ലോക കേരളസഭ: അനിത പുല്ലയില്‍ എത്തിയത് സഭാ ടിവിയുമായി ബന്ധപ്പെട്ടയാള്ക്കൊപ്പം; അന്വേഷണം
സിസി ടിവി പരിശോധിക്കാന്‍ സ്പീക്കര്‍ ചീഫ് മാര്‍ഷലിന് നിര്‍ദേശം നല്കി.
19 Jun 2022 12:56 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ലോക കേരളസഭയിലേക്ക് മോന്സണ് മാവുങ്കല്‍ തട്ടിപ്പുക്കേസില്‍ ആരോപണവിധേയയായ പ്രവാസി മലയാളി അനിത പുല്ലയില്‍ എത്തിയ വാഹനം തിരിച്ചറിഞ്ഞു. സഭാ ടിവിക്ക് സാങ്കേതിക സഹായം നല്കുന്ന പ്രവീണ്‍ എന്നയാള്‍ക്കൊപ്പമാണ് അനിത നിയമസഭയില്‍ എത്തിയത്. ഇയാള്‍ക്കെതിരെ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിസി ടിവി പരിശോധിക്കാന്‍ സ്പീക്കര്‍ ചീഫ് മാര്‍ഷലിന് നിര്‍ദേശം നല്കി.
മോന്സന് മാവുങ്കലിന്റെ സുഹൃത്തായിരുന്നു അനിത പുല്ലയില്‍ ഇന്നലെയാണ് ലോക കേരളസഭ സമ്മേളനം നടന്ന നിയമസഭാ സമുച്ചയത്തില്‍ എത്തിയത്. പ്രതിനിധി പട്ടികയില്‍ പേരില്ലതിരുന്നിട്ടും സഭാ സമ്മേളനം നടന്ന ശങ്കരനാരായണന് തമ്പി ഹാളിന് സമീപത്താണ് അനിത എത്തിയത്. ക്ഷണമില്ലാതെയാണ് അനിത എത്തിയതെന്ന് അറിഞ്ഞതോടെ വാച്ച് ആന്‍ഡ് വാര്‍ഡ് അവരെ പുറത്താക്കുകയും ചെയ്തിരുന്നു.
അനിത സഭാ സമുച്ചയത്തില്‍ കയറിയതില്‍ അന്വേഷണം നടത്തുമെന്ന് റവന്യു മന്ത്രി കെ രാജന് പറഞ്ഞിരുന്നു. അനിതയുടെ സന്ദര്‍ശനം ഗുണകരമായ കാര്യമല്ലെന്നും ഇക്കാര്യത്തെ കുറിച്ച് കര്‍ശനമായി അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.