Top

ലോകായുക്ത നിയമഭേദഗതി; നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് കോടിയേരി

ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ ലോകായുക്ത നിലവിലുണ്ട്.

25 Jan 2022 12:21 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോകായുക്ത നിയമഭേദഗതി; നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് കോടിയേരി
X

ലോകായുക്ത നിയമഭേദഗതിയില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നടപടി നിയമാനുസൃതമാണ്. ലോകായുക്തയിലെ സെക്ഷന്‍ 14 ലാണ് ചട്ടലംഘനം നടത്തിയാല്‍ പദവിയില്‍ നിന്നും പുറത്താക്കാന്‍ അധികാരികള്‍ നിര്‍ബന്ധിതരാകുന്നത്. അതിനുമുകളില്‍ അപ്പീല്‍ അധികാരമില്ലെന്നതാണ് പ്രശ്‌നം. അപ്പീല്‍ അധികാരമില്ലാത്ത വകുപ്പ് നല്‍കിയത് ഭരണഘടനയുടെ 164 അനുഛേദത്തിന് വിരുദ്ധമാണെന്നാണ് അഡ്വക്കേറ്റ് ജനറല്‍ ചൂണ്ടിക്കാട്ടിയത്. അതിന്റെ അടിസ്ഥാനത്തിലാണ് ഭേദഗതി വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചതെന്നും കോടിയേരി വ്യക്തമാക്കി.

ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ ലോകായുക്ത നിലവിലുണ്ട്. ലോക്പാലും വിവിധ സംസ്ഥാനങ്ങളിലെ ലോകായുക്ത നിയമങ്ങളും പരിശോധിച്ച ശേഷമാണ് നിയമത്തില്‍ ഭേദഗതി വേണമെന്ന് 2021 ഏപ്രില്‍ 13ന് അന്നത്തെ എജി സുധാകര പ്രസാദ് നിയമോപദേശം നല്‍കിയത്. പരിശോധിച്ചപ്പോള്‍ അതില്‍ പ്രസക്തിയുണ്ടെന്ന് കണ്ടെത്തിയെന്ന് കോടിയേരി പറഞ്ഞു.

കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട്, ബീഹാര്‍, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഭരണഘടന പദവിയിലിരിക്കുന്ന വ്യക്തിയെ പറത്താക്കാന്‍ ലോകായുക്തക്ക് അധികാരമില്ല. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലും സ്ഥിതി ഇതാണ്. 1996 ലാണ് പഞ്ചാബില്‍ ലോകായുക്ത നിയമം വരുന്നത്. പഞ്ചാബില്‍ 2020തില്‍ ലോകായുക്ത നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നു. അതുപ്രകാരം മുഖ്യമന്ത്രി, മന്ത്രിമാര്‍ എംഎല്‍എമാര്‍ എന്നിവരെ കുറ്റക്കാരെന്ന് കണ്ടെത്തി പുറത്താക്കാന്‍ ലോകായുക്തയ്ക്ക് അധികാരമില്ല. 2006ലും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രസിക്യൂഷന്‍ ഇത്തരമൊരു ഭരണഘടനാ പ്രശ്‌നം ലോകായുക്ത നിയമത്തിലുണ്ടെന്ന് ചൂണ്ടികാണിച്ചിരുന്നതായും കോടിയേരി വ്യക്തമാക്കി.

സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നപ്പോള്‍ പ്രതിപക്ഷ നേതാവുമായി കൂടിയാലോചിച്ചില്ലെന്ന ഒരു വാദം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അങ്ങനെയൊരു നടപടിക്രമമില്ലെന്ന് കോടിയേരി പറഞ്ഞു.

നിയമസഭ സമ്മേളനമില്ലാത്ത സമയത്ത് ഓര്‍ഡിനന്‍സ് തയ്യാറാക്കി ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. ലോകായുക്തയെ നിശ്ചയിക്കുന്ന സമയത്ത് മാത്രമാണ് പ്രതിപക്ഷ നേതാവുമായി ആലോചിക്കേണ്ടത്. ഭേദഗതി വരുത്തുന്നതിന് പ്രതിപക്ഷ നേതാവുമായി ആലോചിക്കേണ്ടതില്ലെന്നും ഇതൊരു ബില്‍ ആയി നിയമസഭയില്‍ വരുമ്പോള്‍ പ്രതിപക്ഷ നേതാവിനും പ്രതിപക്ഷത്തിനും അഭിപ്രായം പറയാമെന്നും കോടിയേരി പറഞ്ഞു.

Next Story