'മുഖ്യമന്ത്രിക്കെതിരായ വിധി പരിശോധിക്കേണ്ടത് നിയമസഭ'; ലോകായുക്തയില്‍ ബദല്‍ നിര്‍ദേശവുമായി സിപിഐ
22 Aug 2022 1:15 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയില്‍ ബദല്‍ നിര്‍ദേശവുമായി സിപിഐ. ലോകായുക്ത വിധി മുഖ്യമന്ത്രിക്കെതിരെയാണെങ്കില്‍ പുനപരിശോധന നടത്താന്‍ നിയമസഭയ്ക്കും, മന്ത്രിമാര്‍ക്ക് എതിരെയുള്ള ലോകായുക്ത വിധി പരിശോധിക്കാന്‍ മുഖ്യമന്ത്രിക്കും, എംഎല്‍എമാര്‍ക്ക് എതിരെയുള്ള വിധി നിയമസഭാ സ്പീക്കര്‍ക്കും പരിശോധിക്കാവുന്ന തരത്തില്‍ നിയമഭേദഗതി നടത്താം എന്നാണ് സിപിഐ മുന്നോട്ട് വെച്ചിരിക്കുന്ന നിര്‍ദേശം.
സിപിഐ നേതൃത്വം മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ പരിഗണിക്കാമെന്നാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്. സിപിഐഎം- സിപിഐ നേതൃത്വങ്ങള്‍ തമ്മില്‍ നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് നിര്‍ദേശങ്ങള്‍ സിപിഐ മുന്നോട്ട് വെച്ചത്. നിര്‍ദേശങ്ങള്‍ ഔദ്യോഗിക ഭേദഗതിയായി പരിഗണിക്കാം എന്ന ധാരണയാണ് യോഗത്തില്‍ ഉണ്ടായിരിക്കുന്നത്. സബ്ജക്ട് കമ്മിറ്റിക്ക് മുന്നില്‍ നിര്‍ദേശങ്ങള്‍ വെക്കാനാണ് സാധ്യത.
നിയമനിര്‍മ്മാണത്തിനായുള്ള കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കമായിരുന്നു. സെപ്റ്റംബര്‍ രണ്ട് വരെ നീളുന്ന സമ്മേളനത്തിനിടയില്‍ ലോകായുക്ത നിയമഭേദഗതി ബില്‍ സര്‍ക്കാര്‍ സഭയില്‍ അവതരിപ്പിക്കും. സര്‍ക്കാര്‍ മുന്നോട്ട് വെച്ച ലോകായുക്ത നിയമഭേദഗതിയോട് സിപിഐ നേരത്തെ എതിര്‍പ്പ് അറിയിച്ചിരുന്നു.
Story Highlights: Lokayukta Amendment Alternative Proposal By CPI