Top

ലോക കേരള സഭ: വിമര്‍ശനങ്ങള്‍ സ്വാഗതാര്‍ഹം, ഇകഴ്ത്തുന്നത് ഖേദകരമെന്ന് സ്പീക്കര്‍

വിമര്‍ശനങ്ങള്‍ എന്ന നിലയില്‍ വരുന്നത് ആക്ഷേപങ്ങളാണെന്ന് സ്പീക്കര്‍.

16 Jun 2022 12:34 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോക കേരള സഭ: വിമര്‍ശനങ്ങള്‍ സ്വാഗതാര്‍ഹം, ഇകഴ്ത്തുന്നത് ഖേദകരമെന്ന് സ്പീക്കര്‍
X

ലോക കേരള സഭയ്‌ക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സ്പീക്കര്‍ എംബി രാജേഷ്. വിമര്‍ശനങ്ങള്‍ എന്ന നിലയില്‍ വരുന്നത് ആക്ഷേപങ്ങളാണ്. വിമര്‍ശനങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും വിമര്‍ശനങ്ങള്‍ക്ക് പകരം ലോക കേരളസഭയെ ഇകഴ്ത്തുന്നത് ഖേദകരമാണെന്നും സ്പീക്കര്‍ വ്യക്തമാക്കി.

അതേസമയം, ലോക കേരള സഭ ബഹിഷ്‌കരിക്കുമെന്ന് യുഡിഎഫ് അറിയിച്ചു. സര്‍ക്കാരിനെതിരെ സമരം തുടരുന്നതിനാലാണ് വിട്ടു നില്‍ക്കാനുള്ള തീരുമാനമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ മുന്നണി യോഗത്തിന് ശേഷം അറിയിച്ചു. പ്രവാസി പ്രതിനിധികളെ വിലക്കേണ്ടെന്നാണ് യുഡിഎഫ് തീരുമാനം.

മൂന്ന് ദിവസമായി നടക്കുന്ന മൂന്നാം ലോക കേരളസഭയില്‍ 182 പ്രവാസികളും, 169 ജനപ്രതിനിധികളുമാണ് പങ്കെടുക്കുന്നത്. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച പ്രവാസികളെ പ്രത്യേക ക്ഷണിതാക്കളായും പങ്കെടുപ്പിക്കും. 182 പ്രവാസികളില്‍ 104 പേര്‍ ഇന്ത്യയ്ക്കു പുറത്തുള്ളവരും 36 പേര്‍ ഇതര സംസ്ഥാന പ്രവാസികളുമാണ്. തിരികെയെത്തിയ 12 പ്രവാസികളും പ്രമുഖരായ 30 പ്രവാസികളും ഉള്‍പ്പെടുന്നു. ഇവരെ കൂടാതെ ഇന്ത്യന്‍ പൗരത്വം ഇല്ലാത്തവരും പ്രവാസവുമായി ബന്ധപ്പെട്ട മറ്റ് പ്രമുഖരും പ്രത്യേക ക്ഷണിതാക്കളാണ്.

ലോക കേരള സഭയുടെ മുന്നോടിയായി നടന്ന ബ്രെയിന്‍ സ്റ്റോമിങ് സെഷനില്‍ വൈജ്ഞാനിക സമ്പദ് വ്യവസ്ഥ, നവകേരള നിര്‍മാണം, ഭാവി പ്രവാസം,പ്രവാസി പുനരധിവാസം, സാംസ്‌കാരിക വിനിമയ സാധ്യതകള്‍, സ്ത്രീ കുടിയേറ്റം, ഇതര സംസ്ഥാനത്തുള്ള മലയാളി പ്രവാസികളുടെ പ്രശ്‌നങ്ങള്‍, പുതിയ കുടിയേറ്റ നിയമം 2021 ഡ്രാഫ്റ്റ്, സ്ത്രീ കുടിയേറ്റം, ഇതര സംസ്ഥാന മലയാളികളുടെ പ്രശ്‌നങ്ങള്‍ തുടങ്ങിയവയില്‍ ചര്‍ച്ചകള്‍ നടന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എട്ടു വിഷയാധിഷ്ഠിത മേഖലകളിലും ഏഴു ഭൂമിശാസ്ത്രപരമായ മേഖലകളിലുമാണ് മൂന്നാം ലോക കേരള സഭയില്‍ ചര്‍ച്ചകള്‍ നടക്കുക.

ഇന്നത്തെ ഉദ്ഘാടന സമ്മേളനത്തിനു ശേഷം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ജി.എസ്. പ്രദീപിന്റെയും മേതില്‍ ദേവികയുടെയും നേതൃത്വത്തില്‍ നോര്‍ക്ക ഇന്ദ്രധനൂസ് എന്ന കലാപരിപാടി നടക്കും. 17ന് വൈകിട്ട് 7.30ന് നിയമസഭാമന്ദിരത്തില്‍ ഷഹബാസ് അമന്റെയും സിത്താരയുടെയും നേതൃത്വത്തില്‍ സംഗീതപരിപാടിയും മള്‍ട്ടി മീഡിയ മെഗാ ഷോയും നടക്കും. 17, 18 തിയതികളില്‍ ഓപ്പണ്‍ ഫോറം സംഘടിപ്പിക്കും. കുടിയേറ്റവും പ്രവാസവും പ്രതിസന്ധികളും പ്രതീക്ഷയും, കൊവിഡാനന്തര ലോകം പ്രവാസികള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്നീ വിഷയങ്ങളിലാണ് ഓപ്പണ്‍ ഫോറം. പ്രവാസികളും അക്കാദമിക് വിദഗ്ദരും ഉള്‍പ്പെടുന്ന പാനല്‍ പൊതു ജനങ്ങളുമായി സംവദിക്കും. നോര്‍ക്കാ റൂട്‌സ് ഡയറക്ടര്‍ യൂസഫ് അലി ഉദ്ഘാടനം ചെയ്യും.

Next Story