Top

'എന്തൊക്കെയോ ചെയ്തുകളയും എന്നാണ് കരുതുന്നത്'; എസ്ഡിപിഐക്കെതിരെ മുഖ്യമന്ത്രി, ലീഗിനും വിമർശനം

'ബിജെപിയെ നേരിടാന്‍ പ്രാദേശിക പാർട്ടികളെ ഉയർത്തിക്കൊണ്ടുവരികയാണ് ചെയ്യേണ്ടത്'

25 Dec 2021 3:14 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്തൊക്കെയോ ചെയ്തുകളയും എന്നാണ് കരുതുന്നത്; എസ്ഡിപിഐക്കെതിരെ മുഖ്യമന്ത്രി, ലീഗിനും വിമർശനം
X

എസ്ഡിപിഐയും ആർഎസ്എസും പരസ്പരം വളമാകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തെ മത ന്യൂനപക്ഷങ്ങൾക്ക് സുരക്ഷിതത്വം നഷ്ടപ്പെട്ടിരിക്കുന്ന കാലഘട്ടമാണ്. ഇതിനിടെ സംഘപരിവാറിനെ നേരിടാൻ അവർ മതിയെന്നാണ് ന്യൂനപക്ഷ വിഭാഗത്തിലെ ചില തീവ്രവാദിവിഭാഗങ്ങള്‍ കരുതുന്നത്. എന്തൊക്കെയോ ചെയ്തു കളയും എന്നാണ് എസ്ഡിപിഐ കരുതുന്നത്. വലിയ രീതിയിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. പാറപ്രത്ത് സിപിഐഎം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെ ആയിരുന്നു മുഖ്യമന്ത്രിയുടെ എസ്ഡിപിഐ വിമർശനം.

എന്നാല്‍ ബിജെപിയെ നേരിടാന്‍ പ്രാദേശിക പാർട്ടികളെ ഉയർത്തിക്കൊണ്ടുവരികയാണ് ചെയ്യേണ്ടത്. ആ നീക്കത്തിനൊപ്പം കമ്യൂണിസ്റ്റ് പാർട്ടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിൽ ചേരാനിരിക്കുന്ന പാർട്ടി കോൺഗ്രസ് ഇക്കാര്യങ്ങള്‍ ചർച്ചചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വഖഫ് വിഷയത്തിൽ ഉള്‍പ്പടെ സമൂഹത്തിൽ വർഗ്ഗീയ നിറം പകർത്താനാണ് മുസ്ലിംലീഗ് ശ്രമിക്കുന്നത്. എൽഡിഎഫ് സർക്കാരിന്റെ കീഴിൽ മുസ്ലിംങ്ങള്‍ക്ക് രക്ഷയില്ല എന്ന് വരുത്തിത്തീർക്കാൻ നോക്കി. ലീഗിന്റെ സമ്മേളനത്തിലെ ആൾക്കൂട്ടം സ്വയമുണ്ടായതെന്നാണെന്നായിരുന്നു പ്രചാരണം. മുസ്ലിംമിന്റെ വികാരം പ്രകടിപ്പിക്കാനെന്നു പറഞ്ഞ് വിളിച്ച മുദ്രവാക്യങ്ങള്‍ എല്ലാവരും കേട്ടതല്ലേ, തന്റെ പിതാവിനെ പോലും അതിലേക്ക് വലിച്ചിട്ടു. വഖഫ് വിഷയത്തിൽ സർക്കാരിന് പിടിവാശിയില്ലെന്നതാണ് വാസ്തവം. അതുകൊണ്ടാണ് ചർച്ച ചെയ്യാമെന്ന് തീരുമാനിച്ചത്. സമസ്തയിലെ രണ്ട് വിഭാഗവും മുജാഹിദിലെ ഒരു വിഭാഗവും ഇതിനെ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ലീഗിന് മാത്രം ഇത് അംഗീകരിക്കാനാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെ വികസത്തിനെതിരെയാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കെ റെയിൽ പദ്ധതിയുടെ എതിർപ്പിന്റെ അടിസ്ഥാനം എന്താണ്. ഇപ്പോള്‍ വേണ്ട എന്നാണ് അവർ പറയുന്നത്. എന്നാല്‍ പിന്നെ എപ്പോഴെന്നതാണ് ചോദ്യം. നിങ്ങള്‍ ഉള്ളപ്പോൾ വേണ്ട എന്നു മാത്രമാണ് യുഡിഎഫ് പറയുന്നത്. എതിർപ്പ് ഉണ്ടെന്നു കരുതി കെ റെയിലിൽ നിന്ന് പിന്മാറില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Next Story

Popular Stories