Top

'അവര്‍ എന്ത് വേണമെങ്കിലും ചെയ്യട്ടെ, ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യും'; വിവാദങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കി ലോകായുക്ത

14-ാം വകുപ്പ് അനുസരിച്ച് റിപ്പോര്‍ട്ട് കൊടുക്കാനുള്ള അധികാരം തങ്ങള്‍ക്ക് ഇപ്പോഴും ഉണ്ടെന്നും ലോകായുക്ത അറിയിച്ചു.

11 Feb 2022 7:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അവര്‍ എന്ത് വേണമെങ്കിലും ചെയ്യട്ടെ, ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യും; വിവാദങ്ങള്‍ക്കിടെ നിലപാട് വ്യക്തമാക്കി ലോകായുക്ത
X

ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍ രംഗത്തെത്തുകയും ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവെയ്ക്കുകയും ചെയ്തതിന് പിന്നാലെ വിഷയത്തിന്‍ നിലപാട് വ്യക്തമാക്കി ലോകായുക്ത രംഗത്ത്. തങ്ങള്‍ തങ്ങളുടെ ജോലി ചെയ്യുമെന്ന് ലോകായുക്ത പ്രതികരിച്ചു. 14-ാം വകുപ്പ് അനുസരിച്ച് റിപ്പോര്‍ട്ട് കൊടുക്കാനുള്ള അധികാരം തങ്ങള്‍ക്ക് ഇപ്പോഴും ഉണ്ട്. അവര്‍ എന്ത് വേണമെങ്കിലും ചെയ്യട്ടെ, ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യുമെന്നും ലോകായുക്ത വ്യക്തമാക്കി.

വിദേശത്ത് നിന്നും മടങ്ങിയെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് അദ്ദേഹം ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചത്. നിലവിലെ ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമെന്നതും ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഉണ്ടായ സാഹചര്യം കൂടിക്കാഴ്ച്ചയില്‍ മുഖ്യമന്ത്രി ഗവര്‍ണറെ ധരിപ്പിച്ചിരുന്നു. തുടര്‍ന്ന് വിശദാംശങ്ങള്‍ പരിഗണിച്ച ശേഷമാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചത്. ഇനി മന്ത്രിസഭാ യോഗത്തില്‍ നിയമസഭ വിളിച്ചു ചേര്‍ക്കാനാകും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള അടുത്ത നീക്കം.

ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മുമ്പാകെ വിശദീകരിച്ചിരുന്നു. ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നത് സര്‍ക്കാരിന് വന്‍ പ്രതിസന്ധിയാണ് തീര്‍ത്ത സാഹചര്യത്തിലായിരുന്നു സ്ഥിതിഗതികള്‍ നേരിട്ടറിയിക്കാന്‍ മുഖ്യമന്ത്രി രാജ്ഭവനില്‍ എത്തിയത്.

നേരത്തെ ഗവര്‍ണര്‍ക്ക് രേഖാമൂലം നല്‍കിയ വിശദീകരണം മുഖ്യമന്ത്രി ആവര്‍ത്തിച്ചു. കേരള ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് മറ്റ് സംസ്ഥാനങ്ങളിലെ ലോകായുക്തകള്‍ക്ക് ഇല്ലാത്ത അധികാരം നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. ക്വോ വാറന്റോ റിട്ടിലൂടെ ജനപ്രതിനിധികളെ അയോഗ്യരാക്കുന്ന വകുപ്പ് ഭരണഘടനാ വിരുദ്ധമാണ്. ഇത് സംബന്ധിച്ച് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഉണ്ടെന്നും ഈ സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്നുമായിരന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

Next Story