വീട്ടില്‍ ഒളിപ്പിച്ച നാടന്‍ തോക്കും തിരകളും പിടികൂടി; എടക്കരയില്‍ യുവാവ് ഒളിവില്‍
സൂഫിയാന്റെ വീട്ടിലെ കിടപ്പുമുറിയിലെ കാട്ടിലിനടിയില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ ആയിരുന്നു തോക്കും തിരകളും
24 Nov 2021 1:20 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മലപ്പുറം നിലമ്പൂര്‍ എടക്കരയില്‍ നാടന്‍ തോക്കും തിരകളും പിടികൂടി. എടക്കര ബാലംകുളം സ്വദേശി സുഫിയാന്റെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് നാടന്‍ തോക്കും 11 തിരകളും പിടികൂടിയത്. സംഭവത്തില്‍ പ്രതിയെന്ന് കരുതുന്ന സൂഫിയാന് ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്
സൂഫിയാന്റെ വീട്ടിലെ കിടപ്പുമുറിയിലെ കാട്ടിലിനടിയില്‍ ഒളിപ്പിച്ചുവെച്ച നിലയില്‍ ആയിരുന്നു തോക്കും തിരകളും കണ്ടെത്തിയത്. മലയോര മേഖലയില്‍ മൃഗ നായാട്ട് സജീവമായിട്ടുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എടക്കര പൊലീസിന്റെ പരിശോധന. കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു തോക്കും തിരകളും. തിര നിറച്ച നിലയിലായിരുന്നു തോക്ക്. വീട്ടില്‍ പരിശോധന നടക്കുന്നതറിഞ്ഞ സുഫിയാന് ഒളിവിലാണ്. ഇയാള്‍ നായാട്ടുസംഘത്തിലെ സജീവ സാന്നിധ്യമാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി. തോക്ക് വിദഗ്ധ പരിശോധനക്കായി ഫോറന്‍സിക് ലാബിലേക്കയക്കും.
മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയാണ് എടക്കരയും പരിസരങ്ങളും. ഈ മേഖലയില്‍ അനധികൃതമായി കൈവശം വെക്കുന്ന തോക്കുകള്‍ മാവോയിസ്റ്റുകളുടെ കൈവശം എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന വിലയിരുത്തലാണ് പൊലീസിനുള്ളത്. അതിനാല്‍ വരും നാളുകളിലും പരിശോധന ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം. മലയോര മേഖലയില്‍ മൃഗ നായാട്ട് സജീവമായതായി മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നിലമ്പൂര്‍ ഡിവൈഎസ്പി സാജു. കെ അബ്രഹാമിന്റെ കീഴില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.
- TAGS:
- Gun
- Malappuram
- Kerala