'സദാചാര ഗുണ്ടായിസമല്ല, നാട്ടുകാരുടെ അവകാശമാണ്'; 'മമ്പാട് മോഡല്‍' ഭീഷണി ഫ്ലെക്സുകള്‍ ഫാറൂഖ് കോളേജ് പരിസരത്തും
28 March 2022 5:29 AM GMT
അരുണ്‍ മധുസൂദനന്

കോഴിക്കോട്: വൈകീട്ട് അഞ്ചുമണിക്ക് ശേഷം കോളേജ് പരിസരത്ത് വിദ്യാര്‍ത്ഥികളെ കണ്ടാല്‍ പൊലീസിനെ ഏല്‍പ്പിക്കുമെന്നും രക്ഷിതാക്കളെ അറിയിക്കുമെന്ന മുന്നറിയിപ്പുമായി കോഴിക്കോട് ഫാറൂഖ് കോളേജിന് മുന്നില്‍ ഫ്ലെക്സ് ബോര്‍ഡുകള്‍. ഫറൂഖ് കോളേജ് ഏരിയാ ജാഗ്രതാ സമിതി എന്ന പേരിലാണ് ഫ്ലെക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. കോളേജിന്റെ പ്രധാന ഗേറ്റിന് സമീപത്തായി മൂന്നോളം ബോര്‍ഡുകളാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. നേരത്തെ സമാന രീതിയിലുള്ള ഫ്ലെക്സ് ബോര്‍ഡുകള്‍ മലപ്പുറം മമ്പാട് എംഇഎസ് കോളേജിന് മുന്നിലും പ്രത്യക്ഷപ്പെട്ടിരുന്നു.
ചിലര്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതായും സദാചാര മര്യാദയില്ലാതെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പെരുമാറുന്നതായും അക്രമത്തില്‍ ഏര്‍പ്പെടുന്നതായും ഫ്ലെക്സ് ബോര്‍ഡുകളില്‍ ആരോപിക്കുന്നു. ഇതിനാല്‍ വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ കോളേജ് പരിസരത്ത് വിദ്യാര്‍ത്ഥികളെ കണ്ടാല്‍ രക്ഷിതാക്കളേയും പൊലീസിനേയും അറിയിക്കുമെന്നാണ് നാട്ടുകാര്‍ അറിയിക്കുന്നത്. ഇത് സദാചാര ഗുണ്ടായിസമല്ലെന്നും കുടുംബവും കുട്ടികളുമായി ജീവിക്കുന്ന നാട്ടുകാരുടെ അവകാശമാണ് എന്നും ബോര്‍ഡിലുണ്ട്.
മുമ്പും സമാന രീതിയില്‍ നാട്ടുകാരുടെ 'മുന്നറിയിപ്പുകള്‍' കോളേജ് പരിസരത്ത് പ്രത്യക്ഷപ്പെട്ടിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. രാഷ്ട്രീയ പരിപാടികള്‍ കോളേജ് ക്യാമ്പസിന് അകത്ത് നടത്താന്‍ അനുമതിയില്ലാത്ത ഫാറൂഖ് കോളേജില്‍, കഴിഞ്ഞ ദിവസം ഒരു വിദ്യാര്‍ത്ഥി സംഘടന ഗേറ്റിന് പുറത്ത് നടത്തിയ പരിപാടിയാണ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പെട്ടന്നുള്ള കാരണമായി വിദ്യാര്‍ത്ഥികള്‍ കരുതുന്നത്. സാമൂഹിക മാധ്യമങ്ങള്‍ വഴി വലിയ പ്രതിഷേധമാണ് വിദ്യാര്‍ത്ഥികള്‍ ഇതിനെതിരെ ഉയര്‍ത്തുന്നത്.
നേരത്തെ, മമ്പാട് എംഇഎസ് കോളേജ് പരിസരത്ത് നാട്ടുകാരുടെ ഭീഷണി ഫ്ലെക്സ് നാട്ടുകാര്‍ സ്ഥാപിച്ചിരുന്നു. ഫാറൂഖ് കോളേജിന് പരിസരത്തും ഫ്ലെക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടതോടെ ഇത് ഒരു ട്രെന്‍ഡ് ആണോ എന്ന ചോദ്യവുമായി വിദ്യാര്‍ത്ഥികള്‍ സാമൂഹിക മാധ്യമങ്ങളില്‍ പരിഹാസവുമായി എത്തി. കോളേജ് സമയത്തിന് ശേഷവും വിദ്യാര്‍ത്ഥികളായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരിസരത്ത് തുടരുന്നത് നാട്ടുകാര്‍ക്ക് അലോസരമുണ്ടാക്കുന്നുവെന്നാണ് പൗരസമിതിയുടെ പേരില്‍ പ്രത്യക്ഷപ്പെട്ട ഫ്ലെക്സില്‍ എഴുതിയിരുന്നത്. വൈകീട്ട് അഞ്ച് മണിക്ക് ശേഷം കോളേജ് സ്ഥിതി ചെയ്യുന്ന പ്രദേശത്ത് വിദ്യാര്‍ത്ഥികള്‍ തുടര്‍ന്നാല്‍ കൈകാര്യം ചെയ്യുമെന്നും ഭീഷണിയുണ്ടായിരുന്നു.
ഫ്ലെക്സ് ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്:
വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്, ഈ പരിസരത്ത് കോളേജ്, സ്കൂള്‍ സമയം കഴിഞ്ഞതിന് ശേഷവും ഇവിടെ തമ്പടിക്കുന്ന വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കുക. ചിലര്‍ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗം നടത്തുന്നതായും സദാചാര മര്യാദയില്ലാതെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും പെരുമാറുകയും, തമ്മില്‍ പരസ്പരം ആക്രമത്തില്‍ ഏര്‍പ്പെടുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ആയതിനാല്‍ വ്യക്തമായ കാരണങ്ങളില്ലാതെ 5 മണിക്ക് ശേഷം കോളേജ് പരിസരത്ത് കുട്ടികളെ കാണാന്‍ ഇടയായാല്‍ നാട്ടുകാര്‍ പൊലീസിന്റെ ശ്രദ്ധയില്‍ പെടുത്തുന്നതും രക്ഷിതാക്കളെ വിളിച്ച് ഏല്‍പ്പിക്കുന്നതുമാണ്.
ഇത് സദാചാര ഗുണ്ടായിസമല്ല. വളര്‍ന്നു വരുന്ന കുട്ടികളും കുടുംബവുമായി ജീവിക്കുന്ന നാട്ടുകാരുടെ അവകാശമാണ്.
ഫാറൂഖ് കോളേജ് ഏരിയ ജാഗ്രതാ സമിതി.
STORY HIGHLIGHTS: Locals puts threatening Flex in front of Farook College-Autonomous