ലോക കേരള സഭ: സര്‍ക്കാരിനെ പ്രശംസിച്ച് ലീഗ് നേതാവ്; 'പ്രതിപക്ഷവും പങ്കെടുക്കണമായിരുന്നു'
മികച്ച രീതിയിലാണ് ലോക കേരള സഭ സംഘടിപ്പിക്കുന്നത്.
17 Jun 2022 1:58 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലോക കേരള സഭ സമ്മേളനത്തില്‍ സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് മുസ്ലീംലീഗ് ദേശീയ നാഷണല്‍ എക്സിക്യൂട്ടീവ് അംഗവും സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവുമായ കെ പി മുഹമ്മദ് കുട്ടി. ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസിയുടെ പ്രതിനിധിയായാണ് കെപി മുഹമ്മദ് കുട്ടി സമ്മേളനത്തില്‍ പങ്കെടുത്തത്.
കെപി മുഹമ്മദ് കുട്ടി പറഞ്ഞത്: ''ഇങ്ങനെയൊരു സഭയെ രൂപപ്പെടുത്തിയെടുത്തതില്‍ സര്‍ക്കാരിനെ ഞാന്‍ പ്രശംസിക്കുകയാണ്. ഞാന്‍ ഇന്ത്യന്‍ യൂണിയന് മുസ്ലീംലീഗിന്റെ നാഷണല്‍ എക്സിക്യൂട്ടീവ് അംഗവും കേരളത്തിലെ ലീഗിന്റെ പ്രവര്‍ത്തക സമിതി അംഗവുമാണ്. ഞങ്ങള്‍ക്ക് വേണ്ടിയുള്ള സമ്മേളനമാണിത്. ഈ സഭ ഞങ്ങളെ ആദരിക്കുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ പാര്‍ട്ടി അനുവദിച്ചിട്ടുണ്ട്. മികച്ച രീതിയിലാണ് സഭ സംഘടിപ്പിക്കുന്നത്. ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും സഭയില്‍ പങ്കെടുക്കണം.''
പ്രതിപക്ഷ നിലപാട് പ്രവാസികളോട് കാണിച്ച കൊടും ക്രൂരതയെന്ന് സിപിഐഎം
ലോക കേരള സഭ ബഹിഷ്ക്കരിച്ച പ്രതിപക്ഷത്തിന്റെ നിലപാട് പ്രവാസികളോട് കാണിച്ച കൊടും ക്രൂരതയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
''കേരളത്തിന്റെ സമ്പദ്ഘടനയില്‍ നിര്‍ണ്ണായകമായ സംഭാവനകള്‍ നല്കുന്ന ജനവിഭാഗമാണ് പ്രവാസികള്‍. കേരളത്തിലെ സമസ്ത മേഖലകളുടേയും പുരോഗതിക്ക് വലിയ പിന്തുണയാണ് പ്രവാസി മേഖലയില്‍ നിന്നും ലഭിക്കുന്നത്. കേരളത്തിന്റെ ജീവിത നിലവാരം ഉയര്‍ന്ന നിലയില്‍ കൊണ്ടുപോകുന്നതിനും പ്രധാന പങ്ക് പ്രവാസികള്‍ വഹിക്കുന്നുണ്ട്. രാജ്യത്തിന് വിദേശ നാണ്യം നേടിത്തരുന്ന കാര്യത്തിലും വലിയ സംഭാവനയാണ് പ്രവാസികള്‍ നല്‍കുന്നത്.''
''നമ്മുടെ സംസ്ഥാനം പ്രളയമുള്‍പ്പടെയുള്ള ദുരന്തം നേരിടുന്ന ഘട്ടത്തിലും ജനിച്ച നാടിനെ കൈപിടിച്ചുയര്‍ത്താന്‍ പ്രവാസികള്‍ നല്കിയ സഹായം ആര്‍ക്കും വിസ്മരിക്കാനാകുന്നതല്ല. കോവിഡ് കാലം മറ്റ് എല്ലാ മേഖലയിലും എന്നപോലെ പ്രവാസികള്‍ക്കും വലിയ ദുരിതമാണ് സംഭാവന ചെയ്തിട്ടുള്ളത്. പ്രവാസികളുടെ പ്രശ്നങ്ങള്‍ സംസ്ഥാനത്തിന്റെ പൊതു പ്രശ്നമായിക്കണ്ട് പരിഹരിക്കുന്നതിനുള്ള ഒരു സംവിധാനമായി ലോക കേരള സഭ പ്രവര്‍ത്തിക്കുമെന്നാണ് പ്രവാസികള്‍ പ്രഖ്യാപിച്ചത്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ ശേഷം അവസാന ഘട്ടത്തില്‍ പിന്മാറുന്ന നടപടിയാണ് പ്രതിപക്ഷം കാണിച്ചത്.''
''പ്രവാസികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രതിപക്ഷത്തിന് താല്പര്യമില്ല എന്നത് ഇതില്‍ നിന്നും വ്യക്തമായിരിക്കുകയാണ്. വിദൂരതയില്‍ ജീവിക്കുമ്പോഴും ഈ നാടിനെക്കുറിച്ച് ചിന്തിക്കുകയും, സഹായിക്കുകയും ചെയ്യുന്ന നമ്മുടെ കൂടപ്പിറപ്പുകളോടാണ് ഇത്തരമൊരു നിലപാട് പ്രതിപക്ഷം സ്വീകരിച്ചത്.'' ഇതിലൂടെ പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രതിപക്ഷത്തിന് താല്പര്യമില്ലെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായിരിക്കുകയാണെന്ന് സിപിഐഎം വ്യക്തമാക്കി.