Top

ലോക്‌സഭാ തെരഞ്ഞെടുപ്പ്: മുന്നണികള്‍ക്കിത് രാഷ്ട്രീയചൂടിന്റെ വര്‍ഷം

തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രമാണ് ശേഷിക്കുന്നത് എന്നിരിക്കെ 2023ന്റെ തുടക്കം തന്നെ മുന്നണികളെല്ലാം സജീവ പ്രവർത്തനങ്ങളിലാണ്

5 Jan 2023 5:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പ്: മുന്നണികള്‍ക്കിത് രാഷ്ട്രീയചൂടിന്റെ വര്‍ഷം
X

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംസ്ഥാനത്തെ പ്രധാന പാര്‍ട്ടികളെല്ലാം ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രമാണ് ശേഷിക്കുന്നത് എന്നിരിക്കെ 2023ന്റെ തുടക്കം തന്നെ മുന്നണികളെല്ലാം സജീവ പ്രവർത്തനങ്ങളിലാണ്. കഴിഞ്ഞ തവണ ഒരു സീറ്റില്‍ മാത്രം ഒതുങ്ങിയ എല്‍ഡിഎഫ് ഇത്തവണ സീറ്റുകളുടെ എണ്ണം കൂട്ടാനുള്ള കൃത്യമായ കണക്കുകൂട്ടലിലാണ്. 19 ലോക്‌സഭാ സീറ്റുകള്‍ കയ്യിലുള്ള യുഡിഎഫ് ആകട്ടെ ഇത് നിലനിര്‍ത്തുന്നതിനുള്ള പദ്ധതികളും കണക്കുകൂട്ടലുകളുമായി സജീവമായിക്കഴിഞ്ഞു. കേന്ദ്രത്തില്‍ തുടര്‍ഭരണം പ്രതീക്ഷിക്കുന്ന ബിജെപി കേരളത്തില്‍ മുന്നേറ്റമുണ്ടാക്കാമെന്നും കരുതുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മാത്രമല്ല പിന്നാലെ വരുന്ന 2025ലെ തദ്ദേശ തെരഞ്ഞെടുപ്പും, 2026ലെ നിയമസഭാ തെരഞ്ഞെടുപ്പും ഉള്‍പ്പടെ മുന്നില്‍ കണ്ടാണ് പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്. തെരഞ്ഞെടുപ്പാകുമ്പോള്‍ വോട്ട് ചോദിച്ച് ജനങ്ങള്‍ക്ക് മുന്നിലെത്തുന്നതിന് പകരം ഇപ്പോള്‍ തന്നെ വോട്ടര്‍മാരുമായി നേരിട്ട് ബന്ധം പുലര്‍ത്തി അവരുടെ മനസ് മനസിലാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് താഴെ തട്ടില്‍ നേതാക്കള്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത് ലക്ഷ്യമിട്ടാണ് സിപിഐഎമ്മും ബിജെപിയും അടക്കം ഗൃഹസന്ദര്‍ശന പരിപാടികള്‍ ആരംഭിച്ചിരിക്കുന്നത്.

1977ന് ശേഷം ഏറ്റവും വലിയ തിരിച്ചടിയായിരുന്നു കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേരിട്ടത്. 1977ല്‍ ഒറ്റ സീറ്റുപോലും നേടാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ തവണത്തെ ഫലം ആവര്‍ത്തിക്കാതിരിക്കാന്‍ മന്ത്രിമാരെയും പിബി അംഗങ്ങളെയും ഉള്‍പ്പടെ രംഗത്തിറക്കിയുള്ള ഭവന സന്ദര്‍ശന പരിപാടിയാണ് സിപിഐഎം ആരംഭിച്ചിരിക്കുന്നത്. ജനങ്ങളുമായുള്ള ബന്ധത്തില്‍ വലിയ അകല്‍ച്ചയുണ്ടാകുന്ന എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഈ നീക്കം.

സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിച്ചുള്ള ലഘുലേഖകള്‍ വിതരണം ചെയ്തും, കേന്ദ്രസര്‍ക്കാരിന്റെ സംസ്ഥാനവരുദ്ധ നയങ്ങള്‍ തുറന്നുകാട്ടിയുമാണ് പ്രചരണം തുടരുന്നത്. സംസ്ഥാന പദ്ധതികള്‍ അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവും സന്ദര്‍ശനത്തിന് പിന്നിലുണ്ട്. 2014, 2019, 2021 തെരഞ്ഞെടുപ്പുകളില്‍ ലഭിച്ച വോട്ടുകള്‍ താരതമ്യം ചെയ്ത് വരും തെരഞ്ഞെടുപ്പുകളില്‍ ശക്തി നിലനിര്‍ത്താനും ദൗര്‍ബല്യം മറികടക്കാനും എന്തു ചെയ്യാമെന്ന വിലയിരുത്തല്‍ സിപിഐഎം നടത്തിയിട്ടുണ്ട്.

അല്‍പം മന്ദഗതിയിലാണെങ്കിലും യുഡിഎഫും തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുടെ ജനവിരുദ്ധ പദ്ധതികളും തൊഴിലില്ലായ്മയും അടക്കം ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് ജനങ്ങള്‍ക്ക് മുന്നിലെത്തുന്നത്. സംസ്ഥാനത്തെ എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ചുമതലക്കാരെ നിയോഗിച്ചു. അവരുടെ ആദ്യഘട്ട യോഗങ്ങളും വിളിച്ച് ചേര്‍ത്തിട്ടുണ്ട്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനായി മാത്രം ഒരു ദിവസത്തെ യോഗം ചേരാനാണ് കൊച്ചിയില്‍ ചേര്‍ന്ന യുഡിഎഫ് യോഗ തീരുമാനം.

സിപിഐഎമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടിക്ക് മറുപടിയെന്നോണം വീടുകള്‍ കയറി പ്രചരണം നടത്താനാണ് ബിജെപി തീരുമാനം. കേന്ദ-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തെ താരതമ്യം ചെയ്യുന്ന പ്രോഗ്രസ് റിപ്പോര്‍ട്ടുമായാകും പ്രചാരണം. നേരത്തേ പാര്‍ട്ടി ഫണ്ട് പിരിവുമായി നവംബര്‍ 15 മുതല്‍ ഡിസംബര്‍ 25 വരെ ബിജെപി ഗൃഹസമ്പര്‍ക്ക പരിപാടി നടത്തിയിരുന്നു. കൊവിഡ് കാലത്തെ രാജ്യം അതിജീവിച്ചതും ഇന്ത്യയ്ക്ക് ലോകരാജ്യങ്ങള്‍ നല്‍കിയ അഭിനന്ദനങ്ങളും നിരത്തിയാണ് ബിജെപി പ്രചരണത്തിനിറങ്ങുന്നത്. നരേന്ദ്ര മോദി സര്‍ക്കാര്‍ കേരളത്തിന് നല്‍കിയ സാമ്പത്തിക സഹായവും വിവിധ പെന്‍ഷന്‍, ഇന്‍ഷുറന്‍സ് പദ്ധതികളും ഉയര്‍ത്തിക്കാട്ടും. ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്ന് പരമാവധി നേതാക്കളെ പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങളിലും ഭാരവാഹികളാക്കാനുള്ള ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശവും വരും തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടുതന്നെയാണ്.

Story Highlights: Lok Sabha Election Political Parties Started Active Campaigns

Next Story