Top

'നിയമസഭയിലേക്ക് ബിജെപി കോണ്‍ഗ്രസിന് വോട്ട് ചെയ്യും, നഗരസഭയിലേക്ക് തിരിച്ചും''; ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ എം സ്വരാജ്

കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ വരുമ്പോള്‍ വലിയ മുന്നേറ്റമാണ് എല്‍ഡിഎഫിന് നേടാന്‍ കഴിഞ്ഞത്. അത് തൃക്കാക്കരയിലും പ്രതിഫലിക്കുമെന്നും എം സ്വരാജ് കൂട്ടിചേര്‍ത്തു

18 May 2022 7:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിയമസഭയിലേക്ക് ബിജെപി കോണ്‍ഗ്രസിന് വോട്ട് ചെയ്യും, നഗരസഭയിലേക്ക് തിരിച്ചും; ഉപതെരഞ്ഞെടുപ്പ് ഫലത്തില്‍ എം സ്വരാജ്
X

കൊച്ചി: തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയിലെ ബിജെപി വിജയം കോണ്‍ഗ്രസുകാര്‍ കൂട്ടമായി വോട്ട് ചെയ്തത് കൊണ്ടാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ്. തൃപ്പൂണിത്തുറയില്‍ കാലങ്ങളായി ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഒരു സഖ്യം നിലനില്‍ക്കുന്നുണ്ട്. നിയമസഭയിലേക്ക് ബിജെപിക്കാര്‍ കോണ്‍ഗ്രസിലേക്ക് വോട്ട് ചെയ്യുകയും പകരം നഗരസഭയിലേക്ക് ബിജെപിക്ക് കോണ്‍ഗ്രസുകാര്‍ വോട്ട് ചെയ്യുകയും ചെയ്യുന്നതാണ് ആ സഖ്യമെന്നും എം സ്വരാജ് പറഞ്ഞു.

'എറണാകുളത്തെ ഫലം പുറമേ നിന്ന് നോക്കുമ്പോള്‍ കാര്യങ്ങള്‍ മനസ്സിലാവില്ല. രണ്ട് സീറ്റ് ബിജെപി ജയിച്ചത് തൃപ്പൂണിത്തുറയിലാണ് അവിടെ കുറേ കാലമായി ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ഒരു സഖ്യ ധാരണയുണ്ട്. നിയമസഭയിലേക്ക് ബിജെപിക്കാര്‍ കോണ്‍ഗ്രസിലേക്ക് വോട്ട് ചെയ്യും നഗരസഭയിലേക്ക് ബിജെപിക്ക് കോണ്‍ഗ്രസുകാര്‍ വോട്ട് ചെയ്യും. അങ്ങനെയൊരു സഖ്യമുണ്ട്. തൃപ്പൂണിത്തുറ നഗരസഭയില്‍ കോണ്‍ഗ്രസാണ് വിജയിച്ചത്. പക്ഷെ നഗരസഭയിലെ ആകെ 49 കൗണ്‍സിലര്‍മാരുണ്ട്. കോണ്‍ഗ്രസിന് 8 പേരാണ്. ബിജെപിക്ക് 15 ഉം. നിയമസഭയിലേക്കോ പാര്‍ലമെന്റിലേക്കോ ഉള്ള വോട്ടിംഗ് നിലയല്ല അവിടെ നഗരസഭയില്‍ വന്നത്. നഗരസഭയില്‍ ബിജെപിക്ക് കോണ്‍ഗ്രസുമാര്‍ കൂട്ടമായി വോട്ട് ചെയ്യും. അത് കാലങ്ങളായി നിലനില്‍ക്കുന്നതാണ്. ബിജെപിക്ക് കൂടിയത് കോണ്‍ഗ്രസില്‍ നിന്നും പോയത്. തൃപ്പൂണിത്തുറയില്‍ നിലനില്‍ക്കുന്നത് പ്രത്യേകം സഖ്യമാണ്.' സ്വരാജ് പറഞ്ഞു.

കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ വരുമ്പോള്‍ വലിയ മുന്നേറ്റമാണ് എല്‍ഡിഎഫിന് നേടാന്‍ കഴിഞ്ഞത്. അത് തൃക്കാക്കരയിലും പ്രതിഫലിക്കുമെന്നും എം സ്വരാജ് കൂട്ടിചേര്‍ത്തു.

തൃപ്പൂണിത്തുറയില്‍ എല്‍ഡിഎഫിന്റെ രണ്ട് സീറ്റുമാണ് ബിജെപി പിടിച്ചെടുത്തത്. നഗരസഭയിലെ 11ാം ഡിവിഷനായ ഇളമനത്തോപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചു. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷനായ സിപിഐഎമ്മിലെ കെടി സൈഗാള്‍ അന്തരിച്ച ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. 46ാം ഡിവിഷനായ പിഷാരി കോവിലില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി രതി ബിജുവാണ് വിജയിച്ചത്. എല്‍ഡിഎഫ് അംഗം രാജമ്മ മോഹന്‍ അന്തരിച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

Next Story