Top

എല്‍ജെഡി പ്രശ്‌ന പരിഹാരത്തിലേക്ക്; വിമത നേതാക്കള്‍ അയഞ്ഞേക്കും

ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറാണെന്ന് വിമത നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചു.

14 Dec 2021 7:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എല്‍ജെഡി പ്രശ്‌ന പരിഹാരത്തിലേക്ക്; വിമത നേതാക്കള്‍ അയഞ്ഞേക്കും
X

പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി ലോക് താന്ത്രിക് ജനതാദള്‍ നേതാവ് വര്‍ഗീസ് ജോര്‍ജ്. വിമതര്‍ക്കെതിരെ തുടര്‍നടപടിയുണ്ടാകില്ലെന്ന ഉറപ്പ് നല്‍കിയതായും വര്‍ഗീസ് ജോര്‍ജ് വ്യക്തമാക്കി. ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍ വിട്ടുവീഴ്ച്ചക്ക് തയ്യാറാണെന്ന് വിമത നേതാക്കള്‍ നേതൃത്വത്തെ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് ഡല്‍ഹിയില്‍ നിന്നും തിരികെ എത്തുന്നതോടെ ഔപചാരിക ചര്‍ച്ചകള്‍ക്കും തുടക്കമാകും.

കഴിഞ്ഞ നാലാം തിയ്യതി തൃശൂരില്‍ നടന്ന യോഗത്തിനിടെയാണ് എല്‍ജെഡിയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ സമവായത്തിലെത്താന്‍ സാധിച്ചത്. വിമതനേതാവ് സുരേന്ദ്രന്‍ പിള്ളയും സംസ്ഥാന പ്രസിഡണ്ട് ശ്രേയാംസ് കൂമാറും കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് പ്രശ്‌നങ്ങളില്‍ പരിഹാരമായത്. സുരേന്ദ്രന്‍ പിള്ളയെ സസ്‌പെന്റ് ചെയ്തതടക്കമുള്ള നടപടികള്‍ പുനരാലോചിക്കും.

പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്നും എംവി ശ്രേയാംസ് കൂമാര്‍ മാറിനില്‍ക്കണമെന്ന കടുത്ത നിലപാടില്‍ നിന്നും വിമത വിഭാഗം പിന്നോട്ടു പോയതായാണ് വിവരം. ഇതോടെ വിമതര്‍ ഉന്നയിച്ച മറ്റ് ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്നാണ് ഔദ്യോഗിക വിഭാഗം നല്‍കുന്ന ഉറപ്പ്. ഡല്‍ഹിയിലുള്ള ശ്രേയാംസ് കുമാര്‍ രണ്ട് ദിവസത്തിനകം മടങ്ങിവരും. ഇതിന് ശേഷമാകും ഓദ്യാഗിക ചര്‍ച്ചകള്‍.

അതേസമയം സിപിഐഎം സ്വീകരിച്ച കടുത്ത നിലപാടിനെ തുടര്‍ന്നാണ് പ്രശ്‌ന പരിഹാരം സാധ്യമായതെന്നാണ് വിവരം. വിമത വിഭാഗം ജെഡിയുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും പുരോഗതി ഉണ്ടാകാതിരുന്നതും ഇതിനെ തുടര്‍ന്നാണ്. ജനതാദളിലെ എല്ലാ വിഭാഗവും ഒരുമിച്ച് പോകണമെന്ന സന്ദേശമാണ് സിപിഐഎം നല്‍കിയിട്ടുള്ളത്.

Next Story