തദ്ദേശ ഉപതെരഞ്ഞെടുപ്പ്; പിറവം നിലനിര്‍ത്തി എല്‍ഡിഎഫ്
അജേഷ് മനോഹര്‍ 20 വോട്ടിനാണ് വിജയം ഉറപ്പിച്ചത്.
8 Dec 2021 5:32 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംസ്ഥാനത്തെ തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പിറവം നഗരസഭാ ഭരണം നിലനിര്‍ത്തി എല്‍ഡിഎഫ്. ഇടപ്പളളിച്ചിറ ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ഡോ. അജേഷ് മനോഹര്‍ 20 വോട്ടിനാണ് വിജയം ഉറപ്പിച്ചത്.
യുഡിഎഫ് സ്ഥാനാര്‍ഥി അരുണ്‍ കല്ലറക്കലിനെയും ബിജെപി സ്ഥാനാര്‍ഥി പി സി വിനോദിനെയും പിന്തള്ളിക്കൊണ്ടാണ് എല്‍ഡിഎഫ് പിറവം നഗരസഭാ ഭരണം നിലനിര്‍ത്തിയത്. എല്‍ഡിഎഫ് സ്വതന്ത്ര കൗണ്‍സിലര്‍ ജോര്‍ജ് നാരേക്കാടിന്റെ മരണത്തോടെയാണ് പിറവത്ത് ഉപതെരഞ്ഞെടുപ്പ് നടന്നത്.
27 ഡിവിഷനുളള നഗരസഭയില്‍ എല്‍ഡിഎഫ്- 14, യുഡിഎഫ്- 13 എന്നിങ്ങനെയാണ് കക്ഷി നില.
ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലാ പഞ്ചായത്തുകളിലെ മൂന്ന് ഡിവിഷനുകള്‍, തിരുവനന്തപുരം, കൊച്ചി കോര്‍പറേഷനുകളിലെ ഓരോ ഡിവിഷനുകളിലും വിവിധ ബ്ലോക്ക് പഞ്ചായത്തുകളിലെ നാലു ഡിവിഷനുകളിലുമാണ് ഇന്ന് വോട്ടെണ്ണല്‍ നടക്കുന്നത്. സംസ്ഥാനത്തെ 32 തദ്ദേശ വാര്‍ഡുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.