Top

ലോകായുക്ത ഭേദഗതി: സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍

യുഡിഎഫ് നല്‍കിയ പരാതികളിലാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്

29 Jan 2022 12:21 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോകായുക്ത ഭേദഗതി: സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍
X

ലോകായുക്ത ഭേദഗതിയില്‍ സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. യുഡിഎഫ് നല്‍കിയ പരാതികളിലാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്. ഉടന്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതികള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ അയച്ചു. സര്‍ക്കാരിന്റെ വിശദീകരണം ലഭിച്ചശേഷം ഗവര്‍ണര്‍ തുടര്‍ നടപടിയിലേക്ക് കടക്കും. കൂടുതല്‍ നിയമോപദേശം വേണമോ എന്നത് വിശദീകരണം ലഭിച്ച ശേഷമാകും തീരുമാനിക്കുക.

ലോകായുക്ത ഭേദഗതിയില്‍ ഒപ്പു വയ്ക്കരുതെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസമാണ് പ്രതിപക്ഷം ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയത്. ലോകായുക്തയുടെ അന്തസത്ത തന്നെ ഇല്ലാതാക്കുന്നതാണ് ഓര്‍ഡിന്‍സെന്ന് പ്രതിപക്ഷം നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് ലോകായുക്തയുടെ പല്ലും നഖവും ഒടിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞിരുന്നു.

ഭരണഘടനാ വിരുദ്ധമായ നീക്കമാണ് സര്‍ക്കാരിന്റെതെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. ഓര്‍ഡിനന്‍സുമായി ബന്ധപ്പെട്ട് നേരത്തെ ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. കത്ത് കൂടാതെ നിയമപരമായ കാര്യങ്ങള്‍ പരിഗണിച്ച് ഒപ്പ് വയ്ക്കരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിഡി സതീശന്‍ പറഞ്ഞു. 22 വര്‍ഷത്തിന് ശേഷം ലോകായുക്ത നിയമവിരുദ്ധമെന്ന് പറയുന്നത് ശരിയല്ല. ഇത് പരിശോധിക്കാനുള്ള അവകാശം കോടതിക്ക് മാത്രമാണെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

ലോകായുക്ത നിയമത്തെ പ്രശംസിച്ചിരുന്ന മുഖ്യമന്ത്രി സര്‍ക്കാരിനെതിരായ കേസ് നിലനില്‍ക്കുന്നതു കൊണ്ടാണ് നിയമ ഭേദഗതിയുമായി വരുന്നതെന്നും പ്രതിപക്ഷം നേതാവ് ആരോപിച്ചു. ഓര്‍ഡിനന്‍സിലൂടെ ഇകെ നായനാരെയും അന്നത്തെ നിയമമന്ത്രി ചന്ദ്രശേഖരനെയും അപമാനിക്കുന്ന തീരുമാനമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. സര്‍ക്കാരിന്റെ വാദമുഖങ്ങള്‍ ദുര്‍ബലമാണെന്നും കെടി ജലീലിന്റെ കാര്യത്തില്‍ ഭരണഘടനാ വിരുദ്ധമെന്ന് പറയാത്തത് ഇപ്പോള്‍ വിരുദ്ധമെന്ന് പറയുന്നുവെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കും, ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിനും എതിരെ ലോകായുക്തയില്‍ പരാതികള്‍ നിലനില്‍ക്കുന്ന കാര്യവും പ്രതിപക്ഷ സംഘം ഗവര്‍ണറെ ധരിപ്പിച്ചിരുന്നു.

Next Story