പാറക്കല്ല് മരത്തില്‍ തട്ടിനിന്നു, മലവെള്ളപ്പാച്ചില്‍ വഴിമാറി; ഞെട്ടല്‍ മാറാതെ സലീമിന്റെ കുടുംബം
സോമന്റെ വീടിരുന്ന ഭാഗത്തേക്ക് ടോര്‍ച്ച് തെളിയിച്ച് നോക്കിയപ്പോള്‍ ഒരു മണ്‍കൂനയാണ് കണ്ടതെന്ന് സലീം
30 Aug 2022 2:53 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇടുക്കി: വീടിന് പിന്നിലേക്ക് കുതിച്ചെത്തിയ പാറക്കല്ല് മരത്തില്‍ തട്ടി നിന്നതും ഉരുള്‍ ഗതി മാറി ഒഴുകിയതും തുണയായതിന്റെ ആശ്വാസത്തിലാണ് സലീമിന്റെ കുടുംബം. ഇന്നലെ പുലര്‍ച്ചെ തൊടുപുഴ കുടയത്തൂരിലുണ്ടായ ഉരുള്‍പൊട്ടലില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതില്‍ ആശ്വാസമുണ്ടെങ്കിലും, കണ്മുന്നില് തൊട്ടടുത്ത വീട്ടുകാര്‍ക്ക് സംഭവിച്ച ദുരന്തത്തിന്റെ ഞെട്ടലില്‍ നിന്നും ഇവര്‍ പുറത്തുവന്നിട്ടില്ല. ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായ സോമന്റെ വീടിന്റെ തൊട്ടടുത്താണ് സലീമിന്റെ വീട്.
സോമന് അടക്കം കുടുംബത്തിലെ അഞ്ച് പേര്‍ക്കായിരുന്നു ഉരുള്‍പൊട്ടലില്‍ ജീവന് നഷ്ടപ്പെട്ടത്. രാത്രി പ്രദേശത്ത് ശക്തമായ മഴയായിരുന്നു. വൈദ്യുതി ഉണ്ടായിരുന്നില്ല. പുലര്‍ച്ചെ ഒരു മണിയോടെ ഉണര്‍ന്നു, പേടിപ്പെടുത്തുന്ന മഴ കണ്ട് പിന്നീട് ഉറങ്ങാനായില്ലെന്ന് സലീം പറയുന്നു. രണ്ട് മണിയോടെയാണ് ഭുമി കുലുങ്ങി മറിയുന്നത് പോലെ വലിയ ശബ്ദം കേട്ടത്. വെടിമരുന്നിന്റെ ഗന്ധവുമുണ്ടായിരുന്നു. വീടിന് പിന്നിലെ മരങ്ങള്‍ ഒടിഞ്ഞ് വീഴാന്‍ തുടങ്ങി. ഉടന്‍ സലീം വീട്ടുകാരെ ഉണര്‍ത്തി സമീപത്തെ മറ്റൊരു വീട്ടില്‍ കൊണ്ടു ചെന്നാക്കി.
ഭാര്യ ഷാജിദ, അമ്മ പരീതുമ്മ, മക്കളായ ആഷ്ന, ആഷ്മി, ആഷിന് എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ഉരുള്‍ ഗതിമാറി ഒഴുകിയെങ്കിലും വലി പാറക്കല്ലുകളും മരങ്ങളും വീടിന്റെ പിന്നില്‍ വന്നിടിച്ചു. വീടിന്റെ ശുചിമുറിയും, താല്‍ക്കാലിക ഷെഡും, അടുക്കളയുടെ മേല്‍ക്കൂരയും പൂര്‍ണമായി തകര്‍ന്നു. ഉരുള്‍പൊട്ടലാണെന്ന് ആദ്യം മനസിലായില്ല. തിരിച്ചെത്തിയ താന്‍ സോമന്റെ വീടിരുന്ന ഭാഗത്തേക്ക് ടോര്‍ച്ച് തെളിയിച്ച് നോക്കിയപ്പോള്‍ ഒരു മണ്‍കൂനയാണ് കണ്ടതെന്ന് സലീം പറയുന്നു.
Story Highlights: Local Resident Says About Kudayathoor Landslide
- TAGS:
- Kudayathoor
- Landslide