'സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ആര്‍എസ്എസ് ശ്രമം'; ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകത്തില്‍ സിപിഐഎം
ആര്‍എസ്എസ് സൃഷ്ടിക്കുന്ന പ്രകോപനത്തില്‍ കുടുങ്ങാതെ സംസ്ഥാന വ്യാപകമായി ഹീന കൊലപാതത്തിലുള്ള ശക്തമായ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരാന്‍ മുഴുവനാളുകളും തയ്യാറാവണം
2 Dec 2021 4:53 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: തിരുവല്ലയില്‍ സിപിഐ എം ലോക്കല്‍ സെക്രട്ടറി സന്ദീപിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായി പ്രതിഷേധിച്ചു. നാടിനെ നടുക്കിയ കൊലപാതകമാണ് നടന്നിട്ടുള്ളത്. ആര്‍എസ്എസിന്റെ കൊലക്കത്തിക്കിരയായി സിപിഐ എം പ്രവര്‍ത്തകര്‍ നിരന്തരം രക്തസാക്ഷികളാവുകയാണ്. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ആര്‍എസ്എസ് ശ്രമം.
സിപിഐ എമ്മിന്റെ കേഡര്‍മാരെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിത നീക്കം കൊലപാതകത്തിന് പിന്നിലുണ്ട്. സംഭവത്തിനു പിന്നിലുള്ള ഗൂഢാലോചന പുറത്തുകൊണ്ടുവരണം. ആര്‍എസ്എസ് സൃഷ്ടിക്കുന്ന പ്രകോപനത്തില്‍ കുടുങ്ങാതെ സംസ്ഥാന വ്യാപകമായി ഹീന കൊലപാതത്തിലുള്ള ശക്തമായ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരാന്‍ മുഴുവനാളുകളും തയ്യാറാവണം. സമഗ്രമായ അന്വേഷണം നടത്തി മുഴുവന്‍ പ്രതികളെയും പിടികൂടി അര്‍ഹമായ ശിക്ഷ ഉറപ്പുവരുത്തണമെന്നും സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ സന്ദീപിനെ കൊലപ്പെടുത്തിയത് വിദഗ്ദ്ധരായ ആര്‍എസ്എസ് കൊലയാളി സംഘമെന്ന് സിപിഐഎം പ്രാദേശിക നേതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. ആര്‍എസ്എസ് പ്രാദേശിക നേതാക്കളാണ് കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തെന്നും ആരോപമുണമുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
കൊലയാളി സംഘത്തില്‍ അഞ്ച് പേരുണ്ടായിരുന്നുവെന്നും സൂചനയുണ്ട്. ഇക്കാര്യത്തില്‍ പൊലീസ് സ്ഥിരീകരണം പുറത്തുവരാനുണ്ട്. അതേസമയം കൊലപാതകത്തിന് പിന്നില്‍ ആര്‍എസ്എസാണെന്ന് സിപിഐഎം എംഎല്‍എ കെ.യു ജനീഷ് കുമാര്‍ പറഞ്ഞു. പ്രദേശത്ത് മനപൂര്‍വ്വം സംഘര്‍മുണ്ടാക്കി ആര്‍എസ്എസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും എംഎല്‍എ പറഞ്ഞു.
രാത്രി 8 മണിയോടെ മേപ്രാലില്‍ വെച്ചാണ് അതിക്രൂരമായ കൊലപാതകം നടന്നത്. ബൈക്കില്‍ വരികയായിരുന്ന സന്ദീപിനെ അഞ്ചംഗ സംഘം തടഞ്ഞുനിര്‍ത്തി സംസാരിക്കനെന്ന് വ്യാജേനെ വിളിച്ചു കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം, പുറത്തും നെഞ്ചിലും ഉള്‍പ്പെടെ കുത്തേറ്റിട്ടുണ്ട്. പ്രതികളുടെ വാഹനങ്ങള്‍ സംഭവ സ്ഥലത്തുണ്ടെന്നും വിവരമുണ്ട്. അക്രമികളില്‍ നിന്ന് രക്ഷപ്പെടാന്‍ സന്ദീപ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പുറത്ത് നിരവധി തവണ കുത്തി.
അടുത്തിടെ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്റെ നേതൃത്വത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്നും റിപ്പോര്‍്ട്ടുകളുണ്ട്. മുന്‍ ഗ്രാമ പഞ്ചായത്തംഗമാണ് കൊല്ലപ്പെട്ട പി.ബി. സന്ദീപ് കുമാര്‍.