തദ്ദേശ ഉപതെരഞ്ഞെടുപ്പ്: ഏറ്റവും കുറവ് പോളിങ്ങ് കൊച്ചിയില്‍; തൃപ്പൂണിത്തുറ ഇളമനത്തോപ്പില്‍ വോട്ട് ചെയ്തത് 88.24 ശതമാനം പേര്
കൊച്ചി കോര്‍പ്പറേഷനില്‍ ഒഴികെ മറ്റിടങ്ങളിലെല്ലാം 80 ശതമാനത്തിലധികമായിരുന്നു പോളിംഗ്
17 May 2022 4:58 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് പോളിംഗ് പൂര്‍ത്തിയായി. കൊച്ചി കോര്പ്പറേഷന്, തൃപ്പൂണിത്തുറ നഗരസഭ, കുന്നത്തുനാട്, വാരപ്പെട്ടി, നെടുമ്പാശ്ശേരി പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ ആറ് വാര്‍ഡുകളില്‍ ആയിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. കൊച്ചി കോര്‍പ്പറേഷനില്‍ ഒഴികെ മറ്റിടങ്ങളിലെല്ലാം 80 ശതമാനത്തിലധികമായിരുന്നു പോളിംഗ്.
കൊച്ചി കോര്‍പ്പറേഷനിലെ 62ാം (എറണാകുളം സൗത്ത്) വാര്‍ഡിലായിരുന്നു ഏറ്റവും കുറവ് പേര് വോട്ട് ചെയ്തത്. ഇവിടെ 47.6 ശതമാനം പേര് മാത്രമായിരുന്നു സമ്മതിദാന അവകാശം വിനിയോഗിച്ചത്. തൃപ്പൂണിത്തുറ നഗരസഭയിലെ 11ാം വാര്‍ഡില്‍ (ഇളമനത്തോപ്പ്) 88.24 ശതമാനം പേരും 46ാം വാര്‍ഡില്‍ (പിഷാരികോവില്‍) 84.24 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി.
കുന്നത്തുനാട് ഗ്രാമപഞ്ചായത്തിലെ 11ാംവാര്‍ഡായ വെമ്പിള്ളിയില്‍ 86.15 ശതമാനം, വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ് മൈലൂരില്‍ 85.74 ശതമാനം, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ 17 ാം വാര്‍ഡായ അത്താണി ടൗണില്‍ 83.78 ശതമാനം എന്നിങ്ങനെയാണ് പോളിംഗ് നടന്നത്.
വോട്ടെണ്ണല്‍ ബുധനാഴ്ച (മെയ് 18) അതാത് പഞ്ചായത്ത്, നഗരസഭ ഓഫീസുകളില്‍ നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
നിയമസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തില്‍ ഉള്‍പ്പെടുന്നതാണ് കൊച്ചി കോര്‍പ്പറേഷനിലെ 62ാം വാര്‍ഡ്. ഇവിടെ ബിജെപി അംഗം മിനി ആര് മേനോന്റെ മരണത്തെത്തുടര്‍ന്നുള്ള ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി അനിത വാര്യര്‍, ബിജെപി സ്ഥാനാര്‍ത്ഥി പത്മജ എസ് മേനോന്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അശ്വതി എസ് എന്നിവരാണ് ജനവിധി തേടിയത്.
STORY HIGHLIGHTS: Local Body Election polling percentage in Kochi corporation, Thripuunithura Muncipality, Kunnathunad, Varappetti Nedumbassery Panchayaths