള്ക്ക് മുഖ്യമന്ത്രി മറുപടി പറയണം എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.