Top

കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം; തോക്ക് ലൈസന്‍സ് ഉള്ളവര്‍ക്കും പൊലീസുകാര്‍ക്കും അനുമതി നല്‍കാം

നിലവിലെ വ്യവസ്ഥ കാട്ടുപന്നി ശല്യം തടയാൻ അപര്യാപ്തമായ സാഹചര്യത്തിലാണ് ഈ നീക്കം

25 May 2022 8:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം; തോക്ക് ലൈസന്‍സ് ഉള്ളവര്‍ക്കും പൊലീസുകാര്‍ക്കും അനുമതി നല്‍കാം
X

തിരുവനന്തപുരം: കാട്ടുപന്നികളെ വെടിവെക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്കു നൽകാനുള്ള ശുപാർശ മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കും. പഞ്ചായത്തി രാജ് നിയമത്തിലെ വകുപ്പുകൾ അനുസരിച്ചാകും പഞ്ചായത്ത് അധികൃതർക്ക് കാട്ടുപന്നികളെ വെടിവെക്കാനുള്ള അധികാരം നൽകുക. തോക്കിന് ലൈസന്‍സ് ഉള്ളവര്‍ക്കും പൊലീസുകാര്‍ക്കും പന്നിയെ വെടിവച്ചു കൊല്ലാന്‍ അനുമതി നല്‍കാം. നിലവിലെ വ്യവസ്ഥ കാട്ടുപന്നി ശല്യം തടയാൻ അപര്യാപ്തമായ സാഹചര്യത്തിലാണ് ഈ നീക്കം. ചീഫ് വൈൽഡ് ലൈഫ് വാർഡിനുള്ള അധികാരമാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകാൻ സർക്കാർ ഒരുങ്ങുന്നത്.

കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലാനുളള വ്യവസ്ഥകള്‍ ഉദാരമാക്കിയിട്ടും സംസ്ഥാനത്തെ മലയോര മേഖലകളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണ്. ശല്യം കൂടുതലുളള പ്രദേശങ്ങളില്‍ ഇവയെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് കൊന്നൊടുക്കാനുളള അനുമതി തേടി സംസ്ഥാനം നല്‍കിയ അപേക്ഷയില്‍ കേന്ദ്രം ഇത് വരെ തീരുമാനം എടുത്തിട്ടില്ല. കാട്ടുപന്നി ശല്യം രൂക്ഷമായ പല മേഖലകളിലും കൃഷി നിലച്ച മട്ടാണ്.

പന്നിയെ വെടിവച്ചു കൊന്ന ശേഷം ശാസ്ത്രീയമായി സംസ്‌കരിക്കണമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. പന്നികളെ കുരുക്കിട്ടു പിടിക്കുന്നതിനും അനുമതിയുണ്ട്. വിഷപ്രയോഗം, ഷോക്കടിപ്പിക്കല്‍ എന്നിവ പാടില്ലെന്ന് മന്ത്രി പറഞ്ഞു.

വന്യജീവി സംരക്ഷണ നിയമത്തിന്‍റെ ഷെഡ്യൂള്‍ മൂന്നില്‍പെടുന്ന ജീവിയാണ് കാട്ടുപന്നി. എന്നാല്‍ വനങ്ങളിലെന്നതുപോലെ ജനവാസ മേഖലകളിലും ഈ വന്യജീവി പെറ്റു പെരുകുന്നു. അതിനാല്‍ തന്നെ കേരളത്തില്‍ കാട്ടുപന്നികള്‍ എത്രത്തോളമെന്നോ എവിടെയെല്ലാമെന്നോ ആര്‍ക്കും വ്യക്തതയില്ല. എങ്കിലും ഏറ്റവുമധികം കൃഷിനാശമുണ്ടാക്കുന്ന ജീവികളലൊന്ന് ഇവയാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല.

ഇതു പരിഗണിച്ച് കൃഷിയിടങ്ങളിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ച് കൊല്ലാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതും പിന്നീട് വ്യവസ്ഥകള്‍ ലളിതമാക്കിയതും. ഇവയുടെ എണ്ണം വച്ചുനോക്കുമ്പോള്‍ ശല്യം കൂടുതലുളള മേഖലകളില്‍ നിയന്ത്രിതമായി കൊന്നൊടുക്കകയാണ് വേണ്ടതെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വന്യ ജീവി ബോര്‍ഡിന് അപേക്ഷ നല്‍കി മാസങ്ങളായിട്ടും തീരുമാനം വന്നിട്ടില്ല. ഇക്കാര്യത്തില്‍ അനുകൂല തീരുമാനം വരാത്ത പക്ഷം മലയോര മേഖലകളിലെ കൃഷിമാത്രമല്ല ജനങ്ങളുടെ സ്വൈര്യജീവിതം തന്നെ പ്രതിസന്ധിയിലാകുമെന്ന നിലയിലാണ് കാര്യങ്ങള്‍.

STORY HIGHLIGHTS: Local authorities have the power to shoot wild boar In Kerala

Next Story